തിയേറ്ററിലെത്തി ആഴ്ചകൾക്കുള്ളിൽ ഒടിടിയിലേക്ക് ‘രൺബലി’; വിജയ്-രശ്മിക ചിത്രം നവംബർ 13 മുതൽ നെറ്റ്ഫ്ലിക്സിൽ
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘രൺബലി’

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘രൺബലി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഏതാനും ആഴ്ചകൾക്കുള്ളിലാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിലേക്ക് എത്തുന്നത്. നവംബർ 13 മുതൽ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒടിടിയിൽ ലഭ്യമാകുക. തിയേറ്ററുകളിൽ ചിത്രം കാണാൻ കഴിയാത്തവർക്കും ഇനി വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാം. രാഹുൽ സാങ്കൃത്യായൻ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 16നാണ് തിയേറ്ററുകളിലെത്തിയത്.
നിരവധി ഇന്ത്യക്കാരുടെ ജീവനെടുത്ത കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടുന്ന കഥാപാത്രത്തെയാണ് വിജയ് ദേവരകൊണ്ട അവതരിപ്പിക്കുന്നത്.അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘രൺബലി’. നേരത്തെ ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെ ഇരുവരുടെയും ജോഡി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘രൺബലി’ക്കുണ്ട്. ഫെബ്രുവരി 26ന് ഉദയ്പൂരിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ സീസൺ 9ലും താരദമ്പതികൾ ഒന്നിച്ചെത്തിയിരുന്നു.
ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ദ മമ്മി’ സിനിമാ പരമ്പരയിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം, ‘രൺബലി’യിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സർ തിയഡോർ ഹെക്ടറിനെയാണ് അവതരിപ്പിക്കുന്നത്.
സംവിധായകൻ രാഹുൽ സാങ്കൃത്യായനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 2018ൽ പുറത്തിറങ്ങിയ ‘ടാക്സിവാല’യാണ് ഇരുവരും നേരത്തെ ഒന്നിച്ച ചിത്രം. മൈത്രി മൂവി മേക്കേഴ്സാണ് ‘രൺബലി’ നിർമിച്ചിരിക്കുന്നത്. അജയ്-അതുലാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ബോക്സ് ഓഫീസിൽ എത്ര നേടി ‘രൺബലി’?
ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ ഏകദേശം 80.79 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 58.95 കോടി രൂപയുടെ നെറ്റ് കളക്ഷനും 68.44 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.തിയേറ്റർ പ്രദർശനത്തിന് പിന്നാലെ ഒടിടിയിലേക്ക് എത്തുന്ന ‘രൺബലി’യുടെ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ആരാധകർ.
Adjust Story Font
16

