'എഐ ഇതിലും നന്നായി ചെയ്യും': രാജ്കുമാര്‍ റാവുവിന്റെ 'ദാദ' പോരാ എന്ന് കമന്റുകള്‍, ആദ്യ പോസ്റ്ററിന് സംഭവിക്കുന്നത്...
ലോർഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ വെച്ച് ജേഴ്സി ഊരി വീശിയ ഗാംഗുലിയുടെ ആ ചരിത്ര നിമിഷമാണ് പോസ്റ്ററിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്.

- Published:
8 July 2026 4:07 PM IST

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിത കഥ പറയുന്ന 'ദാദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. രാജ്കുമാർ റാവു സൗരവ് ഗാംഗുലിയായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ, ഗാംഗുലിയുടെ 54-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
2002ലെ വിഖ്യാതമായ നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ലോർഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ വെച്ച് ജേഴ്സി ഊരി വീശിയ ഗാംഗുലിയുടെ ആ ചരിത്ര നിമിഷമാണ് പോസ്റ്ററിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പോസ്റ്ററിന് പിന്തുണയുമായി എത്തിയെങ്കിലും, വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ ഫസ്റ്റ് ലുക്കിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയാണ്.
സൗരവ് ഗാംഗുലിയുടെ പോരാട്ടവീര്യം പ്രകടമാകുന്ന ഭാവങ്ങളോ പ്രകടനങ്ങളോ ഒന്നും പോസ്റ്ററിൽ കൊണ്ടുവരാൻ രാജ്കുമാർ റാവുവിന് സാധിച്ചിട്ടില്ലെന്നാണ് ആരാധകരുടെ പ്രധാന വിമർശനം. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത ട്രോളുകളും വിമർശനങ്ങളുമാണ് ഇൻസ്റ്റഗ്രാമിലും എക്സിലും നിറയുന്നത്. "ഇത് ചാറ്റ് ജിപിടി ഉണ്ടാക്കിയതാണോ?" എന്ന് ഒരു ഉപയോക്താവ് ചോദിച്ചപ്പോൾ, "ഇതിലും നല്ല പോസ്റ്ററുകൾ ഫാൻസ് ഉണ്ടാക്കാറുണ്ട്, മോശമായി തോന്നുന്നു" എന്നാണ് മറ്റൊരാൾ കുറിച്ചത്.
'കഴിഞ്ഞ രാത്രി ഫോട്ടോഷോപ്പ് പഠിച്ച ഏതെങ്കിലും കുട്ടിയാണോ ഡിസൈൻ ചെയ്തത്?, എന്തൊരു ദുരന്തമാണിത്"- എന്നിങ്ങനെ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. ഒരു ഗാംഗുലി ആരാധകൻ കുറിച്ചത് ഇങ്ങനെ; "ഒരു ദാദ ഫാൻ എന്ന നിലയിൽ, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശം ഫസ്റ്റ് ലുക്കാണിത്. ഇതിലും മികച്ച ഇംപാക്ട് ഉള്ള ലുക്ക് ഒരുപക്ഷേ എഐക്ക് ഉണ്ടാക്കാൻ കഴിഞ്ഞേക്കും. ചിത്രം അദ്ദേഹത്തിന്റെ ലെഗസിയോട് നീതി പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്കുമാർ റാവു മികച്ച നടനാണെങ്കിലും ഈ വേഷത്തിന് അദ്ദേഹം അനുയോജ്യനല്ലെന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്.
അതേസമയം തന്റെ ബയോപിക്കിൽ അഭിനയിക്കാൻ ഏറ്റവും അനുയോജ്യനായ താരം രാജ്കുമാർ റാവു തന്നെയാണെന്ന് സൗരവ് ഗാംഗുലി 2025 ജൂലൈയിൽ ഒരു അഭിമുഖത്തിൽ,വ്യക്തമാക്കിയിരുന്നു. ലുവി ഫിലിംസിന്റെ ബാനറിൽ ലുവ് രഞ്ജനും അങ്കൂർ ഗാർഗും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രമാദിത്യ മോട്‌വാനെയാണ്. ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ക്യാപ്റ്റന്റെ ജീവിതയാത്ര പറയുന്ന 'ദാദ' 2027 മെയ് 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Adjust Story Font
16
