'കാൻ ഫെസ്റ്റിവലിൽ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരിഹാസം'; ആലിയ ഭട്ടിന്‍റെ മറുപടി ഇങ്ങനെ!
കാന്‍സിലെത്തിയ ആലിയയെ പാപ്പരാസികള്‍ അവഗണിച്ചുവെന്നായിരുന്നു ട്രോളുകള്‍

മുംബൈ: കാൻ ചലച്ചിത്ര മേളയിൽ ആലിയ ഭട്ടിനെ ആരും ശ്രദ്ധിച്ചില്ലെന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാന്‍സിലെത്തിയ ആലിയയെ പാപ്പരാസികള്‍ അവഗണിച്ചുവെന്നായിരുന്നു ട്രോളുകള്‍ . ആലിയ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പാപ്പരാസികളില്‍ പലരും കാമറ താഴ്ത്തിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
ഇതിനിടെ തന്നെ കളിയാക്കിയ ആൾക്ക് ആലിയ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ആലിയയുടെ കാൻ ചിത്രങ്ങൾക്ക് താഴെ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് 'കഷ്ടം, ആരും നിങ്ങളെ ശ്രദ്ധിച്ചില്ലല്ലോ' എന്ന് പരിഹാസരൂപേണ കമന്‍റ് ചെയ്തിരുന്നു. ഇതിന് "എന്തിന് കഷ്ടപ്പെടണം സ്നേഹിതാ? നിങ്ങൾ എന്നെ ശ്രദ്ധിച്ചല്ലോ" എന്നായിരുന്നു ആലിയയുടെ കൃത്യമായ മറുപടി. നടിയുടെ മാന്യവും എന്നാൽ കുറിക്കു കൊള്ളുന്ന മറുപടിയെ ആരാധകർ വാനോളം പുകഴ്ത്തുകയാണ്.
കരൺ ജോഹർ, റിദ്ധിമ കപൂർ സാഹ്നി, നേഹ ധൂപിയ, ദിയ മിർസ, സണ്ണി ലിയോൺ തുടങ്ങിയ പ്രമുഖർ ആലിയയുടെ പോസ്റ്റുകൾക്ക് പിന്തുണയുമായി രംഗത്തെത്തി.
ലോറിയൽ ബ്രാൻഡ് അംബാസഡറായി എത്തിയ ആലിയ, ഹോളിവുഡ് താരങ്ങളായ ജെയ്ൻ ഫോണ്ട, ഹെയ്‌ഡി ക്ലം എന്നിവർക്കൊപ്പം വേദി പങ്കിട്ടിരുന്നു. കൂടാതെ ഭാരത് പവിലിയന്റെ ഉദ്ഘാടനവും അശുതോഷ് ഗോവാരിക്കർക്കൊപ്പം ആലിയ നിർവ്വഹിച്ചിരുന്നു. പ്രശസ്ത ഡിസൈനർ യഷ് പാട്ടീൽ രൂപകൽപ്പന ചെയ്ത ബ്ലഷ് പിങ്ക് ലാൻഡ്‌സ്‌കേപ്പ് പ്രിന്‍റ് ബോൾ ഗൗൺ ധരിച്ചാണ് ആലിയ ആദ്യദിനം റെഡ് കാർപെറ്റിലെത്തിയത്.ഹോട്ടൽ മാർട്ടിനെസിൽ വെച്ച് പകർത്തിയ ഈ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
ആലിയയെ ആഗോള വേദിയിൽ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ടെലിവിഷൻ താരങ്ങളായ അലി ഗോണിയും ഗായകൻ രാഹുൽ വൈദ്യയും രംഗത്തെത്തി. "നമ്മുടെ രാജ്യത്തെ ഒരു താരം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ അവരെ പരിഹസിക്കുന്നത് ലജ്ജാകരമാണ്" എന്ന് അവര്‍ പ്രതികരിച്ചു. ഹോളിവുഡ് താരങ്ങളായ ജെയ്ൻ ഫോണ്ട, ഹെയ്‌ഡി ക്ലം എന്നിവർക്കൊപ്പം ആലിയ വേദി പങ്കിട്ടത് അവർ ചൂണ്ടിക്കാട്ടി.
Adjust Story Font
16

