സ്വന്തം വീട് 9 കോടിക്ക് ആലിയ ഭട്ടിന് വിറ്റു, 10 വര്‍ഷമായി വാടകവീട്ടിൽ ; ആരെയും അമ്പരപ്പിക്കും അനുപം ഖേറിന്‍റെ ജീവിതം
10 വര്‍ഷം മുൻപാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റ് അദ്ദേഹം നടി ആലിയ ഭട്ടിന് വിൽക്കുന്നത്

- Published:
25 April 2026 2:39 PM IST

മുംബൈ: ബോളിവുഡിൽ 200ലധികം ചിത്രങ്ങൾ, ഇടയ്ക്ക് മലയാളം, തമിഴ്, തെലുഗ് ഭാഷകളിലും ഹോളിവുഡിലും... സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടനാണ് അനുപം ഖേര്‍. 1982ൽ തുടങ്ങിയ അഭിനയ ജീവിതം ഇന്നും തുടരുന്നു. സ്വഭാവ നടനായ അനുപം ഖേര്‍ ഹാസ്യ വേഷങ്ങളിലും വില്ലൻ റോളുകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളുൾപ്പെടെ നിരവധി അവാര്‍ഡുകളും ഖേറിന് ലഭിച്ചിട്ടുണ്ട്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിക്കുന്ന നടനാണ് അദ്ദേഹം. കോടീശ്വരനായിട്ടും വാടകവീട്ടിലാണ് അനുപം ഖേര്‍ താമസിക്കുന്നത്.
10 വര്‍ഷം മുൻപാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റ് അദ്ദേഹം നടി ആലിയ ഭട്ടിന് വിൽക്കുന്നത്. ജൂഹുവിലുള്ള രണ്ട് ഫ്ലാറ്റുകളാണ് 2015ൽ വിറ്റത്. ഏകദേശം 8.99 കോടിക്കാണ് 22കാരിയായ ആലിയ അന്ന് ഈ ഫ്ലാറ്റുകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി അനുപം ഖേർ മുംബൈയിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടല്ല, മറിച്ച് ലളിതമായ ജീവിതശൈലി തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. 'സിന്ദഗി വിത്ത് റിച്ച' എന്ന പരിപാടിയിലായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചിൽ.
സ്വന്തമായി വീട് വേണ്ട എന്നത് ബോധപൂര്‍വമെടുത്ത തീരുമാനമായിരുന്നു. വസ്തുവകകൾ സ്വന്തമായി ഉള്ളതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം വാടക വീട്ടിൽ താമസിക്കുമ്പോൾ ലഭിക്കുന്നുവെന്നാണ് കാരണമായി അനുപം പറയുന്നത്. ഭാര്യ കിരൺ ഖേർ എം.പി ആയതിനെത്തുടർന്ന് ചണ്ഡിഗഡിലേക്ക് താമസം മാറ്റിയിരുന്നു. ഇതോടെ മുംബൈയിൽ വലിയൊരു വീട് സ്വന്തമായി നിലനിർത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിന് തോന്നി.തനിക്കായി വീട് വേണ്ടെന്ന് വെച്ചെങ്കിലും, ഷിംലയിൽ സ്വന്തമായി ഒരു വീട് വേണമെന്ന അമ്മയുടെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുത്തു. അവിടെ അമ്മയ്ക്കായി വലിയൊരു വീട് അദ്ദേഹം വാങ്ങിയിട്ടുണ്ട്. അവധിക്കാലത്ത് ഈ വീട്ടിലേക്കും ഖേര്‍ പോകാറുണ്ട്. വെറും 37 രൂപയുമായി മുംബൈയിൽ എത്തിയ തനിക്ക് പണത്തേക്കാൾ പ്രധാനം തന്‍റെ അഭിനയകലയിലുള്ള മികവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"നിങ്ങൾക്ക് 10 കോടി രൂപ ഉണ്ടെങ്കിൽ, നിങ്ങൾ 20 കോടി രൂപ ആഗ്രഹിക്കാൻ തുടങ്ങും, പിന്നെ 25 കോടി. പക്ഷേ പരാജയം നിങ്ങളെ പഠിപ്പിക്കുന്നു. അത് നിങ്ങളെ വളരാൻ സഹായിക്കുന്നു, സ്വയം പുനർനിർമ്മിക്കുന്നു, നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. പരാജയം, ഓരോ ഘട്ടത്തിലും, സർഗ്ഗാത്മകതയെയും നവീകരണത്തെയും മുന്നോട്ട് നയിക്കുന്നു. നിങ്ങൾക്ക് സ്വയം സഹതാപം തോന്നരുത്. എനിക്ക് ചിലപ്പോൾ അത് അനുഭവപ്പെടാറുണ്ട്, പക്ഷേ അതിനുശേഷം, വീണ്ടും ജീവിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു. യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്ന് ആളുകൾ മറന്നുപോയിരിക്കുന്നു." താരം പറയുന്നു.
Adjust Story Font
16
