'രൺബീറിന്‍റെ ചുരുണ്ട മുടി ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല,ആ ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം രൺബീര്‍ അസ്വസ്ഥനാകുമായിരുന്നു'; അനുരാഗ് കശ്യപ്
ചിത്രം പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ലെന്നായിരുന്നു വിമര്‍ശം

- Published:
4 Jan 2026 1:58 PM IST

മുംബൈ: ചരിത്രകാരനായ ഗ്യാൻ പ്രകാശിന്‍റെ മുംബൈ ഫേബിൾസ് എന്ന പുസ്തകത്തെ ആസ്പദമാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബോംബെ വെൽവെറ്റ്. രൺബീർ കപൂർ, അനുഷ്ക ശർമ്മ, കരൺ ജോഹർ തുടങ്ങിയ വൻതാരനിര അണിനിരന്ന ചിത്രം അനുരാഗ് അതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. 120 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സോഫീസിൽ വൻപരാജയമായിരുന്നു. വൻ ബജറ്റിലൊരുക്കിയ ചിത്രത്തിന് ആകെ 43 കോടി കലക്ഷൻ മാത്രമാണ് ലഭിച്ചത്. ഇത് നിര്‍മാതാക്കളെ കടക്കെണിയിലാക്കുകയും ചെയ്തു.
ചിത്രം പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ലെന്നായിരുന്നു വിമര്‍ശം.''സിനിമയുടെ പരാജയ കാരണം ചികഞ്ഞുപോയപ്പോൾ ആളുകൾക്ക് രൺബീറിന്‍റെ മുടി ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു അവര്‍ കണ്ടെത്തിയ കാരണം. രൺബീറിന്‍റെ ചുരുണ്ട മുടിയിൽ പ്രേക്ഷകര്‍ അസ്വസ്ഥരായി. ഞങ്ങളെല്ലാവരും കൂടി അങ്ങനെയൊരു തീരുമാനമെടുത്തത്. ആ കഥാപാത്രത്തെ അങ്ങനെയാണ് രൂപപ്പെടുത്തിയത്. കാരണം കേട്ടപ്പോൾ ഏറ്റവും വലിയ അസംബന്ധമെന്നാണ് എനിക്ക് തോന്നിയത്. ഒരു സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് ഒരാൾക്ക് പറയാൻ കഴിയും. ഹെയര്‍സ്റ്റൈൽ ചേരുന്നില്ലെന്നും പറയാം. എന്നാൽ മുടി കാരണം ആളുകൾ ആ സിനിമ കാണാൻ പോയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമല്ലേ'' അനുരാഗ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ബോംബെ വെൽവെറ്റിന്‍റെ പരാജയത്തിന് പിന്നാലെ താനും രൺബീറുമായുള്ള ബന്ധം വഷളായതായി അനുരാഗ് പറയുന്നു. ''അതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം രൺബീര്‍ അസ്വസ്ഥനാകാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ബോംബെ വെൽവെറ്റിനെക്കുറിച്ച് സംസാരിക്കുന്നത്? അത് അവഗണിക്കുക. സിനിമ വിജയിച്ചില്ല,എന്തിനാണ് എപ്പോഴും അതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് രൺബീര്‍ പറയും. പക്ഷേ ആളുകൾ എല്ലായ്‌പ്പോഴും എന്നോട് ആ പരാജയ ചിത്രത്തെക്കുറിച്ച് ചോദിക്കും. എനിക്ക് അതെങ്ങനെ അവഗണിക്കാൻ കഴിയും''കശ്യപ് പറയുന്നു.
ചിത്രം പരാജയപ്പെട്ടതിന് ശേഷം രൺബീറിനെയും അനുഷ്കകയെയും കാണാൻ താൻ മടിച്ചിരുന്നതായും അനുരാഗ് വിശദീകരിച്ചു. ''അടിക്കടിയൊന്നും ഞങ്ങൾ കാണാറില്ലായിരുന്നു. എപ്പോൾ കണ്ടുമുട്ടിയാലും ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ട്. തുടക്കത്തിൽ, അവരെ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു, കാരണം അവർ എനിക്ക് വളരെയധികം വിശ്വാസവും സ്നേഹവും നൽകിയിരുന്നു. അതിൽ നിന്നൊക്കെ പുറത്തുകടക്കാൻ കുറച്ചധികം സമയമെടുത്തു'' സംവിധായകൻ കൂട്ടിച്ചേര്‍ത്തു.
ബോംബെ വെൽവെറ്റിന്‍റെ പരാജയത്തിന് ശേഷം, രാമൻ രാഘവ്, മൻമർസിയാൻ, കെന്നഡി, നിഷാഞ്ചി തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ അനുരാഗ് തിരിച്ചുവന്നെങ്കിലും വലിയൊരു ബോക്സോഫീസ് ഹിറ്റ് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
Adjust Story Font
16
