'അധികാര മാറ്റമോ വർഗീയതയോ ആവാം..'; എട്ട് വർഷമായി ബോളിവുഡിൽ അവസരം നഷ്ടപ്പെടുന്നതായി എ.ആർ റഹ്മാൻ
1991ൽ മണിരത്നത്തിന്റെ റൊമാന്റിക് ത്രില്ലറായ റോജയിലൂടെയാണ് എ.ആർ റഹ്മാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്

- Updated:
2026-01-15 16:43:21.0

മുംബൈ: വർഷങ്ങളായി ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും മികച്ച ഗാനങ്ങൾ നൽകിയ ഓസ്കാർ ജേതാവായ സംഗീത സംവിധായകനാണ് എ.ആർ റഹ്മാൻ. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ ലഭിക്കുന്നിലെന്ന സൂചന നൽകി എ.ആർ റഹ്മാൻ. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കുമായി നടത്തിയ അഭിമുഖത്തിലാണ് ഹിന്ദി ചലച്ചിത്രമേഖലയിലെ അധികാര മാറ്റം തന്റെ അവസരങ്ങൾ കുറച്ചതിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നത്.
'കഴിഞ്ഞ എട്ട് വർഷമായി അധികാര മാറ്റം കൊണ്ടും സർഗാത്മകതയില്ലാത്ത ആളുകൾക്ക് ശക്തിയുള്ളതിനാലും അല്ലെങ്കിൽ വർഗീയമായ കാരണങ്ങൾ കൊണ്ടോ അങ്ങനെ സംഭവിച്ചിരിക്കാം. പക്ഷേ എന്റെ കുടുംബത്തോടൊപ്പം വിശ്രമിക്കാൻ എനിക്ക് കൂടുതൽ സമയമുണ്ട്. ഞാൻ ജോലി അന്വേഷിക്കുന്നില്ല. ജോലി തേടി പോകാൻ ആഗ്രഹിക്കുന്നില്ല. ജോലി എന്നിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അർഹമായത് എനിക്ക് ലഭിക്കും.' റഹ്മാൻ പറഞ്ഞു.
1991ൽ മണിരത്നത്തിന്റെ റൊമാന്റിക് ത്രില്ലറായ റോജയിലൂടെയാണ് എ.ആർ റഹ്മാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മണിരത്നത്തിനൊപ്പം തന്നെ റോജ, ബോംബെ (1995), ദിൽ സേ.. (1998) തുടങ്ങിയ പടങ്ങൾക്കും ഈണമൊരുക്കി. എന്നാൽ സുഭാഷ് ഘായ്യുടെ 'താൽ' എന്ന സിനിമയാണ് തനിക്ക് ബോളിവുഡിൽ തന്റേതായ ഇടം നൽകിയതെന്ന് റഹ്മാൻ പറയുന്നു. 'യഥാർത്ഥത്തിൽ, ഈ മൂന്ന് ഗാനങ്ങളൊരുക്കുമ്പോഴും (റോജ, ബോംബെ, ദിൽ സേ..) ഞാൻ പുറംനാട്ടുകാരനായിരുന്നു. എന്നാൽ 'താൽ' ഒരു കുടുംബ ആൽബമായി എല്ലാവരുടെയും അടുക്കളകളിൽ ഇടം നേടി. ഇപ്പോഴും മിക്ക വടക്കേ ഇന്ത്യക്കാരുടെയും രക്തത്തിൽ അതുണ്ട്.' അദ്ദേഹം പറഞ്ഞു.
വിജയ് സേതുപതിയുടെ വരാനിരിക്കുന്ന ചിത്രമായ 'ഗാന്ധി ടോക്‌സിന്' വേണ്ടിയാണ് റഹ്മാൻ അവസാനമായി സംഗീതമൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഗ്രാമി ജേതാവായ സംഗീതസംവിധായകൻ ഹാൻസ് സിമ്മറുമായി സഹകരിച്ച് ചെയ്ത നിതേഷ് തിവാരിയുടെ രാമായണവും എ.ആർ. റഹ്മാന്‍റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. രൺബീർ കപൂർ, സായ് പല്ലവി, സണ്ണി ഡിയോൾ, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 2026 ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Adjust Story Font
16
