എ.ആർ റഹ്‌മാൻ മികച്ച ഗായകൻ അല്ല, അതുല്യനായ ഒരു സംഗീത സംവിധായകനാണ്: സോനു നിഗം
'റഹ്മാന് വളരെ വളരെ മനോഹരമായ ശബ്ദ ഘടനയുണ്ട്, മികച്ച ഗായകൻ ആണെന്ന് അദ്ദേഹം എവിടെയും അവകാശപ്പെട്ടിട്ടില്ല'

മുംബൈ: രാജ്യത്തെമ്പാടും ആരാധകരുള്ള അതുല്യ കലാകാരനാണ് എ.ആർ റഹ്മാൻ. അദ്ദേഹത്തോടൊപ്പം നിരവധി തവണ ജോലി ചെയ്തിട്ടുള്ളയാളാണ് ഗായകനായ സോനു നിഗം. ഇരുവരും ചേർന്ന് എക്കാലത്തെയും മികച്ച ഒരുപിടി ഗാനങ്ങൾ സംഗീത ലോകത്തിന് നൽകിയിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ എ.ആർ റഹ്മാനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറയുകയാണ് സോനു നിഗം.
എ.ആർ റഹ്മാൻ ഒരു മികച്ച സംഗീത സംവിധായകനാണെന്ന് സോനു നിഗം തുറന്നു സമ്മതിക്കുന്നു. എന്നാൽ അദ്ദേഹം അത്ര മികച്ച ഗായകൻ അല്ലെന്നാണ് സോനു പറയുന്നത്. റഹ്മാന് വളരെ വളരെ മനോഹരമായ ശബ്ദ ഘടനയുണ്ടെന്നും, എന്നാൽ താൻ ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും സോനു വ്യക്തമാക്കി. ഓ2 ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സോനുവിന്റെ പരാമർശം.
ഒരു ഗായകനെന്ന നിലയിൽ എ.ആർ. റഹ്മാനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിനാണ് സോനു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. "അദ്ദേഹം അത്ര പരിശീലനം ലഭിച്ച ഒരു ഗായകനല്ല. അദ്ദേഹത്തിന്റെ സ്വരം വളരെ മനോഹരമാണ്. അദ്ദേഹം തന്നെത്തന്നെ ഒരു മികച്ച ഗായകനെന്ന് വിളിക്കില്ല, അപ്പോൾ നമുക്ക് എന്ത് പറയാൻ കഴിയും? സ്വന്തം ശബ്ദത്തിന്റെ ഘടന വളരെ മനോഹരമാണെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ ഒരിക്കലും ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം സ്വയം അവകാശപ്പെട്ടിട്ടില്ല, സോനു നിഗം പറഞ്ഞു. എ.ആർ റഹ്‌മാൻ അത്ര ഫ്രണ്ട്ലി അല്ലാത്ത ആൾ ആണെന്നും, എപ്പോഴും ജോലിയെക്കുറിച്ച് മാത്രമാണ് ചിന്തയെന്നും സോനു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Adjust Story Font
16

