നറുക്കെടുപ്പ് വിജയിയോട് അവതാരകയുടെ അനാവശ്യ ചോദ്യം; അത് വേണ്ടെന്ന് ആസിഫ് അലി, കയ്യടിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട് മൈജി ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ചിനിടെയായിരുന്നു സംഭവം

കോഴിക്കോട്: പക്വതയാര്‍ന്ന പെരുമാറ്റം കൊണ്ടും നിലപാടുകൾ കൊണ്ടും ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. മികച്ച നടൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണെന്ന് പലവട്ടം ബോധ്യമായിട്ടുണ്ട്. ഇപ്പോഴിതാ പൊതുവേദിയിൽ ഒരു യുവാവിന് ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമെന്ന് തോന്നിയപ്പോൾ പക്വമായ ഇടപെടലിലൂടെ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ആസിഫ് അലി.
കോഴിക്കോട് മൈജി ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ചിനിടെയായിരുന്നു സംഭവം. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിക്ക് ഫോൺ സമ്മാനമായി നൽകാൻ ആസിഫ് അലിയെയാണ് വേദിയിലേക്ക് ക്ഷണിച്ചത്. തുടർന്ന് ആസിഫ് വിജയിയെ പ്രഖ്യാപിക്കുകയും സമ്മാനം ഏറ്റുവാങ്ങാനായി ഒരു യുവാവ് വേദിയിലെത്തുകയും ചെയ്തു.
നിറഞ്ഞ സന്തോഷത്തോടെ വേദിയിലെത്തി സമ്മാനം ഏറ്റുവാങ്ങിയ യുവാവിനോട് പരിപാടിയുടെ അവതാരക, "ഇപ്പോൾ കയ്യിലുള്ള പഴയ ഫോൺ ഏതാണെന്ന് ഒന്ന് കാണിക്കാമോ" എന്ന് ചോദിച്ചു. ചോദ്യം കേട്ട മാത്രയിൽ തന്നെ, ആസിഫ് അലി സ്നേഹത്തോടെയും പക്വതയോടെയും അവതാരകയെ തടഞ്ഞു. "ഏയ്, അതൊന്നും വേണ്ട..." എന്ന രീതിയിൽ കൈകാണിച്ച് ആ ചോദ്യം അദ്ദേഹം ഒഴിവാക്കുകയായിരുന്നു.
നിരവധി പേരാണ് ആസിഫ് അലിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതാണ് ക്വാളിറ്റിയെന്നും ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ അവതാരകക്ക് എന്താണ് അവകാശമെന്നും നെറ്റിസൺസ് ചോദിക്കുന്നു. വ്യക്തിപരമായ കാര്യങ്ങളിൽ അതിരുവിടുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന അവതാരകരുടെ രീതിക്കെതിരെയും സാധാരണക്കാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച് സംസാരിച്ച താരത്തിന്റെ മാന്യമായ പെരുമാറ്റത്തെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
Adjust Story Font
16

