Quantcast

ക്യാൻസറിനോട് മല്ലിടുമ്പോഴും ഭാര്യയെ പരിചരിക്കുന്ന ഇര്‍ഫാൻ ഖാൻ; കണ്ണ് നിറയ്ക്കുന്ന ചിത്രവുമായി മകൻ

ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29 നാണ് ഇര്‍ഫാൻ അന്തരിച്ചത്

MediaOne Logo

Web Desk

  • Published:

    19 April 2026 3:05 PM IST

ക്യാൻസറിനോട് മല്ലിടുമ്പോഴും ഭാര്യയെ പരിചരിക്കുന്ന ഇര്‍ഫാൻ ഖാൻ; കണ്ണ് നിറയ്ക്കുന്ന ചിത്രവുമായി മകൻ
X

മുംബൈ: ചിലര്‍ നമ്മെ വിട്ടുപോയാലും അവരുടെ ഓര്‍മകൾ സ്നേഹപൂര്‍വമായ തലോടൽ പോലെ നമ്മുടെ കൂടെയുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടവരെ അങ്ങനെ മറവിക്ക് വിട്ടുകൊടുക്കാൻ ഈ ഓര്‍മകൾക്ക് സാധിക്കില്ല. ബോളിവുഡിലെ ഇതിഹാസ താരം ഇർഫാൻ ഖാൻ വിടപറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകൾ മകൻ ബാബിൽ ഖാൻ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ബാബിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ആരാധകരെ നൊമ്പരപ്പെടുത്തുന്നത്.

അര്‍ബുദരോഗത്തിന്‍റെ മൂര്‍ധന്യാവസ്ഥയിലും ഭാര്യ സുതപ സിക്തറിനെ പരിചരിക്കുന്ന ചിത്രമാണ് ബാബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫോൺ തലയിൽ കെട്ടിവച്ച് സുതപയുടെ കാലിനെ ആണി ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുന്ന ഇര്‍ഫാനെ ചിത്രത്തിൽ കാണാം. താരം ഏറെ അവശനാണെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. "ബാബ ക്യാൻസര്‍ വേദന കൊണ്ട് പുളയുന്ന സമയം. അദ്ദേഹത്തെ നോക്കാനും ആശുപത്രി കാര്യങ്ങൾക്കുമായി ഓടിനടക്കുന്നതിനിടയിൽ അമ്മയുടെ കാലുകളിൽ ആണിരോഗം വന്ന് കഠിനമായ വേദന അനുഭവപ്പെടുമായിരുന്നു. ആ സമയത്ത് ബാബ തന്റെ ഫോൺ ഒരു തലപ്പാവ് പോലെ തലയിൽ കെട്ടിവെക്കും. എന്നിട്ട് ആ വെളിച്ചത്തിൽ അമ്മയുടെ കാലിലെ ആണികൾ ഓരോന്നായി നീക്കം ചെയ്യും " ബാബിൽ കുറിച്ചു.

ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29 നാണ് ഇര്‍ഫാൻ അന്തരിച്ചത്. മുപ്പതു വർഷമായി സിനിമയിൽ സജീവമായിരുന്ന ഇര്‍ഫാന്‍ ഖാന്‍, ശ്രദ്ധേയമായ അഭിനയ മികവിനാല്‍ ബോളിവുഡിന് പുറമെ ഹോളിവുഡിലും സുപരിചതനായിരുന്നു. 1988ൽ സലാം ബോംബെ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ജീവിതത്തിലേക്ക് എത്തുന്നത്.ഓസ്കര്‍ ചിത്രങ്ങളായ സ്ലം ഡോഗ് മില്യണയർ, ലൈ ഓഫ് പൈ എന്നിവയിലും അമെെസിംങ് സ്പപൈർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2011 ൽ പാൻസിങ് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. ലഞ്ച് ബോക്സ്‌ സിനിമയിലെ അഭിനയത്തിനു ബാഫ്റ്റ അവാർഡിന് നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു. കലാരംഗത്തെ സമഗ്ര സംഭാവനക്ക് 2011ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

TAGS :

Next Story