Quantcast

'കങ്കണ വഞ്ചിച്ചു, സിനിമയ്ക്കായി ബന്ധങ്ങൾ ഉപയോഗിച്ചു'; നടിക്കെതിരെ ബിജെപി നേതാവ്

"ചെറിയ വേഷമാണ് അവര്‍ ഓഫർ ചെയ്തത്. ഞാൻ താത്പര്യമില്ലെന്ന് പറയുകയും ചെയ്തു "

MediaOne Logo

Web Desk

  • Published:

    13 July 2023 8:33 AM GMT

kangana ranaut
X

കങ്കണ റണൗട്ട് നായികയാകുന്ന തേജസ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നടിയുടെ സുഹൃത്തും ബിജെപി നേതാവുമായ മായങ്ക് മധുർ. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് കങ്കണ വാഗ്ദാനം നൽകിയിരുന്നതായും എന്നാൽ അവർ വാക്കു പാലിച്ചില്ലെന്നും മായങ്ക് ആരോപിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് താനാണ് അവസരം ഒരുക്കി നൽകിയത് എന്നും അദ്ദേഹം അവകാശപ്പെട്ടു. സേവനങ്ങൾക്ക് പ്രതിഫലം തന്നില്ലെന്നും മായങ്ക് പറഞ്ഞു.

'മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, ഹിമന്ത ബിസ്വ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തിയത് ഞാനാണ്. ധാകഡ്, ടികു വെഡ്‌സ് ഷേരു, തേജസ്, എമർജൻസി തുടങ്ങിയ സിനിമകൾക്കുള്ള അനുമതിക്കു വേണ്ടിയും സഹായം നൽകി. വിവിധ കേസുകളും നോക്കിയിരുന്നത് ഞാനായിരുന്നു. കങ്കണയും ഞാനുമായി ദീർഘകാലത്തെ ബന്ധമുണ്ട്. ദേശ്ബന്ധുവിൽ മാധ്യമപ്രവർത്തകനായിരിക്കെയാണ് ബന്ധം. പിന്നീട് നവ്ഭാരത് ടൈംസിലും ഇന്ത്യാ ടുഡേയിലം ന്യൂസ് 24ലും പ്രവർത്തിച്ചു. രാജ്‌നാഥ് സിങ്ങുമായി കണ്ട ശേഷമാണ് തേജസ് സിനിമയിൽ വേഷം ഓഫർ ചെയ്തത്. എന്നാൽ അവരത് പാലിച്ചില്ല' - അദ്ദേഹം ആരോപിച്ചു.

തേജസ് സിനിമയുടെ ചിത്രീകരണത്തിന് വലിയ രീതിയിൽ സഹായിച്ചെന്നും മായങ്ക് പറഞ്ഞു. 'രണ്ടു വർഷമായി ചില ലൊക്കേഷനുകളിൽ തേജസ് ഷൂട്ടു ചെയ്യാനുള്ള ശ്രമം നടക്കുകയായിരുന്നു. എന്നാൽ അതെല്ലാം വിഫലമായി. ഞാൻ അത് ഒരു ദിവസം കൊണ്ട് തരപ്പെടുത്തിക്കൊടുത്തു. രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ച പത്തു മിനിറ്റായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അത് രണ്ടു മണിക്കൂർ നീണ്ടു പോയി. നിങ്ങളുടെ കുട്ടികളാണ്, സഹായങ്ങൾ ചെയ്തു കൊടുക്കണം എന്നാണ് ഞാൻ മന്ത്രിയോട് പറഞ്ഞത്. രാജസ്ഥാൻ എയർബേസിലും ഷൂട്ടിങ് അനുമതി വാങ്ങിക്കൊടുത്തു. എന്നാൽ സിനിമയിലെ 15 മിനിറ്റുള്ള എന്റെ വേഷം അവർ ചെറുതാക്കി. 1,2 മിനിറ്റ് നീണ്ടു നിൽക്കുന്ന വേഷമാണ് ഓഫർ ചെയ്തത്. താത്പര്യമില്ലെന്ന് ഞാൻ പറയുകയും ചെയ്തു' - മായങ്ക് പറഞ്ഞു.

എയർഫോഴ്‌സ് പൈലറ്റിന്റെ ജീവിതം പറയുന്ന തേജസ് ഒക്ടോബർ 20നാണ് തിയേറ്ററിലെത്തുന്നത്. സർവേഷ് മേവാരയാണ് സംവിധാനം. ഇന്ദിരാ ഗാന്ധിയുടെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കുന്ന എമർജൻസിയാണ് കങ്കണയുടെ മറ്റൊരു ചിത്രം. സിനിമ സംവിധാനം ചെയ്യുന്നതും കങ്കണയാണ്.

TAGS :

Next Story