Quantcast

'കഞ്ചാവാണോ.. അച്ഛനും മകനും പോലെ..'; അൽഫോൻസ് പുത്രനും കാർത്തിക് സുബ്ബരാജിനും നേരെ ബോഡി ഷെയിമിങ്

ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരെ ഒരു ഫ്രയിമിൽ കണ്ട സന്തോഷമാണ് ചിലർ പങ്കുവെച്ചതെങ്കിൽ മറ്റ് ചിലരുടെ കണ്ണ് പോയത് ഇരുവരുടെയും ശരീരത്തിലേക്കായിരുന്നു

MediaOne Logo

Web Desk

  • Published:

    23 Aug 2022 2:41 AM GMT

കഞ്ചാവാണോ.. അച്ഛനും മകനും പോലെ..; അൽഫോൻസ് പുത്രനും കാർത്തിക് സുബ്ബരാജിനും നേരെ ബോഡി ഷെയിമിങ്
X

കൊച്ചി: സംവിധായകരായ അൽഫോൻസ് പുത്രനും കാർത്തിക് സുബ്ബരാജും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരെ ഒരു ഫ്രയിമിൽ കണ്ട സന്തോഷമാണ് ചിലർ പങ്കുവെച്ചതെങ്കിൽ മറ്റ് ചിലരുടെ കണ്ണ് പോയത് ഇരുവരുടെയും ശരീരത്തിലേക്കായിരുന്നു. ഇങ്ങനെ രണ്ടു മനുഷ്യരെ ഭൂമിയിൽ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ എന്ന മട്ടിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ ചിലർ കുറിച്ചിട്ടത്. 'കഞ്ചാവാണോ..ആകെ ക്ഷീണിച്ചുപോയല്ലോ, അച്ഛൻ മകനെ സ്‌കൂളിൽ ചേർക്കാൻ വന്ന പോലെ, ഷുഗർ ആണോ..' തുടങ്ങിയവയവ നൂറുകണക്കിന് കമന്റുകളിൽ ചിലതുമാത്രമാണ്. ഇപ്പോഴിതാ സംവിധായകർക്ക് നേരെയുള്ള ബോഡി ഷെയിമിങ്ങിൽ പ്രതികരിച്ച് മെജോ ലൂക്കോസ് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

മെജോയുടെ പോസ്റ്റ് ഇങ്ങനെ: 'സംവിധായകരായ അൽഫോൻസ് പുത്രന്റെയും കാർത്തിക് സുബ്ബരാജിന്റെയും വീഡിയോക്ക് താഴെ വന്ന ചില കമന്റുകൾ കണ്ടു. മനുഷ്യർ എല്ലാവരും ഒരുപോലെ ഇരിക്കണമെന്ന് വാശി പിടിക്കരുത്. അയാൾക്ക് മെലിഞ്ഞിരിക്കാം. അതിന് പല കാരണങ്ങളും ഉണ്ടാകും. അസുഖങ്ങൾ ഉണ്ടാകും. എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്നില്ലല്ലോ. ഉണ്ടെന്ന് തന്നെയിരിക്കട്ടെ. അതിന് ചികിത്സ തേടണോ വേണ്ടയോ എന്ന് അയാൾക്ക് തീരുമാനിക്കാം. ചിലപ്പോൾ അസുഖങ്ങൾ ഒന്നും ഇല്ലായിരിക്കാം.

അതല്ല അയാൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് എന്നതിന് നിങ്ങളുടെ കയ്യിൽ തെളിവുണ്ടെങ്കിൽ രേഖാമൂലം പോലീസിൽ പരാതിപ്പെടാം. അല്ലാതെ പബ്ലിക് പോസ്റ്റിന് താഴെ നിങ്ങളുടെ നിഗമനങ്ങൾ ഛർദിച്ചുവെക്കാമെന്നില്ല. ചിലപ്പോൾ അയാൾക്ക് മെലിഞ്ഞിരിക്കുന്നതാകും ഇഷ്ടം. അയാൾ ഇഷ്ടമുള്ളത് ചെയ്യട്ടെ. അമിത വണ്ണമുള്ളവരുടെ കാര്യവും അങ്ങനെ തന്നെ. അനാവശ്യ കരുതൽ ആർക്കും ആവശ്യമില്ല. അമിത വണ്ണമുള്ളവരെ കാണുമ്പോൾ നിങ്ങൾക്ക് ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്കാണ് ചികിത്സ വേണ്ടത് അവർക്കല്ല.'

കാർത്തിക് സുബ്ബരാജിന്റെ മലയാള ചിത്രമായ 'അറ്റൻഷൻ പ്ളീസിന്റെ' റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ എത്തിയതായിരുന്നു അൽഫോൻസ് പുത്രൻ. മഹാൻ, പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകം കീഴടക്കിയ കാർത്തിക് സുബ്ബരാജിന്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ടു മലയാള ചിത്രങ്ങളുമായാണ് ഇത്തവണ എത്തുന്നത്. കാർത്തിക് സുബ്ബരാജിനൊപ്പം പങ്കാളികളായ കാർത്തികേയൻ സന്താനം, കല്യാൺ സുബ്രഹ്മണ്യം എന്നിവർ ഒത്തുചേർന്ന് ഒരുക്കുന്ന ചിത്രമാണ് 'അറ്റൻഷൻ പ്ളീസ്'. ചിത്രത്തിന്റെ റിലീസിംഗ് തീയതി അനൗൺസ്മെന്റും സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസിന്റെ 'രേഖ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും ആഗസ്ത് 19നാണ് ഗ്രാൻഡ് ഹയാത്തിൽ നടന്നത്. ആഗസ്ത് 26നാണ് അറ്റൻഷൻ പ്ലീസ് റിലീസ് ചെയ്യുക. ചടങ്ങിൽ അൽഫോൻസ് പുത്രന് പുറമേ ശ്രീശാന്തും പങ്കെടുത്തിരുന്നു.

TAGS :

Next Story