Quantcast

ഭ്രമയുഗത്തില്‍ സ്ക്രീന്‍ സ്പേസ് കുറഞ്ഞുപോയെന്ന് തോന്നിയിട്ടില്ല: അമാല്‍ഡ ലിസ്

എന്‍റെ ആദ്യത്തെ സിനിമയാണ് കമ്മട്ടിപ്പാടം

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2024-02-20 10:14:38.0

Published:

20 Feb 2024 7:13 AM GMT

Amalda Liz
X

അമാല്‍ഡ ലിസ്

ഭ്രമയുഗം...കറുപ്പിലും വെളുപ്പിലും രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഫാന്‍റസി ഹൊറര്‍ ത്രില്ലര്‍ ചിത്രം..ഒറ്റ ലൊക്കേഷന്‍...അഞ്ചു കഥാപാത്രങ്ങള്‍...പരീക്ഷണ ചിത്രങ്ങളെ അധികം സ്വീകരിക്കാത്ത മലയാളികളെക്കൊണ്ട് കയ്യടിപ്പിക്കുകയാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയും തേവനും പാചകക്കാരനുമെല്ലാം നിറഞ്ഞാടുന്ന ഭ്രമയുഗത്തില്‍ വശ്യമായ സൗന്ദര്യം കൊണ്ടും കാന്തിക ശക്തിയുള്ള നോട്ടം കൊണ്ടും പ്രേക്ഷകരെ സിനിമയില്‍ തന്നെ തളച്ചിടുന്ന ഒരു കഥാപാത്രമുണ്ട്. അമാല്‍ഡ ലിസ് അവതരിപ്പിച്ച കഥാപാത്രം. ചിത്രത്തിലെ ഒരേയൊരു സ്ത്രീ കഥാപാത്രവും അമാല്‍ഡയുടെതാണ്. പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിയെഴുതിയ തന്‍റെ കഥാപാത്രത്തെക്കുറിച്ച് അമാല്‍ഡ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.


സ്ക്രീന്‍ സ്പേസ് കുറഞ്ഞുവെന്ന് തോന്നിയില്ല

ട്രാന്‍സ് കണ്ടിട്ടാണ് രാഹുല്‍ എന്നെ വിളിക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. ചെറിയൊരു കഥാപാത്രം. സ്ക്രീന്‍ സ്പേസ് കുറവായിപ്പോയി എന്നൊരു വിഷമമൊന്നുമില്ല. ഒരു കഥാപാത്രത്തിനെ എങ്ങനെ കാണിക്കണം, എത്ര നേരം കാണിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സംവിധായകന്‍റെ ചോയിസാണല്ലോ.അതില്‍ നമ്മളെന്തെങ്കിലും പറയുന്നതില്‍ കാര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം ചെറുതോ വലുതോ എന്നത് ഒരു വിഷയമല്ല. ഒരു സീനിലാണെങ്കിലും എത്ര സീനില്‍ വന്നാലും ആ രംഗത്തിനു വേണ്ടത് കൊടുക്കേണ്ടത് നമ്മളെക്കൊണ്ട് മാക്സിമം കൊടുക്കണം.

എന്‍റെ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ആളുകള്‍ മെസേജയക്കുന്നുണ്ട്. ഈയൊരു തീമില്‍ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്‍റായിരുന്നു. ആ ടീമിന്‍റെ കൂടെ അങ്ങനെയങ്ങ് പോയി. സിനിമ വിജയിക്കുമോ ഇല്ലയോ അങ്ങനത്തെ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.


വ്യത്യസ്തമായ കോസ്റ്റ്യൂം

ആദ്യമെ തന്നെ ഇങ്ങനെയൊരു കോസ്റ്റ്യൂമാണ് എന്‍റെ കഥാപാത്രത്തിനു വേണ്ടി തീരുമാനിച്ചിരുന്നത്. ആദ്യമുണ്ടാക്കിയ സ്കെച്ചുകളിലൊക്കെ സമാനമായ വേഷം തന്നെയാണ് ഉണ്ടായിരുന്നത്. കുറെ തവണ ഇതിന്‍റെ ട്രയലൊക്കെ നടത്തിയിരുന്നു. പിന്നീട് ഈയൊരു കാലഘട്ടത്തിനു യോജിക്കുന്ന തരത്തിലുള്ള കോസ്റ്റ്യൂം തയ്യാറാക്കുകയായിരുന്നു. മെല്‍വിനാണ് കോസ്റ്റ്യൂം ചെയ്തത്. റോളക്സാണ് ഹെയറും മേക്കപ്പും ചെയ്തത്. മുടിയൊക്കെ പ്രത്യേകം ഉണ്ടാക്കിയതാണ്. അവരു കുറച്ചു പണിയെടുത്തിട്ടുണ്ട്. ഒഡ്യാണം,തള എന്നിവയെല്ലാം ഉണ്ടാക്കിയെടുത്തതാണ്.

മമ്മൂട്ടി...അഭിനയത്തിന്‍റെ മാസ്റ്റര്‍

മമ്മൂക്കയൊപ്പം ഒരു റോള്‍ കിട്ടുക എന്നത് സന്തോഷമുള്ള കാര്യമാണ്. ഭയങ്കര അടിപൊളിയായിരുന്നു. പിന്നെ അദ്ദേഹം നമ്മുടെ മുന്നില്‍ വന്ന് അഭിനയിക്കുമ്പോള്‍ ആക്ടിംഗിന്‍റെ ഒരു മാസ്റ്റര്‍ വന്ന് അഭിനയിക്കുന്ന ഒരു ഫീലാണ്. ആക്ഷന്‍ പറയുന്ന സമയത്ത് അദ്ദേഹം കഥാപാത്രമായി മാറുന്നതെല്ലാം അതിശയത്തോടെയാണ് നോക്കിനിന്നത്. മമ്മൂക്കയുടെ ഒരു സീനിന്‍റെ ഷൂട്ട് കഴിയുമ്പോള്‍ തന്നെ നമുക്ക് പഠിക്കാന്‍ ഒരുപാടുണ്ടാകും. പോറ്റിയുടെ കൂടെയുള്ള അഭിനയം നല്ലൊരു അനുഭവമായിരുന്നു.


കമ്മട്ടിപ്പാടത്തിലെ റോസമ്മ

ചെറുപ്പം തൊട്ടെ സിനിമാ നടിയാകണമെന്നായിരുന്നു ആഗ്രഹം. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിസ് കേരളയില്‍ പങ്കെടുക്കുന്നത്. പിന്നെ മോഡലിംഗിലേക്ക് അവസരം ലഭിക്കുന്നു. അങ്ങനെ നേരെ കൊച്ചിയിലേക്ക് വരുന്നു. ഇതെല്ലാം സിനിമയിലേക്ക് കടക്കാനുളള ഒരു മാര്‍ഗമായിട്ടാണ് കണ്ടത്. പിന്നെ മോഡലിംഗും ആങ്കറിംഗുമൊക്കെ ചെയ്തു.

എന്‍റെ ആദ്യത്തെ സിനിമയാണ് കമ്മട്ടിപ്പാടംഎന്‍റെ ആദ്യത്തെ സിനിമയാണ് കമ്മട്ടിപ്പാടം. ചിത്രത്തിലെ റോസമ്മ എന്ന കഥാപാത്രം ആദ്യം എനിക്ക് ചലഞ്ചിംഗ് ആയിരുന്നു. രാജീവ് രവിയുടെ സിനിമയില്‍ ഒരു റോള്‍ ലഭിക്കുക എന്നൊക്കെ പറഞ്ഞാല്‍ വലിയ കാര്യമല്ലേ. ആ കഥാപാത്രത്തിനു വേണ്ടി കുറച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്. ഭ്രമയുഗത്തിലേക്ക് വന്നാല്‍ അതൊരു സാങ്കല്‍പിക കഥയും കഥാപാത്രങ്ങളുമാണ്. ബില്‍ഡ് ചെയ്തെടുക്കുന്ന കഥാപാത്രം. അത് വേറൊരു ജേര്‍ണി ആയിരുന്നു. ഇതുവരെ 9 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിഷ്ണുവര്‍ധന്‍റെ തമിഴ് സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.


TAGS :

Next Story