Quantcast

'കറുപ്പിൽ തൃഷക്ക് ശബ്ദം നൽകിയത് ഞാനാണ്, പക്ഷെ പുറത്തുപറയാൻ പേടിയായിരുന്നു'; ഗായിക ചിൻമയി ശ്രീപദ

സംവിധായകൻ ആർ.ജെ. ബാലാജിയെയും അദ്ദേഹത്തിന്‍റെ ഭാര്യ ദിവ്യ നാഗരാജനെയും തനിക്ക് വർഷങ്ങളായി വ്യക്തിപരമായി അറിയാമെന്ന് ചിന്മയി പറഞ്ഞു

MediaOne Logo
കറുപ്പിൽ തൃഷക്ക് ശബ്ദം നൽകിയത് ഞാനാണ്, പക്ഷെ പുറത്തുപറയാൻ പേടിയായിരുന്നു; ഗായിക ചിൻമയി ശ്രീപദ
X

ചെന്നൈ: സൂര്യയും തൃഷയും നായികാനായകൻമാരായി എത്തുന്ന 'കറുപ്പ്' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം റിലീസ് വൈകിയെങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കറുപ്പിൽ തൃഷക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഗായിക ചിൻമയി ശ്രീപദയായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് പുറത്തുപറയാൻ തനിക്ക് ഭയമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിൻമയി.

മുൻപ് ലോകേഷ് കനകരാജ്-വിജയ്‍ ചിത്രം 'ലിയോ'യിൽ തൃഷയ്ക്ക് വേണ്ടി താൻ ഡബ്ബ് ചെയ്തപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിരുന്നു. സമാനമായ പ്രതിസന്ധി 'കറുപ്പ്' സിനിമയുടെ ടീമിനും ഉണ്ടാകുമോ എന്നതായിരുന്നു ചിന്മയിയുടെ ഭയം.

സംവിധായകൻ ആർ.ജെ. ബാലാജിയെയും അദ്ദേഹത്തിന്‍റെ ഭാര്യ ദിവ്യ നാഗരാജനെയും തനിക്ക് വർഷങ്ങളായി വ്യക്തിപരമായി അറിയാമെന്ന് ചിന്മയി പറഞ്ഞു. ബാലാജി കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും സ്വപ്നങ്ങൾ നേടിയെടുത്ത വ്യക്തിയാണ്. ആ കുടുംബത്തോട് അത്രയേറെ അടുപ്പമുള്ളതുകൊണ്ട് തന്നെയാണ് താൻ കാരണം അവർക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

തമിഴ് സിനിമാ ലോകത്തെ മീ ടൂ തുറന്നുപറച്ചിലുകൾക്ക് ശേഷം ചിന്മയിക്ക് നേരെ തമിഴ്നാട്ടിലെ ചില സംഘടനകളിൽ നിന്നും സിനിമാ മേഖലയിലെ ചിലരിൽ നിന്നും അപ്രഖ്യാപിത വിലക്കുകളും സൈബർ ആക്രമണങ്ങളും നിലനിൽക്കുന്നുണ്ട്. ഇതാണ് താരം പുതിയ ചിത്രത്തിൽ ഡബ്ബ് ചെയ്ത വിവരം പുറത്തുപറയാൻ ഭയപ്പെട്ടത്.

തൃഷയ്ക്ക് ഡബ്ബ് ചെയ്യാൻ അനുവദിച്ചതിന് ബാലാജിയോട് ഗായിക നന്ദി പറഞ്ഞു.“എന്‍റെ സ്വന്തം നാട്ടിൽ ഭയമില്ലാതെ ജോലി ചെയ്യാനും അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഭയപ്പെടാതെ ജോലി ചെയ്യാനും കറുപ്പു സാമി എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വർഷങ്ങളായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ട എന്നെയും മറ്റുള്ളവരെയും ദൈവം വിലക്കാതിരിക്കാൻ സഹായിക്കട്ടെ'' ചിൻമയി കുറിക്കുന്നു. ലിയോയുടെ തെലുഗു, കന്നഡ പതിപ്പുകളിലും ചിൻമയി തന്നെയാണ് ഡബ്ബ് ചെയ്തത്.

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് ഡബ്ബിങ് അസോസിയേഷനില്‍ നിന്ന് ചിന്മയിയെ പുറത്താക്കിയത്. മാസത്തില്‍ 10 മുതല്‍ 15 പാട്ടുകള്‍ വരെ പാടിയിരുന്ന തനിക്ക് തമിഴില്‍ ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് ചിന്മയി വെളിപ്പെടുത്തുകയുണ്ടായി. ഇതിനകം കരാറില്‍ ഏര്‍പ്പെട്ട രണ്ട് സിനിമകളുടെ ഡബ്ബിങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ചിന്മയി നേരത്തെ പറഞ്ഞിരുന്നു.

TAGS :

Next Story