Quantcast

എന്‍റെ നായികയ്ക്കും പ്രൊഡ്യൂസര്‍ക്കും 21; അതാണ് ഈ സിനിമയുടെ വിജയം

കഴിഞ്ഞ 11 വര്‍ഷമായി മലയാള സിനിമയിലുണ്ട് ഷാന്‍ തുളസീധരന്‍. ഷാന്‍റെ രണ്ടാമത്തെ ചിത്രമാണ് ഡിയര്‍ വാപ്പി.

MediaOne Logo

ഖാസിദ കലാം

  • Published:

    20 Feb 2023 12:26 PM GMT

എന്‍റെ നായികയ്ക്കും പ്രൊഡ്യൂസര്‍ക്കും 21; അതാണ് ഈ സിനിമയുടെ വിജയം
X

സ്വന്തം സ്വപ്നങ്ങള്‍ക്ക് പിറകെ പോകുന്ന നായകന്‍റെ കഥ പറയുന്ന, മക്കളുടെ സ്വപ്നങ്ങള്‍ക്കൊപ്പം പോകുന്ന മാതാപിതാക്കള്‍ പ്രമേയമാകുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ വന്നുകഴിഞ്ഞു. എന്നാല്‍ ഒരു അച്ഛന്‍റെ സ്വപ്നത്തിന് വേണ്ടി പ്രയത്നിക്കുന്ന മകളുടെ കഥയാണ് ഡിയര്‍ വാപ്പി പറയുന്നത്. വാപ്പിയായി ലാല്‍ എത്തുമ്പോള്‍, മകള്‍ ആമിറയായി എത്തുന്നത്, തിങ്കളാഴ്ച നിശ്ചയത്തിലൂടെ പരിചിതയായ അനഘ നാരായണനാണ്. നിരഞ്ജ് മണിയന്‍പിള്ളയാണ് നായകന്‍.

തയ്യല്‍ക്കാരനായ ബഷീര്‍ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൈമുതലാക്കിയാണ് മുംബൈയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നത്. ആ സ്വപ്നങ്ങള്‍ക്കൊപ്പം മകളും കൂടുകയാണ്, ഇടയ്ക്ക് വരുന്ന പ്രതിസന്ധികള്‍, അതിനെ തരണം ചെയ്ത് വാപ്പിയുടെ സ്വപ്നത്തിലേക്ക് എത്തുന്ന മകള്‍... വളരെ മനോഹരമായാണ് സംവിധായകന്‍ ഷാന്‍ തുളസീധരന്‍ ഈ അച്ഛനെയും മകളെയും തനിമ ചോരാതെ സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി മലയാള സിനിമയിലുണ്ട് ഷാന്‍ തുളസീധരന്‍. ആദ്യം സംവിധാനം ചെയ്ത അനുരാധ ക്രൈം നമ്പര്‍ 59/2019 റിലീസിന് തയ്യാറെടുക്കുന്നു. ഷാന്‍റെ രണ്ടാമത്തെ ചിത്രമാണ് ഡിയര്‍ വാപ്പി.


സിനിമയിലുടനീളം അച്ഛന്‍-മകള്‍ കോമ്പോ വരുന്ന ഒരു പ്രമേയം ഇതാദ്യമല്ലേ?

ഉടനീളം ഇത്തരമൊരു കോമ്പോ ആദ്യമായാണ് എന്നുതന്നെയാണ് കരുതുന്നത്. അച്ഛന്‍-മകള്‍ ബന്ധം കാണിച്ച പല സിനിമകളിലും മകളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടുപോകുന്ന അച്ഛന്മാരാണ് പ്രമേയമായിട്ടുള്ളത്. എന്നാല്‍ അച്ഛന്‍റെ സ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി മകള്‍ ഇറങ്ങുന്ന കഥയാണിത്.

കൂടാതെ ഇതിനകത്ത് ഒരു മോട്ടിവേഷനുണ്ട്. 21 വയസ്സുള്ള ഒരു പെണ്‍കുട്ടി കല്യാണം കഴിക്കാനല്ല തയ്യാറെടുക്കേണ്ടത്, എന്തെങ്കിലും ഒരു ലക്ഷ്യം ഉണ്ടാകണം എന്ന് കാണിച്ചുകൊടുക്കുന്ന ഒരു അച്ഛനാണ് ഇതിലെ ലാലിന്‍റെ കഥാപാത്രം. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുക എന്ന് പറഞ്ഞാല്‍തന്നെ അമ്മയാകാന്‍ ഒരുങ്ങുക എന്നാണ്. ഇന്നലെ വരെ തന്‍റെ നെഞ്ചത്ത് കിടന്നുറങ്ങിയ മകള്‍, നാളെ ഒരു അമ്മയാകാന്‍ പ്രാപ്തയാകുകയാണ്. അങ്ങനെയുള്ള ഒരു മകള്‍ക്ക് എന്ത് ഗിഫ്റ്റാണ് ഒരു അച്ഛന്‍ കൊടുക്കേണ്ടത്, അതാണ് ഈ വാപ്പി മോള്‍ക്ക് നല്‍കുന്നത്. ഒരു കുടുംബത്തിലെ എല്ലാ ഇമോഷനുകളും ഉള്‍പ്പെട്ടിട്ടുള്ള ഒരു ചെറിയ സിനിമ, അതാണ് ഡിയര്‍ വാപ്പി.


ഇത് ലാലിനെ മുന്നില്‍ കണ്ട് എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നോ?

എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ ലാല്‍ ആയിരുന്നില്ല വാപ്പിയുടെ വേഷത്തില്‍. പക്ഷേ, പിന്നീട് പ്രൊഡക്ഷന്‍ മീറ്റിംഗിനിടെ നടക്കുന്ന ചര്‍ച്ചകള്‍ക്കിടെയാണ്, വാപ്പിയുടെ വേഷം ലാല്‍ ചെയ്താല്‍ നന്നായിരിക്കും എന്ന അഭിപ്രായം വരുന്നത്.

അനഘ മുഖ്യധാരയിലേക്ക് വന്ന ഒരു നടിയല്ല.. എങ്ങനെയാണ് നായിക വേഷം അനഘയിലേക്ക് എത്തുന്നത്?

എന്‍റെ നായിക ആമിറയ്ക്ക് പ്രായം 21 ആണ്... ആ കഥാപാത്രം 21 വയസ്സുള്ള ഒരു പെണ്‍കുട്ടി തന്നെ ചെയ്യണമെന്നുണ്ടായിരുന്നു.. തിങ്കളാഴ്ച നിശ്ചയം കണ്ടുകഴിഞ്ഞപ്പോള്‍ ആ കുട്ടി ഇതിലേക്ക് പറ്റുമെന്ന് തോന്നി.. എന്‍റെ ആ തോന്നല്‍ നൂറുശതമാനവും സത്യമായി.. എന്‍റെ ആമിറ അനഘയുടെ കയ്യില്‍ ഭദ്രമായിരുന്നു.

നിരഞ്ജിലേക്ക് നായകവേഷമെത്തുന്നത്?

റിയാസ് ഒരു പോസിറ്റീവ് കാരക്ടറാണ്.. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവന്‍.. നായകനെ കാണുന്നവര്‍ക്കും ആ ഒരു പോസിറ്റിവിറ്റി ഫീല്‍ ചെയ്യണം. എന്ത് വിഷമം പിടിച്ച ഘട്ടത്തിലും ചിലരുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് ഒരു പോസിറ്റീവ് വൈബ് നല്‍കും. അങ്ങനെ ഒരാളാണ് റിയാസ്. ഒരുപാട് അനുഭവങ്ങളൊക്കെയുള്ള ഒരു കാരക്ടറാണ്… അതിന് അനുസരിച്ചുള്ള ഒരു മുഖമാണ് ഞാന്‍ തിരഞ്ഞത്. നിരഞ്ജ് മലയാളീ പ്രേക്ഷകര്‍ക്ക് പരിചിതനുമാണ്..


ചിത്രത്തിലെ സഹതാരങ്ങള്‍ പോലും ശ്രദ്ധിക്കപ്പെട്ടു.. മൊത്തം ഒരു പോസിറ്റീവ് സിനിമയാണല്ലോ?

ഈ സിനിമയില്‍ സമൂഹത്തെയും പോസിറ്റീവായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. നമ്മുടെ ലക്ഷ്യത്തെ സപ്പോര്‍ട്ട് ചെയ്യാനായി ചുറ്റുമുള്ളവരും കൂടെ നില്‍ക്കുകയാണെങ്കില്‍ ആ നെഗറ്റീവ് വൈബ് മാറി പോസിറ്റീവ് എനര്‍ജി പടരും. ഒരു യുവാവിനെയും യുവതിയെയും ഒരുമിച്ചു കണ്ടാല്‍, സമൂഹത്തിലെ വ്യക്തികളുടെ ഭാവനകളില്‍ നിറയുന്നത് നെഗറ്റീവ് ചിന്തകള്‍ മാത്രമാണ്. അത് പോസിറ്റീവ് ആയിക്കൂടെ എന്ന ചോദ്യമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. ഒരു ലക്ഷ്യംവെച്ച് നമ്മള്‍ മുന്നോട്ടുപോകുമ്പോള്‍ നമ്മള്‍ മാത്രം നന്നായാല്‍ പോരാ നമ്മുടെ ചുറ്റുപാടും നന്നാവണം. എന്നാലേ നമ്മുടേതായ സ്വപ്നങ്ങളിലും സന്തോഷങ്ങളിലും ജീവിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സിനിമ പറയുന്നത്. അതാണ് സിനിമയുടെ രാഷ്ട്രീയവും.

മലയാളസിനിമകളിലെ സ്ഥിരം ചില വാര്‍പ്പുമാതൃകകളെ പൊളിക്കാന്‍ സിനിമയിലൂടെ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടല്ലോ… ?

നിലവിലെ ഒരു ചെയിന്‍ പൊട്ടിക്കാന്‍ കഴിയുക എന്നത് തന്നെ വളരെ പ്രധാനപ്പെട്ടതാണ്… പിന്നെ, ചില കഥാപാത്രങ്ങളും കഥാതന്തുക്കളും കഥാപരിസരങ്ങളും പ്രമേയമായി നിരന്തരം സിനിമകള്‍ വന്നു കഴിഞ്ഞതുകൊണ്ടാണല്ലോ, നമ്മള്‍ ഈ വാര്‍പ്പുമാതൃക എന്ന് പറയുന്നത് തന്നെ. വാര്‍പ്പുമാതൃകകള്‍ പൊളിയാതിരിക്കാനായി എന്തിനാണ് വീണ്ടും വീണ്ടും അതുതന്നെ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഡിയര്‍ വാപ്പി നമുക്കുചുറ്റുമുള്ള, നമ്മുടെ വീടിന് അപ്പുറമുള്ള ഒരു വീട്ടിലെ കുടുംബത്തിലെ കഥയാണിത്.. സിനിമ കാണുന്ന ഓരോ സാധാരണക്കാരനും അങ്ങനെ ഒരു ഫീലിംഗ് ഉണ്ടാവണം എന്ന് മാത്രമായിരുന്നു ആഗ്രഹം. അത് കിട്ടുന്നു എന്നറിഞ്ഞതില്‍ സന്തോഷവുമുണ്ട്.

എന്തുകൊണ്ടാണ് മാഹിയെ ലൊക്കേഷനായി തെരഞ്ഞെടുത്തത്?

ഇതിലെ കഥാപാത്രങ്ങളെല്ലാം വളരെ സോഫ്റ്റായി സംസാരിക്കുന്നവരാണ്. അവിടുത്തെ ഒരു മുസ്‍ലിം സംസ്കാരം, ആ ചുറ്റുപാടുകള്‍.. ആ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഒരു വാപ്പയും മകളും... അങ്ങനെയൊരു കഥയാണ് മനസ്സിലുണ്ടായിരുന്നത്. അത് അവിടെ തന്നെ ചെയ്യണമെന്ന് തോന്നി...

പ്രൊഡ്യൂസര്‍ പക്ഷേ മലയാളിയല്ലല്ലോ?

തമിഴ്നാട്ടുകാരനാണ്... ആര്‍. മുത്തയ്യ മുരളി... ഒരുപാട് മലയാളസിനിമകള്‍ കാണുന്ന ഒരാളാണ് അദ്ദേഹത്തിന്‍റെ അച്ഛന്‍.. അച്ഛനോടാണ് ആദ്യം കഥ പറയുന്നത്. കഥ കേട്ട ഉടനെ ഇഷ്ടപ്പെട്ടു എന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ പിന്നെ ഒരു കാര്യം കൂട്ടിച്ചേര്‍ത്തു.. ഇന്നത്തെ കാലത്ത് ഇറങ്ങുന്ന സിനിമകളുടെ ഭാവി തീരുമാനിക്കുന്നത് യൂത്ത് ആണ്. എന്‍റെ മകന് വയസ്സ് 21 ആണ്. അവനായിരിക്കും ഈ സിനിമയുടെ പ്രൊഡ്യൂസര്‍. കഥ അവനും ഇഷ്ടപ്പെടണം. മുത്തുവിന് കഥ വളരെ റിലേറ്റായി... ചുരുക്കത്തില്‍ കഥ പറഞ്ഞു മൂന്നാംമാസം പടം റിലീസാണ്.


അച്ഛനൊരു കത്ത് പോലെയുള്ള സിനിമ റീലിസുമായി ബന്ധപ്പെട്ട വ്യത്യസ്തമായ കാമ്പയിനുകള്‍ വളരെ ശ്രദ്ധിക്കപ്പെട്ടല്ലോ…

ആമിറയുടെ മനസ്സിലെ വാപ്പി ആരാണ് എന്ന് അവള്‍ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ അച്ഛനെ സ്നേഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. ആ പെണ്‍കുട്ടികള്‍ക്ക് അച്ഛനെ കുറിച്ച് ഒരുപാട് പറയാനുണ്ട്. അതിന് തെളിവാണ് ഞങ്ങള്‍ക്ക് കിട്ടിയ 6000 ഓളം കത്തുകള്‍. ഐഫോണ്‍, ലാപ്ടോപ്പ് പോലുള്ള സമ്മാനങ്ങളാണ് അച്ഛന്‍റെ പ്രിയപ്പെട്ട മകളെ കാത്തിരിക്കുന്നത്.

രണ്ട് സിനിമകളാണ് ഒരുമിച്ച് റിലീസിന് എത്തുന്നത്?

ആദ്യം ചെയ്തത് അനുരാധ ക്രൈം നമ്പര്‍ 59/2019യായിരുന്നു. പക്ഷേ ആദ്യം റിലീസിനെത്തിയത് ഡിയര്‍ വാപ്പിയാണ്. അനുരാധ ഒരു ത്രില്ലര്‍, ഇമോഷന്‍ മൂവിയാണ്.. അനുസിതാര, ഇന്ദ്രജിത്, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി ഒരുപാട് താരനിരയുള്ള ഒരു സിനിമയാണത്.. അടുത്ത് തന്നെ റിലീസ് ഉണ്ടാകും.

TAGS :

Next Story