രണ്ടാമത്തെ മകൾക്ക് ‘ദേവി’ എന്ന് പേരിട്ട് ദീപികയും രൺവീറും; കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരദമ്പതികൾ
അമ്മയായതിനുശേഷം സിനിമയിലെ ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന ദീപികയുടെ ആവശ്യം അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു

മുംബൈ: രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. ‘ദേവി പദുക്കോൺ സിങ്’ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ചതോടെ താരദമ്പതികൾക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തി.
ദീപികയും രൺവീറും സംയുക്തമായാണ് സമൂഹമാധ്യമങ്ങളിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്. ‘Of Love & Abundance’എന്ന കുറിപ്പിനൊപ്പമാണ് മകളുടെ പേര് പുറത്തുവിട്ടത്. മൂത്ത മകൾ ദുവയ്ക്കും ഇളയ മകൾ ദേവിക്കുമൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
സിനിമയ്ക്കപ്പുറവും താരദമ്പതികളുടെ ജീവിതം ബോളിവുഡിൽ ഏറെ ചർച്ചയാകാറുണ്ട്. അമ്മയായതിനുശേഷം സിനിമയിലെ ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന ദീപികയുടെ ആവശ്യം അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് ദീപികയെ ഒഴിവാക്കിയതും വാർത്തയായിരുന്നു. ജോലി സമയവുമായി ബന്ധപ്പെട്ട നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പുരുഷ താരങ്ങൾക്ക് ഇത്തരം ഇളവുകൾ അനുവദിക്കുമ്പോൾ താൻ ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നുമായിരുന്നു ദീപികയുടെ പ്രതികരണം.
അതേസമയം, രൺവീർ സിങ്ങിന്റെ കരിയറിലും വലിയ വിജയങ്ങൾ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ധുരന്ധർ’ ഉൾപ്പെടെയുള്ള സിനിമകളുടെ വിജയത്തോടെ ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളെന്ന നിലയിൽ രൺവീർ തന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.
സഞ്ജയ് ലീല ബൻസാലിയുടെ ‘ഗൊലിയോൻ കി രാസ്ലീല രാം-ലീല’യിലൂടെയാണ് ദീപികയും രൺവീറും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തി. സിനിമയിലെ കൂട്ടുകെട്ട് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളരുകയായിരുന്നു.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളിലൂടെയും ദീപിക ശ്രദ്ധ നേടിയിട്ടുണ്ട്. വിഷാദാവസ്ഥയിലൂടെ കടന്നുപോയ അനുഭവം പങ്കുവെച്ച താരം, മാനസികാരോഗ്യവും ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ നാണക്കേട് തോന്നേണ്ടതില്ലെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.
രണ്ടാമത്തെ മകളുടെ പേര് പുറത്തുവിട്ടതോടെ ദീപികയുടെയും രൺവീറിന്റെയും കുടുംബവിശേഷങ്ങൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
Adjust Story Font
16

