ബോബിക്കോ സണ്ണിക്കോ ഇഷക്കോ അല്ല; കോടിക്കണക്കിന് വിലമതിക്കുന്ന പൂർവിക സ്വത്ത് ധര്‍മേന്ദ്ര കൊടുത്തത് മറ്റൊരാൾക്ക്: കാരണമിതാണ്!
റിപ്പോര്‍ട്ടുകള്‍ പ്രകാരം 400-450 കോടിയുടെ സ്വത്തുണ്ട് ധര്‍മേന്ദ്രയ്ക്ക്

മുംബൈ: ഇന്ത്യൻ സിനിമയുടെ ഹീ-മാൻ ഓര്‍മകളിലേക്ക് നടന്നുപോയിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളൂ. നവംബർ 24 ന് മുംബൈയിലെ ജുഹുവിലുള്ള വസതിയിൽ വച്ച് 89-ാം വയസിലായിരുന്നു അന്ത്യം. ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയനായ നടൻമാരിൽ ഒരാളായിരുന്നു ധര്‍മേന്ദ്ര. കരിയറിൽ കത്തിനിൽക്കുമ്പോൾ ആഡംബര ജീവിതം നയിക്കുകയും പിന്നീട് ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് വീഴാറുള്ള ചുരുക്കം ചില അഭിനേതാക്കളെ പോലെ ആയിരുന്നില്ല അദ്ദേഹം. അവസാനകാലത്തും ബോളിവുഡിലെ അതിസമ്പന്നൻമാരിൽ ഒരാളായിരുന്നു ധര്‍മേന്ദ്ര.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 400-450 കോടിയുടെ സ്വത്തുണ്ട് ധര്‍മേന്ദ്രയ്ക്ക്. അതില്‍ മുംബൈയിലെ ആഢംബര ബംഗ്ലാവും ജന്മനാടായ പഞ്ചാബിലെ ലൊണാവ്‌ലയിലെ ഫാം ഹൗസും ഉള്‍പ്പെടും. നൂറ് ഏക്കറാണ് ലൊണാവ്‌ലയില്‍ അദ്ദേഹത്തിനുള്ളത്. ആദ്യ ഭാര്യ പ്രകാശ് കൗശിനൊപ്പം അദ്ദേഹം താമസിച്ചിരുന്നത് ഇവിടെയായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട് ഡിയോൾ കുടുംബത്തിൽ ഒരു തര്‍ക്കവുമില്ലെന്ന് ബി ടൗണിൽ നിന്നുള്ള റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നിരുന്നാലും പഞ്ചാബിലെ ധർമേന്ദ്രയുടെ പൂർവിക സ്വത്ത് അദ്ദേഹത്തിന്‍റെ മക്കൾക്ക് ലഭിക്കില്ല. കോടിക്കണക്കിന് വിലമതിക്കുന്ന ആ ഭൂമി, നടൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മറ്റൊരാൾക്ക് വിട്ടുകൊടുത്തിരുന്നു.
പഞ്ചാബിലെ നസ്രാലി എന്ന ഗ്രാമത്തിലാണ് ധർമേന്ദ്ര ജനിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബം അടുത്തുള്ള ഡാങ്കോൺ ഗ്രാമത്തിൽ നിന്നുളളവരാണ്. ഇവിടെയായിരുന്നു താരത്തിന്‍റെ കുട്ടിക്കാലം. പിതാവിന് അവിടെ സ്വന്തമായി ഭൂമിയുണ്ടായിരുന്നു. എന്നാൽ 1950-കളിൽ ധർമ്മേന്ദ്ര മുംബൈയിലേക്ക് പോയതിനുശേഷം, അദ്ദേഹത്തിന്‍റെ ബന്ധുക്കളും അവരുടെ മക്കളുമാണ് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തിരുന്നത്. ഈ സ്ഥലവും അതിലുള്ള വീടും നിലവിൽ 5 കോടി വിലമതിക്കുന്നുണ്ട്.
2015-ൽ ധർമേന്ദ്ര ഗ്രാമം സന്ദർശിച്ചപ്പോൾ, പതിറ്റാണ്ടുകളായി പരിപാലിച്ചുവന്നിരുന്ന ഭൂമി അനന്തരവൻമാർക്ക് സമ്മാനമായി നൽകി. “ധർമേന്ദ്ര എന്റെ അച്ഛൻ മഞ്ജിത് സിങ്ങിന്റെ കസിൻ ആയിരുന്നു. 2019-ൽ അദ്ദേഹത്തിന്‍റെ മകൻ സണ്ണി ഡിയോൾ ഗുരുദാസ്പൂരിൽ നിന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി ഗ്രാമത്തിൽ വന്നത്. അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്താൻ ഞാനും ഗുരുദാസ്പൂരിൽ പോയി. അതിനുമുമ്പ്, 2015-16-ൽ അദ്ദേഹം ഗ്രാമത്തിലെത്തിയത് 19 കനാൽ ഭൂമിയും മൂന്ന് മർല ഭൂമിയും മഞ്ജിത് സിങ്ങിനും അമ്മാവൻ ശിംഗാര സിങ്ങിനും (ഇപ്പോൾ മരിച്ചു) കൈമാറിയപ്പോഴാണ്.” അനന്തരവൻ ബൂട്ട സിങ് ഡിയോൾ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ധർമേന്ദ്ര എന്തുകൊണ്ടാണ് പൂർവിക ഭൂമി ബന്ധുക്കൾക്ക് വിട്ടുകൊടുത്തതെന്ന് ബൂട്ടാ സിങ് വിശദീകരിച്ചു. “പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം മുംബൈയിലേക്ക് പോയപ്പോൾ ഞങ്ങളുടെ കുടുംബം ആ ഭൂമി പരിപാലിക്കുന്നു. ഞങ്ങൾ അതിൽ കൃഷി ചെയ്യുന്നു. അദ്ദേഹം ഒരിക്കലും തന്റെ വേരുകളും ഞങ്ങളെയും മറന്നില്ല,” സിങ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

