Quantcast

ഇന്ത്യന്‍ സിനിമയിലെ ദുരന്ത നായകന്‍; ദിലീപ് കുമാറിന്‍റെ അഭിനയ ജീവിതത്തിലൂടെ...

1944ല്‍ ആയിരുന്നു ദിലീപിന്‍റെ ആദ്യ ചിത്രമായ ജ്വാര്‍ ഭട്ട പുറത്തിറങ്ങുന്നത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-07 06:49:32.0

Published:

7 July 2021 5:56 AM GMT

ഇന്ത്യന്‍ സിനിമയിലെ ദുരന്ത നായകന്‍; ദിലീപ് കുമാറിന്‍റെ അഭിനയ ജീവിതത്തിലൂടെ...
X

മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ദുരന്ത നായകന്‍ എന്നായിരുന്നു ബോളിവുഡ് വിശേഷിപ്പിച്ചിരുന്നത്. ആറ് പതിറ്റാണ്ട് നിന്ന അഭിനയ കാലത്ത് കൃത്യമായി പറഞ്ഞാല്‍ നീണ്ട 58 വര്‍ഷങ്ങള്‍ സിനിമാലോകത്തിന് എന്നെന്നും ഓര്‍മിച്ച് വയ്ക്കാവുന്ന സിനിമകള്‍ അദ്ദേഹം സമ്മാനിച്ചു.

1944ല്‍ ആയിരുന്നു ദിലീപിന്‍റെ ആദ്യ ചിത്രമായ ജ്വാര്‍ ഭട്ട പുറത്തിറങ്ങുന്നത്. അരങ്ങേറ്റ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ബോളിവുഡില്‍ കാലുറപ്പിക്കാന്‍ ദിലീപിന് പിന്നെയും മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ജുഗുനുവിലൂടെ ആദ്യം ബോക്സോഫീസ് ഹിറ്റ്. പിന്നീട് മേള(1948), അന്ധാസ്(1949) ദീദര്‍ (1951) നിരവധി ഹിറ്റ് ചിത്രങ്ങള്‍.. ദിലീപ് കുമാര്‍ എന്ന നായകന്‍ പതിയെ ബോളിവുഡ് കീഴടക്കുകയായിരുന്നു.

ബംഗാളി എഴുത്തുകാരന്‍ ശരത്ചന്ദ്ര ചതോപധ്യായയുടെ നോവല്‍ ദേവദാസ് 1955ല്‍ വെള്ളിത്തിരയിലെത്തിയപ്പോള്‍ ദേവദാസിനെ അവതരിപ്പിച്ചത് ദിലീപ് കുമാറായിരുന്നു. നഷ്ടപ്രണയത്തിന്‍റെ കഥ പറഞ്ഞ ദേവദാസിലെ നായകന് ദിലീപ് കുമാറിന്‍റെ അതേ മുഖമായിരുന്നു. രാജ് കപൂറും ദേവാനന്ദും നിറഞ്ഞു നിന്ന ഹിന്ദി സിനിമാലോകത്ത് തന്‍റെതായ ഇടം കണ്ടെത്താന്‍ ദിലീപിന് സാധിച്ചു. ദിലീപ് കുമാറിനോടൊപ്പം സുചിത്ര സെന്‍, വൈജയന്തിമാല എന്നിവരും വേഷമിട്ട ഈ ചിത്രം ആരാധകരുടെ മാത്രമല്ല നിരൂപകരുടെ പ്രശംസയും ഏറ്റുവാങ്ങി.കാമുകിയുടെ വീടിന് മുന്നില്‍ ഹൃദയം പൊട്ടിമരിച്ചു വീഴുന്ന ദേവദാസിനെ കണ്ട് ആരാധകരും നെഞ്ച് പൊട്ടി കരഞ്ഞു. ആ കാലത്ത് അഭിനയിച്ചതില്‍ പാതിയും ദുരന്ത നായകന്‍റെ വേഷങ്ങളായിരുന്നെങ്കിലും ദിലീപിന്‍റെ കരിയര്‍ ഗ്രാഫ് ഉയരത്തില്‍ തന്നെയായിരുന്നു.

1960ല്‍ ചരിത്ര സിനിമയായ മുഗള്‍ ഇ അസം പുറത്തിറങ്ങിയപ്പോള്‍ സലിമായി എത്തിയത് ദിലിപായിരുന്നു. മുഗൾ ചക്രവർത്തിയായ അക്ബറിന്‍റെ പുത്രൻ സലീമും അനാർക്കലി എന്ന ദരിദ്ര യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. ഹിന്ദി സിനിമാസംഗീതത്തിലെ എക്കാലത്തെയും ഹിറ്റുകളാണ് ഈ സിനിമയിലെ പാട്ടുകള്‍. അക്കാലത്ത് ഏറ്റവും ചെലവ് കൂടിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമായിരുന്നു മുഗള്‍ ഇ അസം.

1962ല്‍ പ്രശസ്ത ബ്രിട്ടീഷ് സംവിധായകനായ ഡേവിഡ് ലീന്‍ ലോറൻസ് ഓഫ് അറേബ്യ എന്ന ചിത്രത്തിലെ ഷെരീഫ് അലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ദിലീപിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ആ വലിയ ഓഫര്‍ നിരസിച്ചു. 1967ല്‍ ദിലീപ് ഇരട്ട വേഷത്തിലെത്തിയ രാം ഓര്‍ ശ്യാം വന്‍ഹിറ്റായി. എഴുപതുകള്‍ ദിലീപിന്‍റെ ഒപ്പമായിരുന്നില്ല. ദസ്താൻ (1972) ബോക്സോഫീസിൽ പരാജയപ്പെട്ടു.

1976 മുതൽ 1981 വരെ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. ക്രാന്തി എന്ന ചിത്രം അദ്ദേഹത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ പദവിയെ തിരിച്ചുപിടിച്ചു. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിലായി ദിലീപ് കുമാറിന്‍റെ ശ്രദ്ധ. ശക്തി, വിധാത, മാഷ, കര്‍മ തുടര്‍ച്ചയായ ഹിറ്റുകള്‍.

1991ല്‍ രാജ് കുമാറിനൊപ്പം അഭിനയിച്ച സൌദാഗര്‍ സൂപ്പര്‍ ഹിറ്റായി. 50 വര്‍ഷമായി സിനിമക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് ആദ്യത്തെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് 1993ല്‍ അദ്ദേഹത്തെ തേടിയെത്തി. 1996ല്‍ കലിംഗ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. 1998ല്‍ റിലീസ് ചെയ്ത അവസാന ചിത്രം കില ബോക്സോഫീസില്‍ പരാജയപ്പെട്ടു. പിന്നീട് സിനിമയില്‍ നിന്നും വിട്ടുനിന്ന ദിലീപ് പൊതുചടങ്ങുകളിലും നിന്നും സിനിമാക്കാരുടെ പരിപാടികളില്‍ നിന്നും അകലം പാലിച്ചു.

അടുത്ത കാലങ്ങളില്‍ അദ്ദേഹം ക്ഷീണിതനായിട്ടാണ് കാണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 98ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും വാര്‍ധക്യ സഹജമായ അവശതകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒടുവില്‍ ബുധനാഴ്ചയോടെ ആ ഇതിഹാസ തുല്യമായ ജീവിതത്തിന് തിരശ്ശീല വീഴുകയായിരുന്നു.

TAGS :

Next Story