Quantcast

'സന്ദേശം പോലെ കാലത്തെ അതിജീവിക്കുന്ന സിനിമയായിരിക്കും ഒരു താത്വിക അവലോകനം'

രണ്ടു കൊല്ലം കഴിഞ്ഞാലും ഈ സിനിമയിലെ ഓരോ രംഗങ്ങളും ലൈവായി തന്നെയുണ്ടാകുമെന്ന് സംവിധായകൻ അഖിൽ മാരാർ

MediaOne Logo

പി ലിസ്സി

  • Updated:

    2021-12-15 09:02:04.0

Published:

15 Dec 2021 8:33 AM GMT

സന്ദേശം പോലെ കാലത്തെ അതിജീവിക്കുന്ന സിനിമയായിരിക്കും ഒരു താത്വിക അവലോകനം
X


ജോജു ജോർജ്, ഷമ്മി തിലകൻ, നിരഞ്ജൻ രാജു, അജുവർഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ.ഗീവർഗീസ് യോഹന്നാൻ നിർമിച്ച് അഖിൽ മാരാർ സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനം
.ജനുവരി ഏഴിന് തിയേറ്ററുകളിലെത്തുകയാണ്. പൂർണമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ മൂന്ന് ടീസറുകളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ അഖിൽ മാരാർ സിനിമയെ കുറിച്ച് മനസ് തുറക്കുന്നു

സഹ സംവിധായകനിൽ നിന്ന് സംവിധായകനിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

എഴുത്തിനോട് ആദ്യമേ ഇഷ്ടവും വാസനയുമുള്ള ആളായിരുന്നു ഞാൻ. സിനിമ എന്ന മോഹം ആദ്യമേ മനസിലുണ്ട്. 2009 ന്റെ തുടക്കത്തിൽ വിനീത് ശ്രീനിവാസനോട് കഥപറയാനൊക്കെ പോയാണ് തുടക്കം. പിന്നീട് 2010 ൽ ഷാജി കൈലാസിന്റെ ആഗസ്റ്റ് 15 എന്ന സിനിമയിൽ അസി.ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. തിരക്കഥ പകർത്തിയെഴുതലും മറ്റുമായിരുന്നു അന്ന് പ്രധാന ജോലി. പിന്നീട് 2013 ലാണ് ഔദ്യോഗികമായി അസി.ഡയറക്ടറാകുന്നത് .ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവൻ സിനിമയിലാണ് അസി.ഡയറക്ടറായത്. ഒരുപാട് സിനിമയിൽ ഇങ്ങനെ തുടരണം എന്നൊന്നും മനസിലില്ലായിരുന്നു. പേരറിയാത്തവന്റെ ഷൂട്ടിങ്ങ് കഴിഞ്ഞത് മുതൽ സ്വന്തം സിനിമ എന്ന സ്വപ്നത്തിലേക്ക് കാലെടുത്ത് വെച്ചിരുന്നു.

2014 ൽ ഒരു തിരക്കഥ എഴുതി പൂർത്തിയാക്കുകയും മലയാളത്തിലെ യുവനടനോട് കഥപറയുകയും ചെയ്തിരുന്നു. സിനിമക്ക് നിർമാതാവിനെയൊക്കെ കിട്ടിയിരുന്നു. പക്ഷേ തുടക്കക്കാരൻ എന്ന നിലയിൽ ചെറിയ പാരവെപ്പുകൾ കിട്ടിയതിനാൽ ആ പ്രൊജക്ട് ഉപേക്ഷിച്ചു. പിന്നീട് വേറെ ആരുടെയും കൂടെ വർക്ക് ചെയ്യാൻ പോയിട്ടില്ല. നല്ല കഥ കൈയിലുണ്ടെങ്കിൽ സിനിമ ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഉള്ളിലുണ്ടായിരുന്നു. അതിനിടയിൽ 2015 ലും 2016 നും ഓരോ ഷോർട്ട് ഫിലിം ചെയ്തു.


ഒരു താത്വിക അവലോകനം എന്ന സിനിമയുടെ പിറവി എങ്ങനെയായിരുന്നു?

അവിചാരിതമായ ഈശ്വരന്റെ ഇടപെടൽ എന്നാണ് ഞാനിതിനെ പറയുക. വിധിയാണ് എന്നെ സംവിധായകനാക്കിയത്. എനിക്കറിയാവുന്ന മറ്റൊരു സംവിധായകന് വേണ്ടിയാണ് നിർമാതാവിനെ ആദ്യം കാണാൻ പോകുന്നത്. ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു.എന്നാൽ എനിക്കൊരു സിനിമ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാത്തത് കൊണ്ട് അത്തരം കാര്യങ്ങളൊന്നും ഞങ്ങളതുവരെ സംസാരിച്ചിട്ടില്ലായിരുന്നു.

രണ്ടുമൂന്ന് പേർക്ക് വേണ്ടി ഇതുപോലെ മീഡിയേറ്ററായി അദ്ദേഹത്തെ കാണാൻ പോയി. ഇത്തരം നല്ല ബന്ധങ്ങളൊക്കെയുണ്ടാക്കിയെടുത്ത് അഞ്ചുകൊല്ലത്തിന് ശേഷം സിനിമയൊക്കെ ചെയ്യാം എന്നൊക്കെയായിരുന്നു മനസിലുണ്ടായിരുന്നത്. ഞാൻ ഫേസ്ബുക്കിലും വാരികയിലുമെല്ലാം എഴുതുന്നത് നിർമാതാവ് വായിച്ചിട്ടുണ്ടായിരുന്നു. നീ എഴുതുന്ന ആളല്ലേ, നീയൊരു തിരക്കഥ എഴുതിവാ .നമുക്ക് സംസാരിക്കാം എന്ന് അദ്ദേഹം പറഞ്ഞു.അന്ന് എന്റെ കൈയിൽ എഴുതി തീർത്ത ഒന്നുരണ്ട് തിരക്കഥ ഉണ്ടായിരുന്നു. അതിൽ ചെയ്യാൻ പറ്റുമെന്ന് തോന്നിയ തിരക്കഥയുമായി അദ്ദേഹത്തെ കാണാൻ പോയി. ഇന്റർവെൽ വരെയുള്ള ഭാഗങ്ങൾ അദ്ദേഹത്തിനെ കേൾപ്പിച്ചു. പക്ഷേ 2010ൽ ഞാൻ എഴുതിയ കഥയുടെ പശ്ചാത്തലത്തിൽ നിന്ന് കാലവും സിനിമയും ഒരുപാട് മാറിയിരുന്നു. അതുകൊണ്ട് ഈ രീതിയിൽ കഥ മുന്നോട്ട് പോയാൻ ശരിയാവില്ലെന്ന് എനിക്ക് തന്നെ തോന്നി.

കുറച്ച് കൂടി അപ്ഡേറ്റഡായ സിനിമ എടുക്കണമെന്ന് മനസും പറഞ്ഞു. പക്കാ ന്യൂജൻ സിനിമയല്ല, പഴയ ആളുകൾക്കും അത് ഇഷ്ടപ്പെടണം, പുതിയവർക്കും ഇഷ്ടമാകണം.ഈ സിനിമ നമുക്ക് ചെയ്യേണ്ട. മറ്റൊരു തിരക്കഥയുമായി ഞാൻ വരാം. സാറ് അതൊന്ന് കേൾക്കണം എന്ന് നിർമാതാവിനോട് പറയുകയും അദ്ദേഹമത് സമ്മതിക്കുകയും ചെയ്തു. നാലഞ്ചു ദിവസം കൊണ്ട് പുതിയ തിരക്കഥ എഴുതി തീർത്തു. ആ സമയത്ത് നിർമാതാവ് ഗൾഫിലായിരുന്നു. അദ്ദേഹത്തിന്റെ മാനേജർമാരോടുമെല്ലാം കഥ പറഞ്ഞതിന് ശേഷമാണ് നിർമാതാവിനെ വീണ്ടും കണ്ടതും സംസാരിക്കുന്നതും. അങ്ങനെയാണ് 2019 ന്റെ തുടക്കത്തിൽ ഒരു താത്വിക അവലോകനം എന്ന സിനിമ പിറവിയെടുത്തത്.

ആദ്യ സിനിമ രാഷ്ട്രീയ ആക്ഷേപഹാസ്യ ജോണറിൽ എടുക്കാൻ കാരണമെന്തായിരുന്നു ?

ലോകനിലവാരത്തിലുള്ള ത്രില്ലർ സിനിമയെല്ലാം ജനങ്ങളിന്ന് ഒ.ടി.ടിയിൽ കണ്ടു തീർന്നുകഴിഞ്ഞു. ഫാന്റസിയായാലും ഫിക്ഷനായാലും അതിന്റെ ഏറ്റവും ഉന്നതനിലവാരത്തിലുള്ള സിനിമകൾ ഇന്ന് മലയാളികൾക്ക് മനപാഠമാണ്. ഏത് ജോണർ ചെയ്യണം എന്ന് ചിന്തിച്ചപ്പോൾ സത്യൻ അന്തിക്കാടിനെയും സന്ദേശം എന്ന സിനിമയുമാണ് മനസിലേക്ക് ഓടി വന്നത്. ഞാനും കുറച്ചുകാലം രാഷ്ട്രീയത്തിലൊക്കെ പ്രവർത്തിച്ചയാളാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമക്ക് കൂടുതൽ സാധ്യതയുള്ളതായി തോന്നി. ആ സമയത്താണ് നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത്. കേരളത്തിലെങ്ങും സജീവമായി രാഷ്ട്രീയം ചർച്ച ചെയ്യുന്ന സമയം. എനിക്ക് എന്തുകൊണ്ട് കഴിഞ്ഞ അഞ്ചുവർഷത്തെ കേരള രാഷ്ട്രീയം അവലോകനം ചെയ്തു കൂടാ എന്ന ചിന്തയിൽ നിന്ന് തന്നെയാണ് ഒരു പൊളിറ്റിക്കൽ സറ്റെയർ സിനിമ തന്നെ ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

മറ്റൊരു സന്ദേശമായിരിക്കുമോ ഈ സിനിമ ?

ആദ്യമേ പറയട്ടെ മറ്റൊരു സിനിമയെയും ഇതിനെയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. സിനിമയുടെ എല്ലാ പണികളും പൂർത്തിയാക്കിയതിന് ശേഷം ഞാൻ ശ്രീനിവാസൻ സാറെ കണ്ടിരുന്നു. സത്യൻ അന്തിക്കാടിനെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല. ഫോണിൽ സംസാരിച്ചിരുന്നു. ശ്രീനിവാസൻ സാറിനോട് ഒന്നരമണിക്കൂറോളം സംസാരിച്ചു. കുറേ കാര്യങ്ങളിൽ ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. സന്ദേശം എന്ന സിനിമ ഏത് കാലഘട്ടത്തിന്റെയും സിനിമയാണ്. ഈ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴും അങ്ങനെയൊരു ആശയമായിരുന്നു മനസിൽ വന്നിരുന്നത്. ഇതൊരു ബോക്സ് ഓഫീസ് ഹിറ്റാകുക എന്നതിലുപരി ഇതിന്റെ ഓരോ ഭാഗവും ഹിറ്റാകണം. സിനിമയിലെ ഓരോ രംഗങ്ങളും കട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ ഇത് ഞങ്ങൾ പറയാനാഗ്രഹിച്ചിരുന്ന കാര്യങ്ങളായിരുന്നു എന്ന് ആളുകൾക്ക് പറയാൻ സാധിക്കണം. 50 കോടിയും നൂറ് കോടിയും നേടിയ ഒരുപാട് സിനിമകളുണ്ട്. പക്ഷേ ഒറ്റകാഴ്ചയിൽ തന്നെ അതിന്റെ പുതുമ തീരും.

എന്നാൽ രണ്ടു കൊല്ലം കഴിഞ്ഞാലും കേരളത്തിൽ നടക്കുന്ന ഏതെങ്കിലും ഒരു സംഭവവുമായി ബന്ധപ്പെട്ട് റിലേറ്റ് ചെയ്യാൻ എന്റെ സിനിമയിലെ ഏതെങ്കിലും ക്ലിപ്പിന് സാധിക്കണം എന്ന ലക്ഷ്യത്തോട് കൂടി തന്നെയാണ് തിരക്കഥ എഴുതുന്നതും സിനിമ എടുത്തതും.അത് ബോധപൂർവമായി തന്നെ ചെയ്തതാണ്. ഓരോ രാഷ്ട്രീയക്കാർക്കും ഇതിൽ ഇഷ്ടപ്പെടുന്നതുണ്ട്, ഇഷ്ടപ്പെടാത്തതുണ്ട്. അവർക്കിഷ്ടപ്പൈടാത്തത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടും. തെരഞ്ഞെടുപ്പ് വരുമ്പോഴും അല്ലാത്തപ്പോഴും എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന ഒരുപാട് രംഗങ്ങൾ ഇതിലുണ്ട് എന്ന് എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. ആക്ഷേപഹാസ്യമാണെങ്കിൽ പോലും ചില കാര്യങ്ങളൊക്കെ നേരിട്ട് പറഞ്ഞ് പോയിട്ടുണ്ട്.


രാഷ്ട്രീയ പാർട്ടികളെ നേരിട്ട് വിമർശിക്കുമ്പോൾ അത് സിനിമയെ നെഗറ്റീവായി ബാധിക്കാൻ സാധ്യതയില്ലേ?

ശ്രീനിവാസൻ സാറോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്. വിമർശനാത്മകമായുള്ള സിനിമ എഴുതാൻ അദ്ദേഹവും ഇഷ്ടപ്പെടുന്നില്ല. പല നിർമാതാക്കളും അത്തരം സിനിമകൾ ചെയ്യാൻ ധൈര്യപ്പെടുന്നില്ല. സോഷ്യൽ മീഡിയ ഇത്രയും സജീവമായതു കൊണ്ട് തന്നെ ഇത്തരം സിനിമകൾ ചിലപ്പോൾ സിനിമക്കാരുടെ കരിയർ തന്നെ ഇല്ലാതാക്കിയേക്കാം.

ഒരുപാട് സിനിമകൾ ചെയ്യണം എന്നുവിചാരിച്ച് ഇറങ്ങിതിരിച്ച ആളല്ല ഞാൻ. ഈ സിനിമ ചെയ്തത് കൊണ്ട് എന്റെ കരിയർ അവസാനിക്കുമെങ്കിൽ അവസാനിക്കട്ടെ എന്ന് കരുതുന്ന ആളാണ്. അതുകൊണ്ട് തന്നെയാണ് ധൈര്യപൂർവം ഇത്തരമൊരു സിനിമഎഴുതിയതും സംവിധാനം ചെയ്തതും.

സോഷ്യൽ മീഡിയയിൽ പ്രതികരിക്കാൻ പലപ്പോഴും സിനിമക്കാർ തയാറാകാറില്ല. പക്ഷേ അഖിൽ സോഷ്യൽമീഡിയയിൽ ഏത് വിഷയത്തെകുറിച്ചും പ്രതികരിക്കുന്ന വ്യക്തിയാണ്. ഇതെപ്പോഴെങ്കിലും തിരിച്ചടി തന്നിട്ടുണ്ടോ ?

ഞാൻ സിനിമാക്കാരൻ ആവുന്നതിന് മുമ്പ് തന്നെ സോഷ്യൽമീഡിയയിൽ സജീവമായി ഇടപെട്ടിരുന്ന ആളാണ്. ആ സ്വഭാവം കൊണ്ട് തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കേസെടുത്തിരുന്നു. അതുകൊണ്ട് പാസ്പോർട്ട് പോലും സമയത്തിന് കിട്ടിയിരുന്നില്ല. ഈ അടുത്ത് കോടതി വഴിയാണ് പാസ്പോർട്ട് എടുത്തത്.

കഴിഞ്ഞ ഏഴെട്ട് കൊല്ലം ഞാൻ എങ്ങനെയാണോ ജീവിച്ചത് അത് പോലെ തന്നെയാണ് ഇപ്പോഴും. അന്ന് എന്റെ കരിയറോ വളർച്ചയോ ഒന്നും മുന്നിലില്ലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. എല്ലായ്പോഴും നഷ്ടങ്ങളേ തന്നിട്ടൊള്ളൂ. പല വിഷയങ്ങളിലും ഞാൻ പറയുന്നത് പലരുംപറയാൻ മടിച്ച കാര്യമായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്.

നടൻ പൃഥിരാജിന്റെ പോസ്റ്റിനെ പരിഹസിച്ചു എന്നുപറഞ്ഞ് ഒരുപാട് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നല്ലോ?

ശരിക്കും ഞാനത് പരിഹസിച്ചതൊന്നുമല്ലായിരുന്നു. മുല്ലപെരിയാർ വിഷയങ്ങളിൽ എല്ലാവരും പ്രതികരിച്ചു നിങ്ങളെന്താണ് പ്രതികരിക്കുന്നില്ലേ പലരും വന്ന് എന്ന് ചോദിച്ചപ്പോഴാണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രതികരിക്കാൻ എനിക്ക് മുല്ലപ്പെരിയാറിനെ കുറിച്ച് ആധികാരികമായി പറയാനറിയില്ല. മറ്റ് സിനിമക്കാരെല്ലാവരും ഒഴുക്കിനനുസരിച്ച് നീന്തുകയാണ് എന്നാണ് പറഞ്ഞത്.

അത് മറ്റൊരു തലത്തിൽ വളച്ചൊടിക്കുകയും ഫാൻസുകാരുടെ ആക്രമണം ഉണ്ടാകുകയും ചെയ്തു. അതിനപ്പുറമായിരുന്നു ചുരുളിയെ കുറിച്ച് പറഞ്ഞപ്പോഴും. പബ്ലിസിറ്റിക്ക് വേണ്ടിയല്ല പറയുന്നതും എഴുതുന്നതും. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നതും പ്രതികരിക്കുന്നതും.


പെട്രോൾ വില വർധനക്കെതിരെ നടന്ന സമരത്തിനെതിരെയുള്ള ജോജുജോർജിന്റെ പ്രതികരണവും അതിനെ ചൊല്ലി നടന്ന മറ്റു പുകിലിനും ശേഷമാണ് മൂന്നാമത്തെ ടീസർ ഇറങ്ങുന്നത്. ആ സംഭവത്തെ നന്നായി റിലേറ്റ് ചെയ്യുന്നതായിരുന്നു ആ ടീസർ. അത് മനപൂർവം നടത്തിയ നീക്കമായിരുന്നോ ?

സിനിമയുടെ രണ്ടുടീസറിലും പ്രധാന നടനായ ജോജു ജോർജുവിനെ കാണിച്ചിട്ടില്ലായിരുന്നു. സിനിമയിൽ ജോജു ചേട്ടൻ കുറച്ച് സീരിയസും മറ്റ് കഥാപാത്രങ്ങൾ സറ്റയ്റിക്കൽ മൂഡിൽ സഞ്ചരിക്കുന്നവരുമായിരുന്നു. ജോജു ചേട്ടനെ കാണിച്ചാൽ വളരെ സീരിയസായ സിനിമയാണ് ഇതെന്ന പ്രതീതി പ്രേക്ഷകരിൽ ഉണ്ടാക്കും എന്നതിനാലാണ് മനപൂർവം ജോജുവിനെ ആദ്യത്തെ രണ്ടുടീസറിലും കാണിക്കാതിരുന്നത്.

ജോജുചേട്ടന് ഇത്രയും മാർക്കറ്റിങ് വാല്യു ഉള്ളസമയത്ത് എന്തിന് ടീസറിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട് . അത് ബിസിനസിനെ പോലും ചെറിയ രീതിയിൽ ബാധിച്ചിരുന്നു എന്നതാണ് സത്യം. ജോജു ചേട്ടൻ ഈ സിനിമയിൽ ഗസ്റ്റ് റോളാണോ ചെയ്യുന്നത് എന്ന് വരെ പലരും ചോദിച്ചിരുന്നു. മൂന്നാമത്തെ ടീസർ വരുമ്പോൾ ജോജുചേട്ടന് പ്രധാന്യം നൽകണം എന്നത് ആദ്യമേ തീരുമാനിച്ചിരുന്നു. സിനിമയിലും രാഷ്ട്രീയക്കാരുടെ വിവിധ ഇടപെടൽ കൊണ്ട് ജീവിതം നശിച്ച കഥാപാത്രമാണ് ജോജു ചേട്ടൻ. അന്ന് പാലാരിവട്ടത്ത് നടന്ന സംഭവം ഞാൻ ടിവിയിലാണ് ആദ്യം കാണുന്നത്. പിന്നീട് എന്റെ ഒരു സുഹൃത്താണ് ഇങ്ങനെയൊക്കെ നടന്നു എന്ന് വിളിച്ചുപറയുന്നത്. ഞാനും ജോജു ചേട്ടനും കൂടി സിനിമയുടെ പ്രൊമോഷന് വേണ്ടി മനപൂർവം അത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണ് എന്നു വരെ ആളുകൾ കളിയാക്കിയിരുന്നു.ജോജു ചേട്ടൻ പൊതുവെ സിനിമ പ്രൊമോഷന് പോലും വരാത്ത മനുഷ്യനാണ്.പിന്നെയല്ലേ പ്ലാൻ ചെയ്ത് പ്രൊമോഷൻ നടത്തുന്നത്.

ജോജു ജോർജ്, ഷമ്മിതിലകൻ, അജുവർഗീസ് തുടങ്ങി വൻ താരനിരതന്നെ സിനിമയിലുണ്ട്. മൂന്ന് ടീസറുകളും അത്രയേറെ പ്രതീക്ഷ നൽകുന്നുണ്ട്. സിനിമയിലെ അഭിനേതാക്കളെ കുറിച്ച് പറയാമോ?

ജോജു ചേട്ടന്റേത് കുറച്ച് സീരിയസായ വേഷമാണ്. സർക്കാറുകളുടെയും മറ്റ് ഭരണ സംവിധാനങ്ങളുടെ ഇടപെടൽ കൊണ്ട് ജീവിതം ഇല്ലാതായ നിരവധി പേരുടെ പ്രതിനിധിയാണ് ആ കഥാപാത്രം. ഷമ്മി ചേട്ടൻ വളരെ ആസ്വദിച്ചാണ് ഈ സിനിമ ചെയ്തിട്ടുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെമറ്റ് സിനിമയിൽ നിങ്ങൾ കണ്ട അജുവർഗീസിനെയല്ല ഈ സിനിമയിൽ കാണാൻ സാധിക്കുക. നടൻ ജയകൃഷ്ണൻ അത്രയേറെ നാച്ചുറലായാണ് അഭിനയിച്ചിട്ടുള്ളത്. ചേട്ടൻ ഒരുപാട് കാലത്തിന് ശേഷമായിരുന്നു മുഴുനീളവേഷം ചെയ്യുന്നത്. ഇപ്പോൾ ഒരുപാട് സിനിമയിൽ പ്രാധാന്യമേറിയ കഥാപാത്രങ്ങളവതരിപ്പിക്കുന്ന തിരിക്കിലാണദ്ദേഹം.

സിനിമയിൽനക്സൽ വേഷം ചെയ്ത സുർജിത് ആദ്യം ഈ വേഷം നിരസിച്ചിരുന്നു . എന്നാൽ പിന്നീട് ഞാൻ കഥാപാത്രത്തെ വിവരിച്ചുകൊടുത്തപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്. പ്രശാന്ത് അലക്സ്, സുന്ദർ പാണ്ഡ്യൻ അങ്ങനെ എല്ലാവരും ഈ കഥാപാത്രങ്ങളോട് 100 ശതനമാനവും നീതി പുലർത്തിയാണ് അഭിനിയിച്ചിരിക്കുന്നത്.

കൊവിഡിന്റെ തുടക്കത്തിലാണ് സിനിമ ചിത്രീകരണം തുടങ്ങുന്നത്. കൊറോണ കാലത്ത് സിനിമ സംവിധാനം ചെയ്തപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

ഒരു സിനിമ ക്വാളിറ്റിയോടെ ചിത്രീകരിക്കുന്നതിന് സാഹചര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ആളും ബഹളവുമായി ഷൂട്ട് ചെയ്യേണ്ടതായിരുന്നു ഇതിന്റെ അവസാന ഭാഗങ്ങളെല്ലാം. തെരഞ്ഞെടുപ്പ് സീനുകളിലൊക്കെ വല്ലാതെ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ സീനുകളൊക്കെ ഇപ്പോഴും കാണുമ്പോൾ പ്രയാസം തോന്നാറുണ്ട്. 500-600 ജൂനിയർ ആർട്ടിസ്റ്റുകളുടെ സ്ഥാനത്ത് വെറും 150 പേരെ വെച്ചാണ് ഷൂട്ട് ചെയ്തത്. ഞാൻ ഉദ്ദേശിച്ച ഫീൽ കൊണ്ടുവരാൻ സാധിച്ചില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

സിനിമയിലെ കുറച്ച് ഭാഗങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലാണ് ചിത്രീകരിച്ചത്. അവിടെ ഉള്ള എല്ലാവരും മാസ്‌കിട്ടാണ് നടക്കുന്നത്. കഥനടക്കുന്നത് കൊറോണക്കും മുമ്പാണ്. പണ്ടായിരുന്നെങ്കിൽ നടനെ വെറുതെ സ്റ്റാന്റിലൂടെ നടത്തി പിന്നാലെ ഏതെങ്കിലും വണ്ടിയിലിരുന്ന് ഷൂട്ട് ചെയ്താൽ മതി. എന്നാൽ ഇപ്പോഴത് നടക്കില്ല. മാസ്‌ക് ഇട്ടവർ ചുറ്റിലും നിൽക്കുമ്പോൾ അങ്ങനെ ചിത്രീകരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. എന്റെ സിനിമയുടെ 80 ശതമാനവും ഔട്ട് ഡോർ ഷൂട്ടിങ്ങായിരുന്നു. നടന്മാരുടെ അഭിനയം ശ്രദ്ധിക്കേണ്ടതിനേക്കാൾ ബാക്ഗ്രൗണ്ടിലെ കാര്യങ്ങളിലേക്ക് പലപ്പോഴും ശ്രദ്ധ പോകുമായിരുന്നു. കൊറോണ കാലത്ത് സിനിമ ചിത്രീകരിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു.


തിരക്കഥയെഴുതുന്ന സമയത്ത് എന്തിനായിരുന്നു കൂടുതൽ ഊന്നൽ നൽകിയിരുന്നത് ?

സിനിമയിൽ മറ്റെന്തിനെക്കാളും തിരക്കഥക്ക് തന്നെയാണ് പ്രധാന്യം. നട്ടെല്ലുണ്ടെങ്കിൽ മാത്രമേ നിൽക്കാൻ പറ്റൂ. മികച്ച തിരക്കഥ ഉപയോഗിച്ച് ഒരു മോശം സംവിധായകന് നല്ല സിനിമയെടുക്കാം. എന്നാൽ മികച്ച സംവിധായകന് മോശം തിരക്കഥവെച്ച് നല്ല സിനിമ ചെയ്യാൻ കഴിയില്ലെന്ന് അകിര കുറൊസാവ തന്നെ പറഞ്ഞിട്ടുണ്ട്.

തിരക്കഥ എഴുതുമ്പോൾ ഒന്ന് കണ്ണടച്ച് ആലോചിക്കണം. എനിക്കിത് ഇഷ്ടപ്പെടുന്നത് പോലെ തിയേറ്ററിൽ സിനിമ കാണാനെത്തുന്നവരെ കൂടി തൃപ്തിപ്പെടുത്തുണ്ടോ എന്ന് കൂടി ചിന്തിക്കണം.

ആര് അഭിനയിച്ചാൽ വൃത്തിയാകും എന്ന് നമുക്ക് ഒരു ധാരണ വേണം. അല്ലാതെ പ്രൊഡ്യൂസറുടെ ബന്ധുവായത് കൊണ്ടോ, അല്ലെങ്കിൽ സിനിമയിലെ പ്രധാനപ്പെട്ട ആരുടെയെങ്കിലും വേണ്ടപ്പെട്ടവരെയോ രാഷ്ട്രീയക്കാരുടെ ബന്ധുക്കളെയോ ഒക്കെ നോക്കി അഭിനയിപ്പിക്കാൻ നോക്കിയാൽ സിനിമ നശിച്ചുപോകും. പഴയ സിനിമ എടുത്തുനോക്കിയാൽ അതിലെ അഭിനേതാക്കളുടെ പ്രകടനമാണ് എപ്പോഴും മുന്നിൽ നിൽക്കുന്നത്. ഒരു സീനിൽ ആണെങ്കിൽ പോലും നമ്മെ അതിശയിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങളാണ് പഴയ സിനിമകളിലുണ്ടായിരുന്നത്.

ബന്ധങ്ങളും സ്‌നേഹവും പരിചയവും സിനിമയിൽ ഉപയോഗിക്കരുത്. കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായവരെ അവരുടെ കഴിവിന് മാത്രം പ്രാധാന്യം കൊടുത്തു തെരഞ്ഞെടുക്കണം.

വലിയ മുതൽ മുടക്ക്, സ്റ്റാർവാല്യു, വലിയ പ്രൊഡക്ഷൻ ഹൗസ് ഇവയൊക്കെ സിനിമയുടെ ആദ്യദിവസങ്ങളിൽ ആളെ കൂട്ടാൻ സഹായിക്കും. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ അത് തുടർന്ന് കൊണ്ടുപോകാൻ സാധിക്കില്ല എന്നതാണ് സത്യം.

നൂറ് കോടി മുതൽ മുടക്കോ റോബോട്ടിക്ക് കാമറ ഷോട്ടുകളോ ഒന്നുമല്ല ഒരു സിനിമയുടെ വിജയം. മികച്ച തിരക്കഥയും, കഥാപാത്രങ്ങൾ ആയി വേഷമിടുന്നവരുടെ അസാമാന്യ പ്രകടനവും, കഥ പറയാൻ ആവശ്യമായ ഷോട്ടുകളുകളുമാണ്.ആദ്യസിനിമ അവസരമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വന്നിട്ടുമുണ്ട്.

ഈ സിനിമ താത്വികമായി അവലോകനം ചെയ്യാൻ ശ്രമിക്കുന്നതെന്താണ് ?

എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവരുടേതായ ശരികളുണ്ട് തെറ്റുകളുണ്ട്. ചില സമയത്ത് ചില രാഷ്ട്രീയപാർട്ടികളുടെ നിലപാടായിരിക്കും ശരി, ചിലപ്പോൾ അവരുടെ നിലപാട് തെറ്റായിരിക്കും. ഒരു രാഷ്ട്രീയപാർട്ടിയെയും തള്ളിപ്പറയാനും പൂർണമായും ഉൾക്കൊള്ളാനും പറ്റില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൂടെ മാത്രം നിൽക്കുമ്പോൾ പാർട്ടിയുടെ തെറ്റുകളെ നമുക്ക് ന്യായീകരിക്കേണ്ടി വരും. നമുക്ക് തെറ്റാണെന്നറിഞ്ഞിട്ടും സമൂഹത്തിന്റെ മുന്നിൽ വിഡ്ഢി വേഷം കെട്ടേണ്ടി വരും. രാഷ്ട്രീയപാർട്ടികളെയെല്ലാം സ്വതന്ത്രമായി മാറിനിന്ന് നോക്കുമ്പോൾ കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടന്ന കാര്യങ്ങളെ ഒന്ന് അവലോകനം ചെയ്ത് ഹാസ്യരൂപേണ അവതരിപ്പിക്കുന്നത് സിനിമ ചെയ്യുന്നത്. കാരിക്കേച്ചർ രീതിയിലാണ് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത്.


താത്വികമായ അവലോകനമാണോ റാഡിക്കലായ മാറ്റമാണോ ഒടുവിൽ സംഭവിക്കുക?

അവലോകനം താത്വികമാണോ, അല്ലാത്തതാണോ എന്ന് പറയേണ്ടത് പ്രേക്ഷകരാണ്. കെ.എസ്.ആർ.ടി.സി ബസുപോലും ഈ സിനിമയിലെ ഒരു കഥാപാത്രമാണ്. ശബരിമല വിഷയമടക്കം കേരളം ചർച്ച ചെയ്ത ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ പറഞ്ഞുപോകുന്നുണ്ട്. ഇതിനെയൊന്നും ആഴത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നില്ല. ജനം ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെല്ലുമ്പോൾ ഞാൻ ആർക്കാണ് വോട്ടു ചെയ്യേണ്ടത് എന്തിനാണ് വോട്ടു ചെയ്യേണ്ടത് എന്നത് ഓർമപെടുത്തുന്നുമുണ്ട്. റാഡിക്കലായ മാറ്റമല്ലെങ്കിലും ഒരു മെസേജ് കൊടുത്തുകൊണ്ടാണ് ഈ സിനിമ അവസാനിക്കുന്നത്.

എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കുന്ന അഖിലിന്റെ രാഷ്ട്രീയ നിലപാടെന്താണ്?

എല്ലാ ആളുകൾക്കും ശരിയുണ്ട്. അതുപോലെ തെറ്റുമുണ്ട്. യൂത്ത് കോൺഗ്രസിലും യുവമോർച്ചയിലും പ്രവർത്തിച്ച ആളാണ് ഞാൻ. പക്ഷേ ഈ രണ്ടുപാർട്ടികളുടെയും പല നിലപാടുകളോടും പൊരുത്തപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് ഞാൻ പൂർണമായും അതെല്ലാം ഉപേക്ഷിച്ചത്. കോൺഗ്രസെന്ന രാഷ്ട്രീയ പ്രസ്ഥാനം ശക്തമായി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാൻ എനിക്ക് പറ്റില്ല എന്നുറപ്പാണ്. കാരണം വിമർശിക്കേണ്ടിടത്ത് വിമർശിക്കുക തന്നെ വേണം. അത് രാഷ്ട്രീയ പ്രവർത്തനത്തിൽ നടക്കില്ല. എന്റെ രാഷ്ട്രീയം ജനങ്ങളുടെ ശരികളാണ്. ഭൂരിപക്ഷമായി ചിന്തിക്കുന്ന ജനങ്ങളുടെ ശരികളാണ്. അത്തരം ശരികൾക്കൊപ്പമുള്ള രാഷ്ട്രീയമാണ് എന്റേത്.

തിയേറ്ററിലേക്ക് പഴയ പോലെ ആളുകൾ വീണ്ടുമെത്തുമോ?

നേരത്തെ പറഞ്ഞതുപോലെ ബജറ്റോ, താരമൂല്യമോ നോക്കി തിയേറ്ററിൽ പോയിരുന്ന കാലം കഴിഞ്ഞു. നല്ല കഥയാണെങ്കിൽ ആളുകൾ തിയേറ്ററിലെത്തും. സമീപകാലത്തെ അനുഭവങ്ങളും നമ്മളെ അതാണ് പഠിപ്പിക്കുന്നത്. പിന്നെ കുടുംബവുമായി പാർക്കിലൊക്കെ പോയി, ഭക്ഷണമൊക്കെ കഴിച്ച് ഒരു സിനിമ കണ്ട് വീട്ടിലേക്ക് വരുമ്പോൾ കിട്ടുന്ന ഫീൽ വീട്ടിലിരുന്ന് ടിവിയിൽ സിനിമ കാണുമ്പോൾ കിട്ടുമെന്ന് തോന്നുന്നില്ല. നല്ല സിനിമയാണോ, ജനം തിയേറ്ററിലെത്തും.


ഒരു താത്വിക അവലോകനം എന്തിന് തിയേറ്ററിൽ പോയിതന്നെ കാണണം?

രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ വിലപ്പെട്ട രണ്ടുമണിക്കൂർ നഷ്ടപ്പെടില്ല എന്ന ഉറപ്പ് തരാൻ സാധിക്കും. മറ്റൊന്ന് ഈ സിനിമ ഒട്ടും കൊള്ളില്ല എന്ന് തോന്നിയവർക്ക് എന്നെ വിളിക്കാം. ഏതൊക്കെ ഭാഗങ്ങളിലാണ് പോരായ്മ വന്നത് എന്ന് പറയുകയാണെങ്കിൽ ടിക്കറ്റിന്റെ പണം തിരിച്ചുതരുമെന്ന് ഞാൻ ഫേസ്ബുക്കിൽ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് വിചാരിച്ച് ഇഷട്മായില്ല എന്ന് പറഞ്ഞ് എല്ലാവരും കൂടെ വരേണ്ട. ഈ പടത്തിന്റെ മേന്മയും പോരായ്മയും എന്താണെന്ന് കൃത്യമായി എനിക്കറിയാം. ഞാൻ കാണാത്ത തെറ്റ് നിങ്ങൾക്ക് കാണിച്ചുതരാൻ പറ്റിയെങ്കിൽ ഞാൻ സന്തോഷിക്കും. ഒരാളുടെയും രണ്ടു മണിക്കൂർ നഷ്ടപ്പെടുത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. പരിഹരിക്കപ്പെടാമായിരുന്നു പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അത് എനിക്ക് കൂടി ബോധ്യപ്പെട്ടാൽ മാത്രമേ പണം തിരികെ തരൂ.

പണ്ടുമുതലേ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന് ശത്രുത പിടിച്ചുപറ്റിയ ആളാണ് ഞാൻ. എനിക്ക് പറയാനുള്ളതാണ് നീ പറഞ്ഞതെന്ന് പലരും രഹസ്യമായി എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും തുറന്ന് പറച്ചിലുകൾ ഇഷ്ടമാണ്. പക്ഷേ എന്തോ ഒരു ഭയം അവരെ പിന്നോട്ടടിക്കുന്നു. ഞാനത് പറയുന്നു. പരസ്യമായി സപ്പോർട്ട് ചെയ്തില്ലെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അത് സത്യസന്ധമായി പറയുക. ഒരു താത്വിക അവലോകനം തിയേറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കുക.

TAGS :

Next Story