Quantcast

രാജ്യത്തെ ജനകീയ സമരങ്ങളെ അഭ്രപാളിയിലേക്ക് പകർത്തിയ പോരാളി

മഅ്ദനിയെ പോലെ നിരവധി ആളുകൾ വിചാരണത്തടവുകാരായി ജയിലിൽ കഴിയേണ്ടി വന്ന സാഹചര്യത്തിന് നേരെ ഫാബ്രിക്കേറ്റഡ് വിരൽചൂണ്ടി

MediaOne Logo

Web Desk

  • Updated:

    2022-12-25 13:54:19.0

Published:

25 Dec 2022 1:14 PM GMT

രാജ്യത്തെ ജനകീയ സമരങ്ങളെ അഭ്രപാളിയിലേക്ക് പകർത്തിയ പോരാളി
X

രാജ്യത്തെ ജനകീയ സമരങ്ങളെ അഭ്രപാളിയിലേക്ക് പകർത്തിയ സമാന്തര സിനിമാപ്രവർത്തകൻ, മാധ്യമപ്രവർത്തകനായും മനുഷ്യാവകാശപ്രവർത്തകനായും കേരള പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്നു.. വിശേഷണങ്ങൾ ഏറെയാണ് കെപി ശശിക്ക്. ഭരണകൂട ഭീകരതയും പൗരാവകാശലംഘനങ്ങളും പ്രമേയമായ സമാന്തരസിനിമകളിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്.

കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകാംഗവും സൈദ്ധാന്തികനുമായ കെ ദാമോദരൻറെ മകനാണ് കെപി ശശി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായായിരുന്നു പ്രവർത്തനത്തിന്റെ തുടക്കം. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിബ്ജ്യോർ (VIBGYOR) എന്ന സാംസ്കാരിക വേദിയുടെ സ്ഥാപകരിൽ ഒരാളാണ്.

ഫാബ്രിക്കേറ്റഡ്, ഇലയും മുള്ളും, റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവയാണ് കെപി ശശിയുടെ ശ്രദ്ധേയങ്ങളായ ചിത്രങ്ങൾ. ഭോപാൽ ദുരന്തത്തിൻറെ ഇരകളുടെ ജീവിതവും രാജ്യത്തെ ആദിവാസി പ്രശ്നങ്ങളും കെ പി ശശിയുടെ ഡോക്യുമെൻററികൾക്ക പ്രമേയമായിട്ടുണ്ട്. ഗാവ് ചോഡബ് നഹീ എന്ന മ്യൂസിക് വീഡിയോ രാജ്യ ശ്രദ്ധനേടിയ സമര ഗാനമായി മാറി. ഹിന്ദി ഒറിയ ഭാഷകൾക്ക് പുറമെ വിവിധ ഗോത്ര ഭാഷകളിലും ഈ പാട്ട് തരംഗമായി.

അമേരിക്ക അമേരിക്ക എന്ന മ്യൂസിക് വീഡിയോ സാമ്രാജ്യത്ത വിരുദ്ധ പോരാട്ട ഗാനമെന്ന നിലയിൽ ആഗോള ശ്രദ്ധ നേടി. കേരളത്തിലെ ഡോക്യുമെന്ററി മേഖലയിൽ സുപ്രധാന സംഭാവന നൽകിയിട്ടുള്ള വ്യക്തിയായിരുന്നു കെപി ശശി. സിനിമയ്ക്കപ്പുറം ഡോക്യുമെന്ററികളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുടെ വിഷയങ്ങൾ വളരെ സജീവമായി അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു.

കാണ്ഡഹാർ അടക്കമുള്ള മേഖലകളിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾ, സുനാമിബാധിത മേഖലകളിലെ പ്രശ്‌നങ്ങൾ അദ്ദേഹം ഡോക്യുമെന്ററികളിലൂടെ സമൂഹത്തിൽ ഉയർത്തിക്കാട്ടി.

വിമോചനത്തിന്റെ 'ഫാബ്രിക്കേറ്റഡ്'

വിചാരണത്തടവുകാരായി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന ആളുകളെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററിയാണ് ഫാബ്രിക്കേറ്റഡ്. മനുഷ്യാവകാശമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. 2013 ഫെബ്രുവരി 28ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പുറത്തിറക്കിയ ചിത്രം അന്യായമായി ഇന്ത്യൻ ജയിലുകളിൽ തടവിലായിക്കഴിയുന്നവരുടെ വിമോചനത്തിന് വേണ്ടിയുള്ള കാമ്പയിൻ കൂടിയായിരുന്നു.

കള്ളക്കേസുകളിലൂടെയും കരിനിയമങ്ങളിലൂടെയും അന്യായമായി തടവിലാക്കപ്പെട്ട സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള വ്യക്തികളെ ഫാബ്രിക്കേറ്റഡിലൂടെ കെപി ശശി വരച്ചുകാട്ടി. മാവോയിസ്റ്റ് , രാജ്യദ്രോഹി, തീവ്രവാദി തുടങ്ങിയ വിശേഷങ്ങൾ ചാർത്തിയാൽ ജനാധിപത്യ തത്വങ്ങൾ കാറ്റിൽ പറത്താമെന്ന് ഫാബ്രിക്കേറ്റഡിലൂടെ കെപി ശശി വിശദീകരിച്ചപ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കാണ് ആ ചോദ്യമുന പാഞ്ഞത്.

ഇതിന് ഉദാഹരണമായി അദ്ദേഹം കാണിച്ചത് അബ്‌ദുൽ നാസർ മഅ്ദനിയുടെ ജീവിതമാണ്. മഅ്ദനിയെ പോലെ നിരവധി ആളുകൾ വിചാരണത്തടവുകാരായി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന സാഹചര്യത്തിന് നേരെ ഫാബ്രിക്കേറ്റഡ് വിരൽചൂണ്ടി. ഏറെ ശ്രദ്ധ നേടിയ ഡോക്യുമെന്ററിയായിരുന്നു ഇത്.

'ഇലയും മുള്ളും'; കേരളത്തിലെ ആദ്യ ഫെമിനിസ്റ്റ് സിനിമ

ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മലയാളി സമൂഹത്തിന്റെ വികൃതമായ മുഖം അനാവരണം ചെയ്തുകൊണ്ടായിരുന്നു 'ഇലയും മുള്ളുമായി' കെപി ശശിയുടെ വരവ്. കെ.പി.ശശിയുടെ ആദ്യത്തെ ഫീച്ചർ സിനിമ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. തിലകൻ, നെടുമുടി വേണു തുടങ്ങിയ പ്രമുഖ നടന്മാർക്കൊപ്പം അന്ന് ദേശീയതലത്തിൽ തന്നെ അറിയപ്പെട്ടിരുന്ന പല്ലവി ജോഷിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. കേരളത്തിലെ ആദ്യ ഫെമിനിസ്റ്റ് സിനിമ എന്ന് ഇലയും മുള്ളും എന്ന ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്.

ടൊറന്റോ, മോൺട്രിയാൽ ഉൾപ്പടെ പത്തോളം വിദേശചലച്ചിത്ര മേഖലകളിൽ 'ഇലയും മുള്ളും' പ്രദര്ശിപ്പിക്കപ്പെട്ടു. സ്ത്രീ സമത്വവും സദാചാരവും സജീവ ചർച്ചയാകുന്ന ഈ കാലത്തും ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. 1994ൽ ഇന്ത്യൻ പനോരമാ വിഭാഗത്തിൽ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നാലെ, ദേശീയ പുരസ്‌കാരവും ചിത്രത്തെ തേടിയെത്തി.

കെപി ശശി എന്ന മനുഷ്യാവകാശ പ്രവർത്തകൻ

ഒരു ഡോക്യുമെന്ററി അല്ലെങ്കിൽ സിനിമാ സംവിധായകൻ എന്നതിനപ്പുറം മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലാണ് കെപി ശശി അറിയപ്പെട്ടിരുന്നത്. കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളിലുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഡോക്യുമെന്ററികളിലൂടെയാണ് പ്രധാനമായും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ കെപി ശശി സമൂഹത്തിലേക്ക് എത്തിച്ചത്.

സംവിധായകൻ എന്ന നിലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടാൻ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മനുഷ്യരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന ഡോക്യുമെന്ററികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിവന്നത്.

മികച്ച മൂസിക്ക് വീഡിയോക്കുള്ള കേരള ഫിലിം അക്കാദമി അവാർഡ് , മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം, ഫ്രാന്‍സ് ഇന്റർനാഷണല്‍ റൂറല്‍ ഫിലിം പുരസ്കാരം, തുർക്കിയിലെ അന്താരാഷ്ട്ര പ്രകൃതി ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. അസുഖ ബാധിതനായി ചികിത്സയിൽ കഴിയവെ 64ആം വയസിലാണ് കെ പി ശശി വിടവാങ്ങിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

TAGS :

Next Story