Quantcast

' ജോർജു കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും ..പേടിക്കണ്ടാ'; ദൃശ്യം 3യെക്കുറിച്ച് മോഹൻലാൽ

ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3യും മനസിൽ കൊണ്ടു നടക്കുമെന്ന് ഞാൻ പ്രാർഥിക്കുന്നു

MediaOne Logo

Web Desk

  • Published:

    22 Sept 2025 12:35 PM IST

 ജോർജു കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും ..പേടിക്കണ്ടാ; ദൃശ്യം 3യെക്കുറിച്ച് മോഹൻലാൽ
X

കൊച്ചി: സസ്പെൻസുകൾക്ക് വിരാമമിട്ടുകൊണ്ട് ദൃശ്യം 3 തുടങ്ങുകയാണ്. പൂത്തോട്ട ലോ കോളജിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യത്തിന്‍റെ രണ്ട് ഭാഗങ്ങളും വിജയമായിരുന്നു. ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3യും മനസിൽ കൊണ്ടു നടക്കുമെന്ന് താൻ പ്രാർഥിക്കുന്നുവെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾക്കെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

"ദൃശ്യം 3യുടെ ചിത്രീകരണം ഇന്ന് തുടങ്ങുകയാണ്. എല്ലാ സിനിമകൾ തുടങ്ങുമ്പോഴും നമ്മൾ മനസ് കൊണ്ട് പ്രാർഥിക്കുന്നത്, ഈ സിനിമയ്ക്ക് ഒരു തടസവും കൂടാതെ ഷൂട്ടിങ് നടക്കണേ, ഈ സിനിമ ഏറ്റവും വലിയ സൂപ്പർ ഹിറ്റായി മാറണേ എന്നാണ്. അതുപോലെ ഞാനും പ്രാർ‌ഥിക്കുന്നു. ഒരു തടസവും കൂടാതെ നടക്കണേ. ഇതൊരു വലിയ വിജയമായി മാറണേ എന്ന്. ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3യും മനസിൽ കൊണ്ടു നടക്കുമെന്ന് ഞാൻ പ്രാർഥിക്കുന്നു. ജോർജു കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കണ്ടാ. ഈ ഒരു ആകാംക്ഷയാണ് ദൃശ്യത്തിന്‍റെ ക്യാച്ച് എന്ന് പറയുന്നത്" മോഹൻലാൽ‌ പറഞ്ഞു.

ദൃശ്യം 3യും കുടുംബ പ്രേക്ഷകരുടെ സിനിമ തന്നെയായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. ഒരു ക്രൈം ത്രില്ലർ എന്ന രീതിയിൽ അമിതമായ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കരുത്. എന്നാൽ ആസ്വാദകർ ആഗ്രഹിക്കുന്ന ആകാംക്ഷ സിനിമയിൽ ഉണ്ടാകുമെന്നും ജീത്തു ജോസഫ് മീഡിയവണിനോട് പറഞ്ഞു. മോഹൻലാലിന് ഫാൽക്കേ പുരസ്കാരം ലഭിച്ചത് ഏറെ സന്തോഷകരം എന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

മോഹൻലാലിനൊപ്പം ചേർന്ന് ഇത്രയും വർഷം ജീവിക്കാനായത് വലിയ സന്തോഷമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂർ മീഡിയവണിനോട് പറഞ്ഞു. മോഹൻലാലിന് ലഭിച്ച ഫാൽക്കെ പുരസ്കാരം മലയാളികൾക്ക് കിട്ടിയ അംഗീകാരമാണ്. ഈ അഭിമാന നിമിഷം തന്നെ ദൃശ്യം 3 തുടങ്ങാനായതും സന്തോഷകരമാണെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story