'ഇരിക്കാൻ കസേര പോലുമുണ്ടായിരുന്നില്ല, നേരിട്ടത് കടുത്ത അവഗണന'; ബോളിവുഡിലെ തുടക്കകാലത്തെ കുറിച്ച് ദുൽഖര്‍
ഇവിടെ ഹിന്ദി സിനിമകൾ ചെയ്തപ്പോൾ, എൻ്റെ കൂടെ വരുന്ന രണ്ടുപേരും ഞാനും സെറ്റുകളിൽ ഒതുക്കപ്പെട്ടു പോയിരുന്നു

മുംബൈ: മലയാളവും കടന്ന് തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ സാന്നിധ്യമറിയിച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് ദുൽഖര്‍ സൽമാൻ. 2018ൽ കര്‍വാൻ എന്ന ചിത്രത്തിലൂടെയാണ് ഡിക്യു ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. അനശ്വര നടൻ ഇര്‍ഫാൻ ഖാനൊപ്പം അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. തുടക്കത്തിൽ ബോളിവുഡിൽ താൻ തഴയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മലയാളികളുടെ പ്രിയതാരം. 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യുടെ ടോക് ഷോയിൽ താരം അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞത്.
"ഇവിടെ ഹിന്ദി സിനിമകൾ ചെയ്തപ്പോൾ, എൻ്റെ കൂടെ വരുന്ന രണ്ടുപേരും ഞാനും സെറ്റുകളിൽ ഒതുക്കപ്പെട്ടു പോയിരുന്നു. ഞാനൊരു വലിയ താരമാണെന്ന മിഥ്യാബോധം സൃഷ്ടിക്കേണ്ടി വന്നു, അല്ലെങ്കിൽ ഇരിക്കാനൊരു കസേര പോലും കിട്ടുമായിരുന്നില്ല"- അദ്ദേഹം പറഞ്ഞു. "മോണിറ്ററിന് പിന്നിൽ നിന്ന് കാണാൻ എനിക്കൊരു സ്ഥലം പോലും കിട്ടുമായിരുന്നില്ല, അത്രയധികം ആളുകളുണ്ടായിരുന്നു. അതിനാൽ, എല്ലാം ഒരു ധാരണയുടെ പുറത്താണ്. വിലകൂടിയ കാറിൽ ഒരുപാട് ആളുകളുമായി വന്നാൽ, അയാൾ ഒരു താരമാണെന്ന ധാരണയുണ്ടാകും. അത് സങ്കടകരമാണ്, എൻ്റെ ഊർജം ആ വഴിക്കല്ല പോകേണ്ടത്, അല്ലേ?"
എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു ഇൻഡസ്ട്രിയെയും മോശമായി ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇതൊരു സാംസ്കാരിക കാര്യമാണെന്ന് കരുതുന്നു. ഞാനും റാണ ദഗ്ഗുബതിയും ചർച്ച ചെയ്യുകയായിരുന്നു, ഹിന്ദി സിനിമാ വ്യവസായത്തിന്റെ വലുപ്പം വളരെ വലുതാണ് - തിയേറ്ററുകളുടെ എണ്ണം, വിപണികൾ, കൂടാതെ നിരവധി സംസ്ഥാനങ്ങൾ ആ ഭാഷ സംസാരിക്കുകയും ആ സിനിമകൾ കാണുകയും ചെയ്യുന്നു. നമുക്ക് ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ മാത്രമേയുള്ളൂ, എന്നിട്ടും നമ്മൾ വലിയ സംഭവമാണെന്നാണ് കരുതുന്നത്. ഒരുപക്ഷേ, വ്യവസായത്തിന്റെ വലുപ്പം കാര്യങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം"- അദ്ദേഹം പറഞ്ഞു.
നവംബര്‍ 14ന് റിലീസ് ചെയ്ത തമിഴ് പീരിയഡ് ഡ്രാമയായ കാന്തയിലാണ് ദുൽഖര്‍ അവസാനമായി അഭിനയിച്ചത്. ഐ ആം ഗെയിം ആണ് താരം അടുത്തതായി അഭിനയിക്കാൻ പോകുന്ന മലയാള ചിത്രം.
Adjust Story Font
16

