Quantcast

സംഘപരിവാര്‍ സൈബര്‍ ആക്രമണം: സായ് പല്ലവിക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐ

തന്‍റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് ഡി.വൈ.എഫ്.ഐ

MediaOne Logo

Web Desk

  • Updated:

    2022-06-21 01:46:10.0

Published:

21 Jun 2022 1:29 AM GMT

സംഘപരിവാര്‍ സൈബര്‍ ആക്രമണം: സായ് പല്ലവിക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐ
X

തിരുവനന്തപുരം: നടി സായ് പല്ലവിയ്ക്ക് നേരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ചതിനാണ് സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണവും ബഹിഷ്കരണാഹ്വാനവും നടക്കുന്നത്. എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും താൻ ഏത് മതത്തിലുള്ളവരുടെയും ആൾക്കൂട്ട കൊലകളെ ന്യായീകരിക്കില്ലെന്നുമാണ് സായ് പല്ലവി പിന്നീട് വിശദീകരിച്ചത്. തന്‍റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

ബജ്‍രംഗ്‍ദൾ കൊടുത്ത പരാതിയിൽ സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുക്കുന്ന വിചിത്രമായ സ്ഥിതി പോലുമുണ്ടായി. സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരോടുള്ള ഭരണപക്ഷത്തിന്‍റെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു. സായ് പല്ലവിക്ക് നേരെ നടക്കുന്ന ഈ ഹീന പ്രവൃത്തിയിൽ നമ്മുടെ മുഖ്യധാര മാധ്യമങ്ങളിൽ പലരുമുണ്ട് എന്നത് നമ്മുടെ രാജ്യം എത്തിച്ചേർന്നിരിക്കുന്ന ദുരവസ്ഥയുടെ അടയാളമാണ്. സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സൈബർ അക്രമണം നേരിടുന്ന സായി പല്ലവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂര്‍ണരൂപം

തെന്നിന്ത്യയിലെ പ്രസിദ്ധ സിനിമാ താരം സായ് പല്ലവിക്ക് നേരെ അപര മത വിദ്വേഷം കൊണ്ട് അന്ധരായ സംഘപരിവാർ ശക്തികൾ നടത്തുന്ന പ്രചാരണങ്ങളെ ഡി. വൈ. എഫ്. ഐ ശക്തമായി അപലപിക്കുന്നു.

തെലുഗു ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങൾ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്‍ലിം സമുദായത്തിൽപ്പെട്ടവരെ ആൾക്കൂട്ടമായി അടിച്ചു കൊല്ലുന്നതും തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകത അവസാനിപ്പിക്കണം എന്ന് അഭിപ്രായപെട്ടിരുന്നു. തികച്ചും ന്യായമായ ഈ അഭിപ്രായ പ്രകടനം നടത്തിയതിനാണ് സായി പല്ലവിക്കെതിരെ കടുത്ത സൈബർ ആക്രമണത്തിന് സംഘപരിവാർ മുന്നിട്ടിറങ്ങിയത്. ബജ്രഗ് ദൾ കൊടുത്ത പരാതിയിൽ അവർക്കെതിരെ പൊലീസ് കേസെടുക്കുന്ന വിചിത്രമായ സ്ഥിതി പോലുമുണ്ടായി.

സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരോടുള്ള കേന്ദ്ര ഭരണകക്ഷിക്കാരുടെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നത്. സായ് പല്ലവിക്ക് നേരെ നടക്കുന്ന ഈ ഹീന പ്രവർത്തിയിൽ നമ്മുടെ മുഖ്യധാര മാധ്യമങ്ങളിൽ പലരുമുണ്ട് എന്നത് നമ്മുടെ രാജ്യം വന്നു ചേർന്നിരിക്കുന്ന ദുരവസ്ഥയുടെ അടയാളമാണ്.

ഈ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു സോഷ്യൽ മീഡിയ വഴി നൽകിയ വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞത് എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും, താൻ ഏത് മതത്തിലുള്ളവരുടെയും ആൾക്കൂട്ട കൊലകളെ ന്യായീകരിക്കില്ലെന്നുമാണ്.

ശരിയായ തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണ്.

സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സൈബർ അക്രമണം നേരിടുന്ന സായി പല്ലവിക്ക് ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

TAGS :

Next Story