Quantcast

ഒരിക്കലും തളരാത്ത മനസും ശരീരവും ശബ്ദവും അതാണെനിക്ക് ജയൻ മാസ്റ്റർ; കെ.ജി ജയനെ അനുസ്മരിച്ച് ജി.വേണുഗോപാല്‍

അവസാനമായ് മാസ്റ്ററെ നേരിട്ട് കാണുന്നത് ഏതാനും വർഷം മുൻപ് ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിലാണ്

MediaOne Logo

Web Desk

  • Updated:

    2024-04-16 06:15:26.0

Published:

16 April 2024 6:14 AM GMT

kg jayan
X

കെ.ജി ജയന്‍

അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയനെ അനുസ്മരിച്ച് ഗായകന്‍ ജി. വേണുഗോപാല്‍.ജയന്‍ മാസ്റ്ററുടെ വിയോഗം മലയാള സംഗീതത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജീവതത്തിൽ കടുത്ത പ്രതിസന്ധികൾ നേരിടുമ്പോഴും നർമ്മം കൊണ്ടായിരുന്നു ജയൻ മാസ്റ്റർ അവയെല്ലാം നേരിട്ടിരുന്നതെന്നും കുറിപ്പില്‍ പറയുന്നു.

വേണുഗോപാലിന്‍റെ കുറിപ്പ്

ജയൻ മാസ്റ്റർ ഇനി നമ്മോടൊപ്പം കാണില്ല. ഒരുപാട് പാട്ടുകളും തമാശ നിറഞ്ഞ ഓർമ്മകളും ബാക്കിയാക്കി മാസ്റ്ററും യാത്രയായിരിക്കുന്നു. ഓർമ്മകളിൽ രൂപത്തെക്കാളേറെ മുന്നിൽ വരുന്നത് മാസ്റ്ററുടെ കരുത്തൻ ശബ്ദമാണ്. പഴയ ലൈവ് റിക്കാർഡിംങ്ങുകളിൽ പാട്ടുകാരും ഓർക്കസ്ട്രയും സംഗീത സംവിധായകനുമൊക്കെ വ്യത്യസ്ത സൗണ്ട് പ്രൂഫ് ഗ്ലാസ് കാബിനുകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്ന കാലം. റിക്കാർഡിംങ്ങ് എൻജിനീയറുടെ കൺസോളിലുള്ളോരു "ടാക്ക് ബാക്ക് " ബട്ടൺ ഞെക്കിയാണ് പാട്ടു കറക്ഷൻസ് പറഞ്ഞു തരിക പതിവ്. ജയൻ മാസ്റ്റർക്ക് മാത്രം ഈ ടാക്ക്ബാക്ക് ബട്ടൻ്റെ ആവശ്യമില്ല. സർവ്വ സൗണ്ട് പ്രൂഫ് സാങ്കേതികതകളെയും ഭേദിച്ച് കൊണ്ട് മാസ്റ്ററുടെ ശബ്ദം സ്റ്റുഡിയോ മുഴുവൻ മുഴങ്ങും. കൂടെ യഥേഷ്ടം തമാശകളും. മാസ്റ്ററുടെ എഴുപതാം വയസ് ആഘോഷങ്ങൾ തിരുനക്കര മൈതാനിയിൽ നടക്കുന്നു.

അനിതരസാധാരണമായ സംഗീത ചേരുവകൾക്കൊപ്പം. മനുഷ്യ ശബ്ദത്തിൻ്റെ ഫ്രീക്വൻസികൾക്ക് കടകവിരുദ്ധമായുള്ള തവിലും നാദസ്വരവും ആണ് മാഷിൻ്റെ പക്കമേളം. ഒരു മൂന്നു മൂന്നര മണിക്കൂർ ഈ രണ്ടു് സംഗീതോപകരണങ്ങൾക്കും മീതെ ജയൻ മാസ്റ്ററുടെ ശബ്ദം അവിടെയെങ്ങും മുഴങ്ങി. ജീവിതത്തിൽ കടുത്ത പ്രതിസന്ധികൾ നേരിടുമ്പോഴും നർമം കൊണ്ടായിരുന്നു ജയൻ മാസ്റ്റർ അവയെല്ലാം നേരിട്ടിരുന്നത്. ഒരിക്കലും തളരാത്ത മനസും ശരീരവും ശബ്ദവും അതാണെനിക്ക് ജയൻ മാസ്റ്റർ.

അവസാനമായ് മാസ്റ്ററെ നേരിട്ട് കാണുന്നത് ഏതാനും വർഷം മുൻപ് ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിലാണ്. ഒന്നര മണിക്കൂർ കൊണ്ട് തീരേണ്ട ദാസേട്ടൻ്റെ സംഗീതകച്ചേരി നീണ്ട് പോകുന്നു. കഥകളും, ഓർമ്മ പങ്ക് വയ്ക്കലും, പാട്ടുമൊക്കെയായ് ദാസേട്ടൻ സമയം എടുക്കുന്നുണ്ട്. അകത്ത് ചെമ്പൈ സ്വാമിയുടെ ഗൃഹത്തിൽ സ്വാമി ഉപയോഗിച്ചിരുന്ന കട്ടിലിൽ അക്ഷമനായ് ജയൻ മാസ്റ്റർ കാത്തിരിക്കുന്നു തൻ്റെ ഊഴം കാത്ത്. അവസാനം കച്ചേരി കഴിഞ്ഞ് വീട്ടിനുള്ളിലേക്ക് കടന്നു വന്ന ദാസേട്ടനോട് ജയൻ മാസ്റ്റർ " യേശുവിൻ്റെ ഹരികഥാ സംഗീത കാലക്ഷേപം കഴിഞ്ഞോ " എന്ന ചോദ്യവും രണ്ട് പേരും ചിരിച്ചു മറിയുന്ന ഓർമ്മയുമുണ്ടെനിക്ക്.

രാഗാർദ്രമായിരുന്നു മാസ്റ്ററുടെ ഗാനങ്ങളെല്ലാം. മൂന്നര മിനിറ്റുള്ള ലളിതഗാനത്തിൽ ഒരു ശാസ്ത്രീയ രാഗത്തിൻ്റെ സത്ത് കടഞ്ഞെടുത്ത് വിളക്കിച്ചേർത്തിരുന്ന മഹാനുഭാവരിൽ ജയൻ മാസ്റ്ററും കാലയവനികയ്ക്കുള്ളിൽ പോയി മറഞ്ഞിരിക്കുന്നു. മലയാള സംഗീതത്തിന് തീരാനഷ്ടം!

TAGS :

Next Story