Quantcast

''ആദ്യ ഗേറ്റ് വരെയേ ആ ഗുണം കിട്ടൂ, പിന്നീട് ഒരു ചവിട്ട് അധികം കിട്ടിയാലേ ഉള്ളൂ''; നെപ്പോ കിഡ് വിളിയെക്കിറിച്ച് ഗോകുല്‍ സുരേഷ്

''നെപ്പോ കിഡ്ഡായത് കൊണ്ട് ഒരടി കൂടുതൽ കിട്ടിയിട്ടേ ഉളളൂ... അച്ഛൻ നടനാണെങ്കിലും ആ പ്രിവിലേജൊന്നും നൽകി വളർത്തിയിട്ടില്ല.... തിരുവനന്തപുരത്ത് പൊതുവേ ആളുകൾ കണ്ടാൽ മൈൻഡ് ചെയ്യാറുപോലുമില്ല''

MediaOne Logo

Web Desk

  • Updated:

    2023-08-29 12:44:32.0

Published:

29 Aug 2023 12:09 PM GMT

gokul suresh , nepotism, nepo kids, nepo kid, mediaone interview
X

ഗോകുല്‍ സുരേഷ് മീഡിയവണിന് നല്‍കിയ അഭിമുഖത്തിനിടെ

സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ ഒന്നാണ് നെപ്പോട്ടിസം. സൂപ്പര്‍താരങ്ങളുടെ മക്കള്‍ക്കും മറ്റും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കിട്ടുന്ന സുഗമമായ പ്രവേശനം എന്നും നെപ്പോട്ടിസം ചര്‍ച്ചകള്‍ സജീവമാക്കാറുണ്ട്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരും കഷ്ടപ്പെട്ട് ചാന്‍സ് തേടി വര്‍ഷങ്ങള്‍ അലഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായും അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായും ഇന്‍ഡസ്ട്രിയില്‍ വഴിതുറക്കാന്‍ പാടുപെടുന്ന സാധാരണക്കാരായ ആളുകളും എല്ലാ ഇന്‍ഡസ്ട്രിയിലേയും പോലെ മലയാളത്തിന്‍റെ സിനിമാ പരിസരങ്ങളിലും ഒരുപാടുണ്ട്.

മലയാളത്തിലേക്ക് വരുമ്പോള്‍ ഇന്ന് മോളിവുഡ് ഭരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ മുതല്‍ പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ഗോകുല്‍ സുരേഷ് അങ്ങനെ നെപ്പോട്ടിസത്തിന്‍റെ ഗാട്‍ലൈനോടുകൂടി ചേര്‍ത്തുവായിക്കാന്‍ പറ്റുന്ന ഒരുപാട് പേരുകളുണ്ട്.

നെപ്പോട്ടിസം അല്ലെങ്കില്‍ നെപ്പോ കിഡ്സ് എന്ന ലേബലുമായി ബന്ധപ്പെട്ട് മീഡിയവണിനോട് പ്രതികരിച്ചിരിക്കുകയാണ് സിനിമാ താരവും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. നെപ്പോ കിഡ് എന്ന ടാഗ്‍ലൈന്‍ സഹായിച്ചിട്ടുണ്ടോ അതോ അധികഭാരമായി മാറുകയാണോ ചെയ്തത് എന്ന ചോദ്യത്തിനായിരുന്നു ഗോകുല്‍ സുരേഷിന്‍റെ മറുപടി. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മീഡിയവണിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗോകുല്‍ സുരേഷിന്‍റെ പ്രതികരണം.

ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ നെപ്പോ കിഡ് എന്ന ടാഗ് സഹായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ സിനിമയിലേക്കുള്ള ആദ്യ പടി എന്ന നിലക്ക് അത് സഹായിക്കുമെന്ന് ഗോകുല്‍ പറയുന്നു. എന്നാല്‍ താന്‍ സിനിമാ മേഖലയിലേക്ക് വരണം എന്നാഗ്രഹിച്ച ആളായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അത്തരം പ്രിവിലേജിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെന്നും ഗോകുല്‍ പറയുന്നു. പക്ഷേ ഒരു സൂപ്പര്‍താരത്തിന്‍റെ മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന ലേബലില്‍ ഇന്‍ഡസ്ട്രിയിലേക്ക് ഒരു ആദ്യ എന്‍ട്രി കിട്ടും എന്നത് മാത്രമാണ് നെപ്പോ കിഡ്സിന്‍റെ ഗുണം, മറ്റ് കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നെപ്പോ കിഡ്സിന് ഇന്‍ഡസ്ട്രിയിലേക്കുള്ള ആദ്യ ഗേറ്റ് മാത്രമാണ് അവരുടെ പ്രിവിലേജ്. പിന്നീട് സ്വന്തം പരിശ്രമങ്ങളും കഴിവും കൊണ്ട് മാത്രമേ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ എന്നും ഗോകുല്‍ പറയുന്നു.

''നെപ്പോ കിഡ്ഡായത് കൊണ്ട് ഒരടി കൂടുതൽ കിട്ടിയിട്ടേ ഉളളൂ. എനിക്ക് മാത്രമല്ല, മലയാളം ഇന്‍ഡസ്ട്രിയിലെ എല്ലാ നെപ്പോ കിഡ്ഡിനും അങ്ങനെ തന്നെയാണ്. ഫസ്റ്റ് ഗേറ്റ് വരെയേ പ്രിവിലേജ് ലഭിക്കൂ, പിന്നീട് ഒരു ചവിട്ട് കൂടുതല്‍ കിട്ടും... അല്ലെങ്കില്‍ അതിനെയൊക്കെ അതിജീവിച്ച് ദുല്‍ഖറിനെപ്പോലെയൊക്കെ ഒരു ലെവലില്‍ ആകണം...'' ഗോകുല്‍ സുരേഷ് പറഞ്ഞു.

അച്ഛൻ നടനാണെങ്കിലും ആ പ്രിവിലേജൊന്നും നൽകിയല്ല വളർത്തിയതെന്നും തിരുവനന്തപുരത്തൊക്കെ പൊതുവേ ആളുകൾ കണ്ടാൽ മൈൻഡ് ചെയ്യാറുപോലുമില്ലെന്നും അഭിമുഖത്തിനിടെ ഗോകുല്‍ സുരേഷ് പറയുന്നുണ്ട്. കൊച്ചിയിലും കോഴിക്കോടുമൊക്കെ നല്ല സ്‌നേഹവും സ്വീകരണങ്ങളും ലഭിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story