Quantcast

'അന്നൊരു സൈക്കിൾ പോലുമില്ലായിരുന്നു, എന്നിട്ടും കാറുണ്ടെന്ന് പറഞ്ഞു'; ആദ്യ സിനിമാനുഭവം പറഞ്ഞ് ലുഖ്മാൻ

താന്‍ ആദ്യമായി സിനിമയില്‍ എത്തിയ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം

MediaOne Logo

Web Desk

  • Updated:

    2023-05-16 10:17:11.0

Published:

16 May 2023 10:12 AM GMT

ലുഖ്മാൻ
X

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് ലുഖ്മാൻ അവറാൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ലുക്മാൻ, താൻ ആദ്യമായി സിനിമയിൽ എത്തിയ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ. ഹർഷാദ് പി.കെ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ 'ദായോം പന്ത്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ലുഖ്മാൻ അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രത്തിനായി ആദ്യം സംവിധായകൻ ഫർഷദിനെ കാണാൻ ചെന്ന അനുഭവമാണ് ലുക്ക്മാൻ തുറന്നുപറഞ്ഞിരിക്കുന്നത്. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ കഥ പങ്കുവെച്ചത്.



ലുഖ്മാന്റെ വാക്കുകൾ

''പണ്ട് കേളേജൊക്കെ കഴിഞ്ഞ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന സമയത്താണ് ഒരു സുഹൃത്ത് ഹർഷദിക്കയെ കുറിച്ച് പറയുന്നത്. ഹർഷദിക്ക എന്നൊരാൾ കോഴിക്കോട്ട് ഉണ്ടെന്നും അദ്ദേഹം ഒരു സിനിമ തുടങ്ങുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെ ആ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് അദ്ദേഹത്തെ കാണാൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. അങ്ങനെ അവിടെത്തി അദ്ദേഹത്തെ കണ്ടു. കഥാപാത്രത്തിനൊക്കെ ഓക്കെയാണെന്നും പക്ഷെ കാറ് വേണമെന്നും പറഞ്ഞു. അദ്ദേഹം തന്നെയാണ് സിനിമ നിർമ്മിക്കുന്നതും. അതുകൊണ്ടുതന്നെ ഒരു കാറ് കൂടി പ്രോപർട്ടിയായി കൊണ്ടുവരാൻ ബഡ്ജറ്റില്ലായിരുന്നു. അതുകൊണ്ടാണ് ക്യരക്ടർ ചെയ്യാൻ വരുന്നവർ കാറ് കൊണ്ടുവരണമെന്ന ഒരു കണ്ടീഷൻ വെച്ചത്. എന്റെ കയ്യിൽ അന്ന് കാറ് പോയിട്ട് ഒരു സൈക്കിൾ പോലും ഇല്ലായിരുന്നു. പക്ഷേ മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ ഉണ്ടെന്ന് പറഞ്ഞു. കാറ് ഉണ്ടെന്ന് പറഞ്ഞതോടുകൂടി ആ ക്യാരക്ടർ എനിക്ക് കിട്ടി. എന്നാൽ ആ കാറ് എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയായിരുന്നു പിന്നെ. തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ സുഹൃത്തും ചോദിച്ചും എവടെ കാറെന്ന്. അത് ഞമ്മക്ക് സെറ്റാക്കാമെന്നും പറഞ്ഞ് നാട്ടിൽ പോയി ഒരു കാറ് വാടകക്ക് എടുത്തു. അന്നാണെങ്കിൽ എനിക്ക് ഡ്രൈവിംഗ് പോലും ശരിയായി അറിയില്ല. പിന്നെ ഒരുവിധം ആ കാറും കൊണ്ട് കോഴിക്കോട്ടേക്ക് വിട്ടു. പിന്നെ ഷൂട്ടാണ്.... ഏകദേശം രണ്ട് മാസം ഷൂട്ടായിരുന്നു. എനിക്കാണെങ്കിൽ കാറ് തിരിച്ചുകൊടുക്കാനും പറ്റാത്ത അവസ്ഥയായി. ഈ കാറ് കൊടുത്താൽ പിന്നേം ഈ കാറ് തന്നെ വേണമല്ലോ. ഇല്ലെങ്കിൽ കൺടിന്യൂറ്റി നഷ്ടപ്പെടില്ലേ. അങ്ങനെ കാറ് കൊറേ കാലം എന്റെ കയ്യിലായി. കുറച്ചുകാലത്തേക്ക് ഞാൻ വല്ല്യൊരു കടക്കാരനായി. മാരുതിയുടെ റിറ്റ്‌സാണ് എന്നാണ് ഓർമ. ഷൂട്ട് മുഴുവൻ തീർന്നതിന് ശേഷമാണ് ഹർഷദിക്ക ഇതെല്ലാം അറിയുന്നത്. ലുക്ക്മാൻ പറഞ്ഞു''.


ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ജാക്‌സൺ ബസാർ യൂത്ത് ആണ് ലുഖ്മാൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സകരിയ നിർമിക്കുന്ന ചിത്രത്തിൻറെ രചന ഉസമാൻ മാരാത്ത് ആണ് നിർവഹിക്കുന്നത്. ലുഖ്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൻറെ ട്രെയിലറും പള്ളിപെരുന്നാൾ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻറെ എഡിറ്റിംഗ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെ.എം എന്നിവർ നിർവഹിക്കുന്നു.



സഹനിർമാണം-ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (കാം എറ), ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്-അമീൻ അഫ്‌സൽ, ശംസുദ്ദീൻ എം.ടി, വരികൾ-സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ-അനീസ് നാടോടി, സ്റ്റീൽസ്-രോഹിത്ത് കെ.എസ്, മേക്കപ്പ്-ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ-പോപ്കോൺ, പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റണ്ട്-ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിൻറോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, പി.ആർ.ഒ-ആതിര ദിൽജിത്, എ.എസ് ദിനേശ്.


TAGS :

Next Story