Quantcast

മതവികാരം വ്രണപ്പെടുത്തി; 'താങ്ക് ഗോഡി'നെതിരെ ഹിന്ദു ജനജാഗ്രതി സമിതി

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഹിന്ദു ജനജാഗ്രതി സമിതി ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-09-17 09:36:17.0

Published:

17 Sept 2022 2:54 PM IST

മതവികാരം വ്രണപ്പെടുത്തി; താങ്ക് ഗോഡിനെതിരെ ഹിന്ദു ജനജാഗ്രതി സമിതി
X

ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിങ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാബന്ധന്‍, രണ്‍ബീര്‍-ആലിയ ചിത്രം ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങള്‍ക്ക് പിന്നാലെ പുതിയ വിവാദവുമായി വീണ്ടും ബോളിവുഡ്. ഇത്തവണ അജയ് ദേവ്ഗണ്‍ നായകനായ 'താങ്ക് ഗോഡ്' എന്ന ചിത്രത്തിനെതിരെയാണ് ഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി രംഗത്തുവന്നിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഹിന്ദു ജനജാഗ്രതി സമിതി ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ചിത്രം കര്‍ണാടകയില്‍ നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

മരണാന്തരം വ്യക്തിയുടെ പാപ പുണ്യങ്ങള്‍ കൃത്യപ്പെടുത്തുന്ന ചിത്രഗുപ്തനെയും ആത്മാവിനെ പിടികൂടുന്ന യമനെയും നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ സ്ക്രീനിലേക്ക് പകര്‍ത്തുന്ന ചിത്രമാണ് താങ്ക് ഗോഡ്. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തില്‍ ചിത്രഗുപ്തന്‍റെ വേഷത്തിലെത്തുന്നത്. ട്രെയിലര്‍ കണ്ട ഹിന്ദു ജനജാഗ്രതാ സമിതി അംഗങ്ങള്‍ ചിത്രഗുപ്തനെയും യമനെയും പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും സംഘടന ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തിയതിന് ചിത്രം നിരോധിക്കണമെന്നും ഹിന്ദു ജനജാഗ്രതി സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. സിനിമക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

നേരത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ ഇന്ദ്ര കുമാര്‍, നടന്മാരായ അജയ് ദേവ്ഗണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ക്കെതിരെ അഭിഭാഷകനായ ഹിമാന്‍ഷു ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു. ചിത്രത്തില്‍ ചിത്രഗുപ്തനായി വേഷമിടുന്ന അജയ് ദേവ്ഗണ്‍ തമാശ പറഞ്ഞും തെറ്റായ ഭാഷ ഉപയോഗിച്ചും മത വികാരം വ്രണപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. താങ്ക് ഗോഡ് ഒക്ടോബര്‍ 24നാണ് തിയറ്ററുകളില്‍ പുറത്തിറങ്ങുന്നത്.

TAGS :

Next Story