വെറും 90 സെക്കൻഡ്, വരുമാനം കോടികൾ! ചൈനീസ് ബോക്സോഫീസിനെ ഞെട്ടിച്ച് 'വെർട്ടിക്കൽ മൈക്രോ-ഡ്രാമ'കൾ
ഏതാനും വർഷങ്ങൾക്ക് മുമ്പ്, വെർട്ടിക്കൽ ഡ്രാമകൾ ഒരു ഗൗരവമേറിയ ബിസിനസായി മാറുമെന്ന് ആരും കരുതിയിരുന്നില്ല

- Published:
10 July 2026 12:31 PM IST

ബെയ്ജിങ്: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ചൈനയിലെ വിനോദ മേഖല നാടകീയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ തിയറ്ററുകളല്ല, ഇതിന്‍റെ ഉത്ഭവം. പകരം സ്മാര്‍ട്‍ഫോണുകളിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന വെര്‍ട്ടിക്കൽ മൈക്രോ ഡ്രാമകളാണ് ചൈനയുടെ എന്‍റര്‍ടെയ്ൻമെന്‍റ് വ്യവസായത്തെ മാറ്റിമറിച്ചിരിക്കുന്നത്. രണ്ട് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള എപ്പിസോഡുകൾ ചേർന്ന ചെറിയ ഡ്രാമകൾ ബോക്സോഫീസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ബോക്സോഫീസിനെക്കാൾ 16 ബില്യൺ ഡോളർ (ഏകദേശം 1.3 ലക്ഷം കോടിയിലധികം രൂപ) മൂല്യമുള്ള ഒരു വൻകിട വ്യവസായമായി മാറിയിരിക്കുകയാണ് വെര്‍ട്ടിക്കൽ മൈക്രോ ഡ്രാമകൾ. ചൈനീസ് വിനോദ മേഖല പിടിച്ചടക്കിയ മൈക്രോ ഡ്രാമകൾ ഇപ്പോൾ ഇന്ത്യ , ദക്ഷിണ കൊറിയ മുതൽ അമേരിക്ക വരെയുള്ള വിനോദ വിപണികളെ സ്വാധീനിക്കുന്നുണ്ട്.
എന്താണ് വെര്‍ട്ടിക്കൽ മൈക്രോ ഡ്രാമകൾ?
സ്മാർട്ട്‌ഫോണുകളിൽ ലംബമായി (Vertical) കാണാൻ പാകത്തിൽ നിർമ്മിക്കുന്ന ഈ സീരീസുകളിലെ ഓരോ എപ്പിസോഡിനും 60 മുതൽ 90 സെക്കൻഡ് വരെ മാത്രമാണ് ദൈർഘ്യം.
സോഷ്യൽ മീഡിയ റീൽസുകളും ടിക്ടോക്കും കണ്ട് ശീലിച്ച ജനങ്ങൾക്ക്, കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ട്വിസ്റ്റുകളും വൈകാരിക നിമിഷങ്ങളും സമ്മാനിക്കാൻ ഈ കുട്ടി-സീരിയലുകൾക്ക് കഴിയുന്നു. ആദ്യത്തെ 5-10 സെക്കൻഡിനുള്ളിൽ തന്നെ പ്രേക്ഷകനെ ആകർഷിക്കുന്ന തരത്തിലാണ് ഇതിന്റെ തിരക്കഥകൾ തയ്യാറാക്കുന്നത്. ഓരോ എപ്പിസോഡും കാഴ്ചക്കാരെ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് അവസാനിപ്പിക്കുന്നത്.
സിനിമകൾക്കോ വലിയ വെബ് സീരീസുകൾക്കോ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു മൈക്രോ-ഡ്രാമയുടെ മുഴുവൻ എപ്പിസോഡുകളും (സാധാരണയായി 80 മുതൽ 100 എപ്പിസോഡുകൾ വരെ) വെറും 5 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ ഷൂട്ട് ചെയ്ത് തീർക്കുന്നു.കുറഞ്ഞ ബജറ്റിൽ നിര്‍മിക്കാമെന്നതും മൈക്രോ ഡ്രാമകളുടെ സവിശേഷതയാണ്.
ബിഗ് സ്ക്രീനിനെ മറികടന്ന കുഞ്ഞു ഡ്രാമകൾ
ഏതാനും വർഷങ്ങൾക്ക് മുമ്പ്, വെർട്ടിക്കൽ ഡ്രാമകൾ ഒരു ഗൗരവമേറിയ ബിസിനസായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് പ്രകാരം, 2020 ൽ ഈ വ്യവസായത്തിന്റെ മൂല്യം 1 ബില്യൺ യുവാൻ (ഏകദേശം 148 മില്യൺ ഡോളർ) മാത്രമായിരുന്നു. എന്നാൽ വളരെ പെട്ടെന്നായിരുന്നു മൈക്രോ ഡ്രാമകൾ വിപണി പിടിച്ചടക്കിയത്. 2025 ൽ വിപണി 100 ബില്യൺ യുവാൻ കടന്നതായും 2026 ൽ ഏകദേശം 120 ബില്യൺ യുവാൻ (ഏകദേശം 16.5 ബില്യൺ ഡോളർ) എത്തുമെന്നും ദി നെക്സ്റ്റ് വെബ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ പരമ്പരാഗത തിയറ്റർ ബോക്സ് ഓഫീസിനേക്കാൾ കൂടുതൽ വരുമാനം ഇപ്പോൾ മൈക്രോ-ഡ്രാമകൾക്ക് ലഭിക്കുന്നു എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. ഒരു സിനിമയ്‌ക്കോ ടെലിവിഷൻ പരമ്പരയ്‌ക്കോ വേണ്ടി മണിക്കൂറുകൾ നീക്കിവയ്ക്കുന്നതിനുപകരം, യാത്രാവേളയിലോ ഉച്ചഭക്ഷണ ഇടവേളയിലോ ക്യൂവിൽ കാത്തിരിക്കുമ്പോഴോ ഇത്തരം മൈക്രോ ഡ്രാമകൾ കാഴ്ചയുടെ ഭാഗമാകുന്നു.
ഒരു സീരീസിന്റെ ആദ്യത്തെ 10-15 എപ്പിസോഡുകൾ പ്രേക്ഷകർക്ക് സൗജന്യമായി കാണാൻ നൽകും. കഥ ഒരു നിർണായകമായ ട്വിസ്റ്റിൽ എത്തിനിൽക്കുമ്പോൾ തുടർന്നുള്ള എപ്പിസോഡുകൾ കാണാൻ ചെറിയൊരു തുക (മൈക്രോ-പേയ്‌മെന്റ്) ആവശ്യപ്പെടും. ചെറിയൊരു തുകയാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഒരു പരമ്പര മുഴുവൻ കാണാൻ $30 നും $40 നും ഇടയിൽ ചെലവാകും, പലപ്പോഴും ഒരു സിനിമാ ടിക്കറ്റിനേക്കാളോ പ്രതിമാസ സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്‌ഷനെക്കാളോ കൂടുതൽ.
പ്രേക്ഷകന് മടുപ്പ് തോന്നാത്ത പരിചിതമായ പ്രമേയങ്ങൾ
പരിചിതമായ കഥകൾ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുന്നു. ഈ ഡ്രാമകളിൽ പലതും പ്രേക്ഷകർക്ക് ഒരിക്കലും മടുപ്പ് തോന്നാത്ത പരിചിതമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സാധാരണക്കാരായ കഥാപാത്രങ്ങൾ രഹസ്യമായി വലിയ കോടീശ്വരന്മാരോ, ശക്തരോ അല്ലെങ്കിൽ തങ്ങളുടെ യഥാർഥ വ്യക്തിത്വം മറച്ചുവെച്ചവരോ ആണെന്ന് തിരിച്ചറിയുന്ന സാധാരണക്കാരുടെ കഥകൾക്ക് ഇപ്പോഴും വലിയ ജനപ്രീതിയുണ്ട്.
പ്രതികാര കഥകളാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രമേയം. ദ്രോഹിക്കുന്ന കുടുംബാംഗങ്ങൾ,ചതിക്കുന്ന പങ്കാളികൾ അല്ലെങ്കിൽ ക്രൂരരായ മേലധികാരികൾ ഒടുവിൽ തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു.പ്രണയം, വ്യാജ വിവാഹ ബന്ധങ്ങൾ, കരാര്‍ ബന്ധങ്ങൾ, തികച്ചും വിപരീത സ്വഭാവമുള്ള ദമ്പതികൾ എന്നിവയൊക്കെ ഇത്തരം കഥകളിൽ ആവർത്തിച്ചു വരുന്ന പ്രധാന കഥാതന്തുക്കളാണ്.
തുടക്കകാലത്ത് ആവർത്തനവിരസതയുള്ളതാണെന്നും വളരെ കുറഞ്ഞ ചെലവിൽ നിർമിച്ചതാണെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നുവെങ്കിലും ആ കാഴ്ചപ്പാട് ഇപ്പോൾ പൂർണമായും മാറിയിട്ടുണ്ട്. പരിചയസമ്പന്നരായ സംവിധായകരും വലിയ ബജറ്റുകളും പ്രമുഖ അഭിനേതാക്കളുമായി വൻകിട പ്രൊഡക്ഷൻ കമ്പനികൾ ഇപ്പോൾ ഈ വിപണിയിലേക്ക് കടന്നുവന്നിട്ടുണ്ട്. തൽഫലമായി, ഇന്നത്തെ വെർട്ടിക്കൽ ഡ്രാമകളിൽ പലതും ഈ ഫോർമാറ്റിന്റെ പ്രാരംഭ പതിപ്പുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്.
എഎയുടെ പിന്തുണ
ചൈനയിലെ വെർട്ടിക്കൽ ഡ്രാമകളുടെ നിർമാണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 'ദി നെക്സ്റ്റ് വെബ്' റിപ്പോർട്ട് അനുസരിച്ച്, പ്രേക്ഷകരുടെ താല്പര്യങ്ങൾ വിശകലനം ചെയ്യാനും, കഥകളുടെ പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും തിരക്കഥകളുടെ ഡ്രാഫ്റ്റുകൾ തയ്യാറാക്കാനും, സ്റ്റോറിബോർഡുകൾ നിർമിക്കാനും വരെ എഐ സഹായിക്കുന്നുണ്ട്. മുൻപ് ആഴ്ചകൾ വേണ്ടിയിരുന്ന ജോലികൾ ഇപ്പോൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുന്നു.
ചൈനയിലെ മൈക്രോ-ഡ്രാമ വ്യവസായത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം 16.5 ബില്യൺ ഡോളറാണ് (ഏകദേശം 1.35 ലക്ഷം കോടി രൂപ), കൂടാതെ 660 മില്യണോളം (66 കോടി) ഉപയോക്താക്കളിലേക്ക് ഇത് എത്തിച്ചേരുന്നുമുണ്ട്. 'ദി നെക്സ്റ്റ് വെബ്' സൂചിപ്പിക്കുന്നത് പോലെ, എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾക്കായി ലോകത്തിലെ ആദ്യത്തെ വൻകിട വാണിജ്യ ഇക്കോസിസ്റ്റം ചൈന നിശബ്ദമായി കെട്ടിപ്പടുത്തിരിക്കുകയാണ്. പല ആഗോള സ്റ്റുഡിയോകളും ഇപ്പോഴും ജനറേറ്റീവ് എഐയി-ൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ, ചൈനയിലെ ഷോർട്ട്-ഡ്രാമ വ്യവസായം തങ്ങളുടെ ദൈനംദിന നിർമാണ പ്രക്രിയയുടെ ഭാഗമായി ഇതിനകം തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ മാത്രം ചൈനയിലെ എഐ വീഡിയോ മേഖല റിലീസ് ചെയ്ത പുതിയ പ്രൊജക്ടുകളുടെ എണ്ണം, നെറ്റ്ഫ്ലിക്സ് അതിന്റെ ചരിത്രത്തിൽ ഇന്നുവരെ നിർമിച്ചവയെക്കാൾ കൂടുതലാണെന്നും റിപ്പോര്‍ട്ടിൽ വിശദമാക്കുന്നു.
മുൻപ് വലിയ ഔട്ട്‌ഡോർ സ്റ്റുഡിയോകളിലാണ് മൈക്രോ ഡ്രാമകൾ ഷൂട്ട് ചെയ്തിരുന്നതെങ്കിൽ ഇന്ന് ഷുഡിയൻ എന്നറിയപ്പെടുന്ന ഇൻഡോർ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ വെര്‍ട്ടിക്കൽ ഡ്രാമകൾക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ്. ഒരു സ്റ്റുഡിയോയിൽ അപ്പാർട്ടുമെന്റുകൾ, ഓഫീസുകൾ, ആശുപത്രികൾ, റെസ്റ്റോറന്റുകൾ എന്നിവ ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഉൾപ്പെടുത്താം, ഇത് ക്രൂവിന് ഒന്നിലധികം സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നതിനുപകരം മിനിറ്റുകൾക്കുള്ളിൽ സീനുകൾക്കിടയിലേക്ക് കടക്കാൻ സാധിക്കുന്നു.
എപ്പിസോഡുകൾ പുറത്തിറങ്ങിക്കഴിഞ്ഞാൽ, പ്ലാറ്റ്‌ഫോമുകൾ പ്രേക്ഷകരുടെ ആസ്വാദനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കാഴ്ചക്കാർ എവിടെയാണ് കാണുന്നത് നിർത്തുന്നത്, ഏതൊക്കെ ക്ലിഫ്‌ഹാംഗറുകൾ(ആകാംക്ഷയുടെ മുനമ്പിൽ നിർത്തുന്ന കഥാ സന്ദർഭങ്ങൾ) പിന്നീട് പണം അടച്ച് കാണുന്നത് ഏതൊക്കെ, ഏത് തരത്തിലുള്ള സ്റ്റോറിലൈനുകൾക്കാണ് വ്യൂസ് കുറയുന്നത് എന്നിവ അവർക്ക് കൃത്യമായി കാണാൻ കഴിയും. ചില സ്റ്റുഡിയോകൾ പ്രധാനപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം പതിപ്പുകൾ പോലും ഷൂട്ട് ചെയ്യുന്നു.
Adjust Story Font
16
