Quantcast

തിരിച്ചുവരണം എന്ന് വിചാരിച്ചിരുന്നില്ല; നല്ല പ്രൊജക്ടുകൾ വന്നാൽ ഇനിയും സിനിമകൾ ചെയ്യുമെന്ന് ഭാവന

എത്ര നല്ല താരങ്ങൾ ആണെങ്കിലും പടം നല്ലതല്ലെങ്കിൽ ആളുകൾ തിയേറ്ററുകളിൽ എത്തില്ലെന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    18 Feb 2023 2:46 PM GMT

Bhavana on new movie
X

സിനിമയിലേക്ക് തിരിച്ചുവരണം എന്ന് വിചാരിച്ചിരുന്നില്ലെന്നും 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രം ഏറെ ആലോചിച്ച ശേഷം ചെയ്യാൻ തീരുമാനിച്ചതാണെന്നും നടി ഭാവന. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. ഒരു ക്യാരക്ടർ കേട്ട് ചാടിയിറങ്ങി ചെയ്ത മൂവിയല്ല. ആദ്യം ഞാൻ ഓകെ പറഞ്ഞിരുന്നില്ല. നോക്കിയിട്ട് പറയാം, ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞ ശേഷം ഒന്നര മാസം കഴിഞ്ഞാണ് യെസ് പറഞ്ഞത്.

'ക്യാരക്ടറുടെ പ്രത്യേകതകൾ കൊണ്ടുമാത്രം ചെയ്ത മൂവിയല്ല. ശരിയായ നിമിഷം, ശരിയായ അവസരം, ശരിയായ തീരുമാനം എന്ന നിലയ്ക്കുണ്ടായതാണ്. 24ന് സിനിമ റിലീസാവുമ്പോഴേ അതെങ്ങനെയുണ്ട് എന്നറിയാനാവൂ. സിനിമ നല്ലതാണോ എന്ന് മാത്രമേ കാണികൾ നോക്കൂ. അവരുടെ പ്രതികരണം അറിഞ്ഞശേഷം ബാക്കി തീരുമാനിക്കാം'- നടി പറഞ്ഞു.

ഇനി സജീവമായിക്കൂടേ എന്ന ചോദ്യത്തിന്, അത് തന്റെ കൈയിൽ നിൽക്കുന്ന കാര്യമല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. നല്ല പ്രൊജക്ടുകൾ വന്നാൽ തീർച്ചയായും ചെയ്യും. ഇപ്പോൾ ഷാജി സാറിന്റെ ഒരു പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. മറ്റൊരു പ്രൊജക്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമ നമ്മുടെ കൈയിലല്ല. നമ്മൾ വിചാരിക്കുന്ന പോലെയുമല്ല. 'നമ്മൾ' ചെയ്യുമ്പോൾ അടുത്ത സിനിമ കിട്ടുമോയെന്ന് അറിയില്ലായിരുന്നല്ലോ?.

ഇത്രയും സിനിമകൾ ചെയ്തു. അതൊന്നും തന്റെ മാത്രം കഴിവ് കൊണ്ടാണെന്ന് വിചാരിക്കുന്നില്ല. അതൊക്കെ സംഭവിച്ചുപോവുന്നതാണ്. അതിനാൽ നല്ല പ്രൊജക്ടുകൾ വന്നാൽ, അത് തനിക്ക് ഇഷ്ടപ്പെട്ടാൽ ഉറപ്പായും ചെയ്യുമെന്നും താരം വ്യക്തമാക്കി. ആൻക്‌സൈറ്റി ഡിസോർഡറുകളെ എങ്ങനെയാണ് തരണം ചെയ്തതെന്ന ചോദ്യത്തോട്, അതിപ്പോഴും താൻ തരണം ചെയ്തിട്ടില്ലെന്നും അതിനാൽ ഒരു പരിഹാരം കൃത്യമായി പറയാൻ കഴിയില്ലെന്നും ഭാവന മറുപടി നൽകി. അതേസമയം, അതേക്കുറിച്ച് നമുക്ക് മാനസികരോഗ വിദഗ്ധരോട് ചോദിക്കാം എന്നാണ് ഇതിനോട് ഷറഫുദ്ദീൻ പ്രതികരിച്ചത്. ഇതൊക്കെ വല്ലാത്ത ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് മാറ്റങ്ങൾ സിനിമാ മേഖലയിൽ വന്നുകൊണ്ടിരിക്കുകയാണ്. ആണായാലും പെണ്ണായാലും അവരവരുടെ മാർക്കറ്റ് വാല്യൂ അനുസരിച്ച് പ്രതിഫലം ലഭിക്കുമെന്നും ഭാവന ചൂണ്ടിക്കാട്ടി. അവരുടെ സിനിമകൾ ഹിറ്റാവുകയാണെങ്കിൽ അവർക്കൊരു മാർക്കറ്റ് വാല്യു ഉണ്ടാവും. അതുവച്ച് അവർക്ക് പ്രതിഫലം ചോദിക്കാം. ഒരു നടിയെ വച്ച് പടം ചെയ്താൽ അത് വിജയിക്കും, ലാഭമുണ്ടാകും എന്ന് തോന്നിയാൽ തീർച്ചയായും അവർക്കുമുണ്ടാകും ഒരു മാർക്കറ്റ് വാല്യു. അപ്പോൾ അവർക്ക് പൈസ കൂടുതൽ ചോദിക്കാം എന്നുള്ളത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. അത് ആണായാലും പെണ്ണായാലും അങ്ങനെയാണ്.

ഒരു പടം തെരഞ്ഞെടുക്കാൻ ആദ്യ പരിഗണന നൽകുന്നത് തിരക്കഥയ്ക്കാണ്. ഈ പടത്തെ കുറിച്ച് താൻ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെന്നും പ്രേക്ഷകർ കണ്ട് തീരുമാനിക്കേണ്ടിവരുമെന്നും ഭാവന പറഞ്ഞു. 'ഭാവന തിരിച്ചുവരുന്നു' എന്ന നിലയ്ക്ക് പ്രേക്ഷകർ ഇതിനെ കാണുമ്പോൾ, ഞാൻ തിരുച്ചുവന്ന് ഒരു കലക്കുകലക്കും എന്ന നിലയിൽ കാണുമ്പോൾ തനിക്ക് ടെൻഷനാണ്. മറിച്ച് ഇതൊരു കൊച്ചുസിനിമയാണ്, ഫീൽഗുഡ് സിനിമയാണ്. താൻ അഭിനയിച്ചു എന്നേയുള്ളൂ.

കൊറോണാ കാലത്തിനു ശേഷം പ്രേക്ഷകരുടെ പ്രയോരിറ്റികൾ മാറി, ചിന്തകൾ മാറി. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്ന ചിന്ത ചെറുപ്പക്കാരിൽ മാത്രമായി മാറി. അതിനാൽ ഒരു ഫാമിലി ക്രൗഡിനെ തിയേറ്ററുകളിലെത്തിക്കുക എന്നതൊരു ടാസ്‌കാണ്. കൊറോണ കാലം എല്ലാവരുടേയും ജീവിതത്തിൽ മാറ്റമുണ്ടാക്കി. തിയേറ്ററുകളിൽ പോയി സിനിമകൾ കാണുക എന്നത് പ്രധാനമല്ലാത്ത കാര്യമായി മാറി. അത്രയും നല്ല കഥയുള്ള സിനിമയാണെങ്കിലേ അവർ പോയിക്കാണൂ.

എത്ര നല്ല താരങ്ങൾ ആണെങ്കിലും പടം നല്ലതല്ലെങ്കിൽ ആളുകൾ തിയേറ്ററുകളിൽ എത്തില്ലെന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട്. അതേസമയം, ഇത്രയും കാലം ഒരു പടത്തിന്റെ റിലീസിങ്ങിന്റെ കാര്യത്തിൽ ടെൻഷൻ അടിച്ചിട്ടില്ലെന്നും പക്ഷേ ഇതിലുണ്ടെന്നും 'ഭാവന തിരിച്ചുവരുന്ന സിനിമയാണ്' എന്ന് എല്ലാവരും പറയുന്നതിനാലാണ് അതെന്നും താരം കൂട്ടിച്ചേർത്തു.

TAGS :

Next Story