Quantcast

ഞാൻ വിവാഹിതയാണെന്ന കാര്യം പലപ്പോഴും മറന്നുപോകാറുണ്ട്: 'നോ-ബേർഡൻ റൂൾ' വെളിപ്പെടുത്തി ബോളിവുഡ് നായിക തപ്സി പന്നു

തന്റെ ദാമ്പത്യം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും, സമാധാനപരമായ കുടുംബജീവിതത്തിന് പിന്നിൽ തങ്ങൾ പണ്ടേ ഉറപ്പിച്ചു വെച്ച ഒരു പ്രത്യേക നിയമമുണ്ടെന്നുമാണ് തപ്‌സി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്

MediaOne Logo

അരീജ മുനസ്സ

  • Updated:

    2026-04-05 08:20:17.0

Published:

5 April 2026 11:12 AM IST

ഞാൻ വിവാഹിതയാണെന്ന കാര്യം പലപ്പോഴും മറന്നുപോകാറുണ്ട്: നോ-ബേർഡൻ റൂൾ വെളിപ്പെടുത്തി ബോളിവുഡ് നായിക തപ്സി പന്നു
X

ബോളിവുഡിലെ ബോൾഡ് നായിക തപ്‌സി പന്നുവും ബാഡ്മിന്റൺ താരം മത്തിയാസ് ബോയിയും തമ്മിലുള്ള വിവാഹം സിനിമാലോകം ഏറെ ആഘോഷിച്ച ഒന്നായിരുന്നു. എന്നാൽ തന്റെ ദാമ്പത്യം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും, സമാധാനപരമായ കുടുംബജീവിതത്തിന് പിന്നിൽ തങ്ങൾ പണ്ടേ ഉറപ്പിച്ചു വെച്ച ഒരു പ്രത്യേക നിയമമുണ്ടെന്നുമാണ് തപ്‌സി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതം അധികം വാർത്തകളിൽ നിറയാൻ ആഗ്രഹിക്കാത്തവരാണ്. എന്നാൽ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ദാമ്പത്യം ഇത്ര സുഗമമായി മുന്നോട്ട് പോകുന്നതിന്റെ രഹസ്യം തപ്‌സി വെളിപ്പെടുത്തിയിരിക്കുന്നത്. താൻ വിവാഹിതയാണെന്ന കാര്യം പലപ്പോഴും മറന്നുപോകാറുണ്ടെന്നും അത്രമേൽ സമ്മർദമില്ലാത്ത ഒന്നാണ് തങ്ങളുടെ ബന്ധമെന്നുമാണ് തപ്‌സി പറയുന്നത്.

വിവാഹശേഷം പല സ്ത്രീകളും തങ്ങളുടെ വ്യക്തിത്വത്തിലോ കരിയറിലോ വലിയ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാകാറുണ്ട്. എന്നാൽ തപ്‌സിയുടെ കാര്യത്തിൽ അങ്ങനെയല്ല. ദാമ്പത്യം എന്നത് ഒരാൾ മറ്റൊരാൾക്ക് മേൽ ചുമത്തുന്ന ഭാരമാകരുത് എന്ന കർശനമായ 'നോ ബർഡൻ' നിയമമാണ് തപ്‌സിയും മത്തിയാസും പിന്തുടരുന്നത്. പരസ്പരം മാറ്റാൻ ശ്രമിക്കാതെ, ഉള്ളതുപോലെ അംഗീകരിക്കുക എന്നതാണ് ഈ നിയമത്തിന്റെ കാതൽ. താൻ വിവാഹത്തിന് മുൻപ് എങ്ങനെയുള്ള വ്യക്തിയായിരുന്നോ, അതുപോലെ തന്നെ തുടരാൻ വൈവാഹിക ജീവിത്തിലും തനിക്ക് സാധിക്കുന്നുണ്ടെന്ന് താപ്സി വ്യക്തമാക്കുന്നു.

പങ്കാളികൾ എന്നതിലുപരി മികച്ച സുഹൃത്തുക്കളായി തുടരുന്നതാണ് തങ്ങളുടെ വിജയമെന്ന് തപ്‌സി വിശ്വസിക്കുന്നു. മത്തിയാസ് തന്റെ കരിയറിലും തപ്‌സി തന്റെ അഭിനയ ജീവിതത്തിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. സിനിമയിലെ തിരക്കുകൾക്കിടയിലും തനിക്ക് ആവശ്യമായ മാനസികമായ പിന്തുണയും സ്വസ്ഥതയും നൽകുന്ന ഒരാളാണ് തന്റെ ഭർത്താവെന്ന് തപ്‌സി അഭിമാനത്തോടെ പറയുന്നു. തന്റെ ജീവിതശൈലിയെ മത്തിയാസ് ബഹുമാനിക്കുന്നുവെന്നും, ഓരോ ദിവസവും തനിക്ക് താനായി തന്നെ ഇരിക്കാൻ കഴിയുന്നുവെന്നും തപ്‌സി പറയുന്നു.

തപ്‌സിയുടെ ഈ 'നോ ബർഡൻ' തിയറി സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് നേടുന്നത്. കരിയറിലെ വിജയങ്ങൾക്കൊപ്പം തന്നെ സ്വകാര്യ ജീവിതത്തിലും ഇത്രയും വ്യക്തമായ നിലപാടുകൾ പുലർത്തുന്ന തപ്‌സി പന്നു വീണ്ടും തന്റെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയാണ്. വിവാഹശേഷവും തന്റെ സ്വപ്നങ്ങളിലേക്ക് പറക്കാൻ തനിക്ക് കരുത്ത് നൽകുന്നത് ഈ ലളിതമായ നിയമമാണെന്ന് താരം ഉറപ്പിച്ചു പറയുന്നു.

TAGS :

Next Story