Quantcast

'ജോജു ജോർജ് തല്ലുമെന്ന് ഭീഷണിപ്പെടുത്തി, ചീത്തവിളിച്ചു'; ആരോപണവുമായി സനൽകുമാർ ശശിധരൻ

ചോല എന്ന സിനിമ പൂഴ്ത്തിവെക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് പോസ്റ്റിട്ടപ്പോൾ പ്രകോപിതനായ ജോജു ഫോണിൽ വിളിച്ച് ചീത്തപറയുകയും വീട്ടിൽവന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-30 16:05:03.0

Published:

30 July 2022 4:02 PM GMT

ജോജു ജോർജ് തല്ലുമെന്ന് ഭീഷണിപ്പെടുത്തി, ചീത്തവിളിച്ചു; ആരോപണവുമായി സനൽകുമാർ ശശിധരൻ
X

നടന്‍ ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. ചോല എന്ന സിനിമ പൂഴ്ത്തിവെക്കാന്‍ ശ്രമങ്ങൾ നടക്കുന്നുവെന്ന് പോസ്റ്റിട്ടപ്പോള്‍ പ്രകോപിതനായ ജോജു ഫോണില്‍ വിളിച്ച് ചീത്തപറയുകയും വീട്ടില്‍വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയുടെ മേൽ തനിക്കുള്ള അവകാശം കരാറിലുണ്ടെന്ന് പറഞ്ഞപ്പോൾ കള്ളം പറയുകയാണെന്ന് ജോജു പറഞ്ഞെന്നും കരാർ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോൾ ചീത്ത പറഞ്ഞെന്നും സനല്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫോൺ കോള്‍ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോൾ കട്ട് ചെയ്ത് പോവുകയായിരുന്നെന്നും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,

ചോല എന്ന സിനിമ പൂഴ്ത്തി വെയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് ഞാൻ പോസ്റ്റ് ഇട്ടതിൽ പ്രകോപിതനായി ജോജു ജോർജ്ജ് എന്നെ അല്പം മുൻപ് ഫോണിൽ വിളിച്ച് ചീത്ത വിളിക്കുകയും എന്റെ വീട്ടിൽ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സിനിമയുടെ കാര്യം സംസാരിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാൻ തയാറാവാതിരുന്ന അയാൾ എന്റെ പോസ്റ്റിൽ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേൽ എനിക്കുള്ള അവകാശം കരാറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം അയാൾ പറഞ്ഞത് ഞാൻ കള്ളം പറയുന്നു എന്നാണ്. എന്നാൽ കരാർ ഞാൻ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോൾ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോൺ ഞാൻ റിക്കോർഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്ത് പോയിട്ടുള്ളതാണ്. എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി എന്നുമാത്രമേ ഞാൻ കരുതുന്നുള്ളു. പക്ഷെ ചോല എന്ന സിനിമയിൽ എനിക്കുള്ള മൂന്നിലൊന്ന് അവകാശം കരാർ പ്രകാരം ഉള്ളതായതിനാൽ എന്നെ തല്ലിയാലും കൊന്നാലും അത് ഇല്ലാതാവുകയില്ല എന്നും ഞാനറിയാതെ അത് ആർക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കിൽ ആ വില്പന കരാർ അസാധുവാണെന്ന സത്യം നിലനിൽക്കുമെന്നും അറിഞ്ഞിരിക്കണം.

ചോല എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹോങ്കോംഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ജോജു കത്തയച്ചത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കത്തിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല, ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണത്തിനായി ചില്ലി കാശ് പോലും ജോജുവിന്റെ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് ചെലവാക്കിയിട്ടില്ല, തന്റെ ചിത്രങ്ങൾ പൂഴ്ത്തിവയ്ക്കാനുള്ള ശ്രമം നടക്കുന്നു എന്നതിന് ഒരു തെളിവാണ് ഈ കത്തെന്നുമായിരുന്നു സനല്‍കുമാറിന്‍റെ ആരോപണം.

ചോല തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് തന്റെ സിനിമകളെ ഉന്നം വെച്ചുളള ആക്രമണം എത്ര ശക്തമാണെന്ന് മനസിലായതെന്നും സനല്‍കുമാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഷാജി മാത്യു നിർമിച്ച 'ചോല' നടന്‍ ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ കമ്പനി വാങ്ങുമ്പോള്‍ തനിക്ക് ആ സിനിമയില്‍ മൂന്നിലൊന്ന് അവകാശം ഉണ്ടെന്നും അത് സിനിമയുടെ വിറ്റുവരവില്‍ പങ്കുവെക്കാമെന്ന നിബന്ധന കരാറിലുണ്ടായിരുന്നെന്നും പിന്നീട് വിറ്റുവരവ് എത്രയെന്ന് തന്നെ അറിയിച്ചില്ലെന്നുമാണ് സനല്‍കുമാര്‍ ആരോപിക്കുന്നത്.

TAGS :

Next Story