Quantcast

ഇവിടെ വെള്ളമില്ല, വൈദ്യുതിയില്ല, എല്ലാം തകര്‍ന്നു; ഹിമാചലിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് കങ്കണ

സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നീ മൂന്ന് പ്രദേശങ്ങൾ സാരമായി ബാധിച്ച ഷിംല ഉൾപ്പെടെ നിരവധി ജില്ലകളിൽ പ്രകൃതിയുടെ ക്രോധം മണ്ണിടിച്ചിലിന് കാരണമായി

MediaOne Logo

Web Desk

  • Published:

    17 Aug 2023 6:27 AM GMT

Kangana Ranaut
X

കങ്കണ

ഷിംല: കനത്ത മഴയും വെള്ളപ്പൊക്കവും അടിമുടി തകര്‍ത്തുകളഞ്ഞു ഹിമാചലിനെ. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 71 കഴിഞ്ഞിരിക്കുന്നു. സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നീ മൂന്ന് പ്രദേശങ്ങൾ സാരമായി ബാധിച്ച ഷിംല ഉൾപ്പെടെ നിരവധി ജില്ലകളിൽ പ്രകൃതിയുടെ ക്രോധം മണ്ണിടിച്ചിലിന് കാരണമായി. ഹിമാചലില്‍ നിന്നുള്ള അഭിനേത്രിയും സംവിധായികയുമായ കങ്കണ റണാവത്ത് ഇൻസ്റ്റഗ്രാമിൽ സംസ്ഥാനത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചു.

“ഹിമാചൽ പ്രദേശിലെ ജനങ്ങൾ അപൂർവ ദുരന്തം നേരിട്ടുകൊണ്ടിരിക്കുകയാണ്. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും അവസാനമില്ല. മലകൾ ഇടിയുന്നു, എല്ലായിടവും തകരുകയാണ്. ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇല്ല, മൊത്തം സംവിധാനം തന്നെ തകര്‍ന്നു. മലയോരത്തെ ആളുകള്‍ക്കൊപ്പമാണ് എന്‍റെ ഹൃദയം. അവരുടെ ക്ഷേമത്തിനായി നിരന്തരം പ്രാര്‍ഥിക്കുന്നു'' കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.


ഹിമാചൽ പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയില്‍ മഴക്കെടുതി രൂക്ഷമാണ്. പലയിടത്തും വീടുകൾ ഒലിച്ചുപോയി. മണാലി ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ കോർപറേഷൻ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വീടുകളിൽ വിള്ളൽ കണ്ടെത്തിയാൽ ജനങ്ങൾ മാറിതാമസിക്കാൻ തയ്യാറാകണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിന് ശേഷം അഭ്യർഥിച്ചിരുന്നു. വ്യോമസേനാ ഹെലികോപ്റ്ററുകൾ, കരസേനാ ഉദ്യോഗസ്ഥർ, എൻഡിആർഎഫ് എന്നിവയുടെ സഹായത്തോടെയാണ് പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവർത്തനം നടക്കുന്നത്.

TAGS :

Next Story