'സൂപ്പര്‍സ്റ്റാറുകളെക്കാൾ വലുതാണ് സംവിധായകര്‍'; ധുരന്ധറിന്‍റെ വിജയത്തിൽ ആദിത്യ ധറിനെ വാനോളം പുകഴ്ത്തി കങ്കണ, രൺവീറിനെക്കുറിച്ച് മിണ്ടാതെ നടി
ധുരന്ധര്‍ വിജയത്തിന്‍റെ ഏറ്റവും വലിയ കാര്യം, ആദിത്യ ധർ ഒരു സൂപ്പർസ്റ്റാർ സംവിധായകനാണെന്നതാണ്

മുംബൈ: ധുരന്ധറിന്‍റെ വിജയത്തിന് പിന്നാലെ സംവിധായകൻ ആദിത്യ ധറിനെ പ്രശംസിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് . സംവിധായകര്‍ പലപ്പോഴും സൂപ്പർസ്റ്റാർ നടന്മാരേക്കാൾ വലുതാണെന്നും അവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നും പറഞ്ഞു. ധറിനെ പ്രശംസിച്ച കങ്കണ, രൺവീർ സിംഗ്, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, രാകേഷ് ബേദി, സാറ അർജുൻ എന്നിവരുൾപ്പെടെയുള്ള ചിത്രത്തിലെ അഭിനേതാക്കളെ മനഃപൂര്‍വം അവഗണിച്ചു.
ധുരന്ധര്‍ വിജയത്തിന്‍റെ ഏറ്റവും വലിയ കാര്യം, ആദിത്യ ധർ ഒരു സൂപ്പർസ്റ്റാർ സംവിധായകനാണെന്നതാണ്. സ്പീൽബർഗ്, ടരാന്റിനോ, നോളൻ എന്നിവരെപ്പോലുള്ള സംവിധായകർ ഹോളിവുഡിൽ അഭിനേതാക്കളേക്കാൾ വലിയ താരങ്ങളാണ്.ഇന്ത്യൻ സിനിമയിൽ സംവിധായകരും ടെക്നീഷ്യൻമാരും അമിത ജോലിഭാരവും കുറഞ്ഞ പ്രതിഫലവും അനുഭവിക്കുന്നവരാണെന്നും സൂപ്പർസ്റ്റാറുകളാൽ അവർ അടിച്ചമർത്തപ്പെടുകയാണെന്നും കങ്കണ ആരോപിച്ചു. ഈ മോശം സാഹചര്യം കാരണം സിനിമാ മേഖലയിലേക്ക് പുതിയ ടെക്നീഷ്യൻമാരോ സംവിധായകരോ വരാൻ ആഗ്രഹിക്കുന്നില്ലെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇന്നത്തെ കാലത്ത് എല്ലാവരും കഴിവുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലാവർക്കും അഭിനേതാക്കളാകാനാണ് താല്പര്യം. ഏതൊരു സൂപ്പർസ്റ്റാർ നായകനേക്കാളും തിളക്കത്തോടെ നിൽക്കുന്ന ചലച്ചിത്രകാരനാണ് ആദിത്യ ധറെന്ന് കങ്കണ വിശേഷിപ്പിച്ചു.
അതേസമയം ധുരന്ധറിന്‍റെ രണ്ടാം ഭാഗമായ ധുരന്ധർ: ദി റിവഞ്ച് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസം തന്നെ 100 കോടി രൂപ മറികടന്നു. വ്യാഴാഴ്ച ചിത്രം 102.55 കോടി രൂപയും ബുധനാഴ്ച പെയ്ഡ് പ്രിവ്യൂകളിൽ നിന്ന് 43 കോടി രൂപയും നേടി.സാക്നിൽക് എന്റർടൈൻമെന്റിന്റെ കണക്കനുസരിച്ച്, രണ്ടാം ദിവസം ചിത്രം 80.72 കോടി രൂപ കലക്ഷൻ നേടി, ഇതോടെ ആകെ 226.27 കോടിയാണ് ഇതുവരെ ചിത്രം നേടിയത്.
Adjust Story Font
16

