Quantcast

ആരെയും അറിയിക്കാതെ കങ്കണ കല്യാണം കഴിച്ചോ? മംഗല്യസൂത്രവും സിന്ദൂരവും കണ്ട് കൺഫ്യൂഷനടിച്ച് ആരാധകര്‍!

വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിലും എക്‌സിലും അതിവേഗം പ്രചരിച്ച വീഡിയോയിൽ പീച്ച് നിറത്തിലുള്ള കഫ്താൻ കുര്‍ത്തയും കൂളിംഗ് ഗ്ലാസും ധരിച്ച കങ്കണയെ കാണാം

MediaOne Logo

Web Desk

  • Published:

    22 May 2026 3:29 PM IST

ആരെയും അറിയിക്കാതെ കങ്കണ കല്യാണം കഴിച്ചോ? മംഗല്യസൂത്രവും സിന്ദൂരവും കണ്ട് കൺഫ്യൂഷനടിച്ച് ആരാധകര്‍!
X

ഡൽഹി: ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്‍റെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകര്‍. മംഗല്യസൂത്രവും സിന്ദൂരവുമിട്ട കങ്കണയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രഹസ്യമായി നടി കല്യാണം കഴിച്ചോ എന്നാണ് നെറ്റിസണസ് ചോദിക്കുന്നത്.

വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിലും എക്‌സിലും അതിവേഗം പ്രചരിച്ച വീഡിയോയിൽ പീച്ച് നിറത്തിലുള്ള കഫ്താൻ കുര്‍ത്തയും കൂളിംഗ് ഗ്ലാസും ധരിച്ച കങ്കണയെ കാണാം. വിവാഹിതരായ സ്ത്രീകളെപ്പോലെ മുടി മെടഞ്ഞിട്ട് സിന്ദൂരം ധരിച്ച് മംഗല്യസൂത്രവും പച്ച വളകളും ധരിച്ചതാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയത്. എന്നാൽ വിവാഹത്തെക്കുറിച്ച് കങ്കണ ഇതുവരെ തുറന്നുപറഞ്ഞിട്ടുമില്ല. 2023 ൽ, വിവാഹം കഴിക്കാനും കുടുംബം തുടങ്ങാനും താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് ശരിയായ സമയത്ത് സംഭവിക്കുമെന്നും അവർ എഎൻഐയോട് പറഞ്ഞിരുന്നു.

എന്നാൽ കങ്കണയുടെ ഹിറ്റ് ചിത്രം ക്വീനിന്‍റെ രണ്ടാം ഭാഗമായ ക്വീൻ ഫോറെവര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ്ങിലായിരിക്കും നടിയെന്ന് ചിലര്‍ പറഞ്ഞു. മെയ് ആദ്യം മുംബൈയിലെ ഗ്രാന്‍റ് റോഡിൽ ചിത്രീകരണം ആരംഭിച്ചതായും അവിടെ നായികയുടെ വീടിനെ പ്രതിനിധീകരിക്കുന്ന ഒരു സെറ്റ് നിർമിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചിത്രത്തിൽ റാണി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്.

ക്വീൻ റിലീസ് ചെയ്ത് 12 വര്‍ഷങ്ങൾ പിന്നിടുമ്പോൾ റാണിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കാനിടയുള്ള മാറ്റങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നതാണ് ഈ മംഗല്യസൂത്രവും സിന്ദൂരവും. ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നത് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സീക്വലിനായി താൻ സംവിധായകൻ വികാസ് ബഹലുമായി വീണ്ടും ഒന്നിക്കുകയാണെന്ന് ഏപ്രിലിൽ കങ്കണ പരസ്യമായി വ്യക്തമാക്കിയിരുന്നു. സംവിധാനത്തിന് പുറമെ, ട്രിഗർ ഹാപ്പി സ്റ്റുഡിയോസുമായി സഹകരിച്ച് വികാസ് ബഹൽ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സഹനിർമാണവും നിർവഹിക്കുന്നത്.

റാണിയെ പാരീസിലേക്കും ആംസ്റ്റർഡാമിലേക്കും കൂട്ടിക്കൊണ്ടുപോയ ആദ്യ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം ഭാഗത്തിൽ കഥ ഇന്ത്യയ്ക്കുള്ളിൽ തന്നെയാണ് നടക്കുന്നത്. ജീവിതത്തിലുണ്ടാകുന്ന ഒരു സുപ്രധാന സംഭവത്തിന് ശേഷം റാണി മുംബൈയിൽ എത്തിപ്പെടുന്നതായും, തുടർന്ന് സ്വന്തം നാട്ടിൽ വെച്ച് അവൾ നടത്തുന്ന സ്വയം കണ്ടെത്തലിന്റെ യാത്രയുമാണ് രണ്ടാം ഭാഗത്തിന്‍റെ പ്രമേയം.

ആദ്യഭാഗത്തിലുണ്ടായിരുന്ന രാജ്കുമാർ റാവുവും ലിസ ഹെയ്ഡനും രണ്ടാം ഭാഗത്തിലുണ്ടാകില്ല. പ്രധാനമായും തിയറ്റർ/നാടക രംഗത്തുനിന്നുള്ള പുതുമുഖ താരങ്ങളെയാണ് ബഹൽ ഇത്തവണ ചിത്രത്തിലേക്ക് പരിഗണിച്ചിരിക്കുന്നത്.

കങ്കണയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 2014ൽ പുറത്തിറങ്ങിയ ക്വീൻ. വെറും 12.5 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം രൂപ കലക്ഷൻ നേടി വലിയ വിജയമായി മാറി.ചിത്രത്തിലെ മികച്ച പ്രകടനത്തിന് കങ്കണ റണാവത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും 'ക്വീൻ' സ്വന്തമാക്കി. അമിത് ത്രിവേദി സംഗീതം നൽകിയ ചിത്രത്തിലെ "ലണ്ടൻ തുമക്ഡാ" എന്ന ഗാനം ഏറെ ജനപ്രീതി നേടി. മലയാളം ഉൾപ്പെടെ നാല് ഇന്ത്യൻ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

TAGS :

Next Story