Quantcast

അത്ഭുതപ്പെടുത്തുന്ന ദൃശ്യാനുഭവങ്ങൾ; അനായാസമായ അഭിനയ പാടവം- ജൂറിയുടെ വിലയിരുത്തലുകൾ ഇങ്ങനെ

വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദലിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമ്മിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവമാണ് ജോജുവിനെ മികച്ച നടനാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-05-27 13:20:18.0

Published:

27 May 2022 1:02 PM GMT

അത്ഭുതപ്പെടുത്തുന്ന ദൃശ്യാനുഭവങ്ങൾ; അനായാസമായ അഭിനയ പാടവം- ജൂറിയുടെ വിലയിരുത്തലുകൾ ഇങ്ങനെ
X

അത്ഭുതപ്പെടുത്തുന്ന മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും പ്രതിഭകളുടെ അനായാസവും അസാധാരണവുമായ അഭിനയ പാടവവുമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയെ ആകർഷിച്ച പ്രധാന ഘടകം. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന കൃഷാന്ദ് ആർ.കെ.യുടെ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒട്ടുമിക്ക ചിത്രങ്ങളും രണ്ടാമതും കണ്ട് വിലയിരുത്തലുകൾ വിധേയമാക്കിയെന്ന് ജൂറി വ്യക്തമാക്കി. മികച്ച നടനായി കടുത്ത മത്സരമായിരുന്നുവെന്ന് ജൂറി സയ്യിദ് മിർസ പറഞ്ഞു.

ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ട് ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിച്ചുവെന്നതാണ് ആവാസ വ്യൂഹത്തെ മികച്ച ചിത്രമായി തെരഞ്ഞെടുത്തിനു പിന്നിലെ കാരണമെന്ന് ജൂറി വിശദീകരിക്കുന്നു. ചിത്രം നർമ്മരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവമാണിതെന്നും ജൂറി വ്യക്തമാക്കി.

മികച്ച തിരക്കഥാകൃത്തായി കൃഷാന്ദിനെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പരിഷ്‌കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അസംബന്ധങ്ങളും ക്രൂരതകളും നർമത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ടൊരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാ മികവിനാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു.

വർഷങ്ങൾക്കിപ്പുറം 'ഭൂതകാല'ത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാര നേട്ടത്തിന്റെ നെറുകയിലാണ് രേവതി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ- ത്രില്ലറിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന അമ്മയുടെ വേഷം രേവതി അതിഗംഭീരമാക്കി. ഷൈൻ നിഗമായിരുന്നു ചിത്രത്തിൽ രേവതിയ്ക്കൊപ്പം വേഷമിട്ടത്. ശക്തമായ കഥാപാത്രങ്ങൾ ചെയ്തുവെങ്കിലും കേരളത്തിൽനിന്ന് ഒരു പുരസ്‌കാരം രേവതിയെ തേടിയെത്തിയിരുന്നില്ല.

എന്നാൽ മികച്ച സംവിധായകനായി ദിലീഷ് പോത്തനെയാണ് ജൂറി തെരഞ്ഞെടുത്തിരിക്കുന്നത് (ചിത്രം-ജോജി). ഹിംസാത്മകമായ ആണധികാര വ്യവസ്ഥ നിലവിലിരിക്കുന്ന കുടുംബാന്തരീക്ഷത്തിലെ മനുഷ്യജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശിൽപ്പഭദ്രമായ പ്രയോഗത്തിനാണ് അവാർഡ്.

മികച്ച നടന്മാരായി ജൂറി തെരഞ്ഞെടുത്തത് ബിജു മോനോനെയും ജോജു ജോർജിനെയുമാണ്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയ മികവാണ് ബിജു മോനോനെ അവാർഡിന് അർഹനാക്കിയത്. പ്രായമേറിയ മനുഷ്യന്റെ ശരീരഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും ലളിതമായി ആവിഷ്‌കരിച്ച അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. നായാട്ടിലൂടെ മികച്ച നടനുള്ള അവാർഡ് നേടിയ ജോജുവിന്റെ അഭിനയ മികവ് എടുത്തുപറയേണ്ടതു തന്നെയാണ്.

വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദലിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമ്മിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവമാണ് ജോജുവിനെ മികച്ച നടനാക്കിയത്.

രണ്ട് തവണ മാത്രമാണ് ബിജു മേനോൻ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടികയിൽ വന്നിട്ടുള്ളൂ. 1997-ലും 2020-ലും. രണ്ടും രണ്ടാമത്തെ നടനുള്ള അവാർഡ്. ആദ്യത്തേത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രവും രണ്ടാമത്തേത് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബിയും. ചെയ്യുന്ന ജോലിക്കുള്ള അംഗീകരമാണ് ലഭിച്ചതെന്നായിരുന്നു ബിജു മേനോന്റെ ആദ്യ പ്രതികരണം.

TAGS :

Next Story