Quantcast

'എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്കു നന്ദി': മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസി പരസ്യ ചിത്രം പുറത്ത്

അഭിനയിക്കാൻ അവസരം തേടി മോഹൻലാൽ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെ ഓർത്തെടുത്തുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്

MediaOne Logo
എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്കു നന്ദി: മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസി പരസ്യ ചിത്രം പുറത്ത്
X

തിരുവന്തപുരം: മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഒരു സിനിമ കാത്തുനിന്ന ആരാധകരുടെ മുന്നിലേക്ക് ഒരു കൊച്ചു പരസ്യ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി. മോഹൻലാലിനെ വച്ച് പ്രിയദർശൻ സംവിധാനം ചെയ്ത കെഎസ്ആർടിസിയുടെ പരസ്യ ചിത്രം ഇന്ന് പുറത്തിറങ്ങി.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം തേടി മോഹൻലാൽ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെ ഓർത്തെടുത്തുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.

‘‘തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസി ബസിൽ അന്ന് വലതുകാല്‍ വച്ചു കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, ആ യാത്ര എന്റെ ജീവിതം മാറ്റി മറിക്കുമെന്ന്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന്’ സിനിമയിൽ അഭിനയിക്കാനുളള അവസരം തേടിയുള്ള യാത്രയായിരുന്നു അത്‘‘ മോഹൻലാൽ ഓർത്തെടുക്കുന്നു.

‘‘യാത്രകളുടെ വിരസത മാറ്റാൻ, കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക, അവരുടെ മനസിനുള്ളിൽ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക, എന്നൊരു സ്വഭാവം അന്നും എനിക്ക് ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം ഞാനറിയാതെ പഠിച്ച അഭിനയ കലയിലെ ആദ്യ പാഠം.

ആലപ്പുഴ ബസ് ഡിപ്പോയിൽ ഇറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ആ ആന വണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസ പറയുന്നതുപോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞു ഞാൻ മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ. പോയ ഞാനല്ലായിരുന്നു തിരിച്ചു വന്നത്.

പിന്നീടുള്ള മോഹൻലാലിന്റെ ജീവിതം എന്നേക്കാൾ നിങ്ങൾക്കറിയാം. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്കു നന്ദി.. ഇതുപോലുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നുമുണ്ടാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു.’’–മോഹന്‍ലാൽ ഹൃദയപൂർവ്വം ഓർക്കുന്നു.

കെഎസ്ആർടിസി ബസ്സുകളിലെ യാത്രാനുഭവം പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് പരസ്യചിത്രത്തിന്റെ ലക്ഷ്യം. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആദ്യപകുതിയിൽ തന്നെ പൂർത്തിയായിരുന്നു. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാണ് നടൻ മോഹൻലാൽ. ചിത്രീകരണ വേളയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

TAGS :

Next Story