Quantcast

കാവ്യാ മാധവന്‍ എന്‍റെ ഭാര്യയാണെന്നാണ് പലരും കരുതിയിരുന്നത്: നടന്‍ മാധവന്‍

ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കേരളത്തിലെത്തിയപ്പോള്‍ മാഡ്ഡി പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 Jun 2022 6:56 AM GMT

കാവ്യാ മാധവന്‍ എന്‍റെ ഭാര്യയാണെന്നാണ് പലരും കരുതിയിരുന്നത്: നടന്‍ മാധവന്‍
X

കൊച്ചി: റോക്കട്രി ദി നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ സംവിധായകന്‍റെ മേലങ്കി അണിഞ്ഞിരിക്കുകയാണ് നടന്‍ ആര്‍.മാധവന്‍. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവനാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കേരളത്തിലെത്തിയപ്പോള്‍ മാഡ്ഡി പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മാധവന്‍റെ ആദ്യചിത്രമായ അലൈപായുതേയുടെ കുറച്ചു ഭാഗങ്ങള്‍ കേരളത്തിലാണ് ചിത്രീകരിച്ചത്. ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മലയാളികളുടെ സ്നേഹത്തെക്കുറിച്ച് വാചാലനായി. '' കേരളത്തില്‍ നിന്നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അന്ന് മുതല്‍ താനൊരു മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. മാധവന്‍ എന്ന പേരു കാരണം കാവ്യ മാധവന്‍ എന്‍റെ ഭാര്യയാണെന്നാണ് പലരും കരുതിയിരുന്നത്. കേരളത്തിലെത്തുമ്പോള്‍ മാത്രമല്ല, എവിടെപ്പോയാലും മലയാളികള്‍ അവരുടെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ദുബൈയില്‍ ചെന്നാലും മാധവന്‍ ചേട്ടാ, മാഡ്ഡി ചേട്ടാ എന്നു വിളിച്ച് അടുത്തുവരും. മലയാളികളുടെ സ്നേഹം ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്'' മാധവന്‍ പറഞ്ഞു.

രാജ്യത്തിന് സ്വപ്നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നമ്പി നാരായണന്‍റെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. തന്റെ നിരപരാധിത്വം നമ്പി നാരായണന്‍ തെളിയിക്കുകയും ചെയ്തതാണ്. മലയാളികള്‍ എന്നും തനിക്ക് നല്‍കിയ സ്‌നേഹം വലുതാണെന്നും തന്‍റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നും ഇപ്പോള്‍ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാന്നിധ്യം ഉണ്ടെന്നും മാധവന്‍ പറഞ്ഞു.

ജൂലൈ 1നാണ് റോക്കട്രി തിയറ്ററുകളിലെത്തുക. സിമ്രാനാണ് ചിത്രത്തില്‍ മാധവന്‍റെ ഭാര്യയായി എത്തുന്നത്. രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഘോഷാല്‍, ദിനേഷ് പ്രഭാകര്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാനും സൂര്യയും യഥാക്രമം ഹിന്ദി-ഇംഗ്ലീഷ്, തമിഴ് പതിപ്പുകളില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇംഗ്ലീഷ്,തമിഴ്,തെലുങ്ക്,മലയാളം,കന്നഡ,ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.



TAGS :

Next Story