Quantcast

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കൂട്ടിക്കലിനെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

തന്‍റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍ര്‍നാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 Oct 2021 8:11 AM GMT

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കൂട്ടിക്കലിനെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി
X

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കോട്ടയത്തെ കൂട്ടിക്കലിന് താങ്ങായി മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി. തന്‍റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍ര്‍നാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നത്.

മമ്മൂട്ടി അയച്ച രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സംഘവും കെയർ ആൻഡ് ഷെയർ ദുരിതാശ്വാസസംഘവും കൂട്ടിക്കലില്‍ എത്തിയിട്ടുണ്ട്. കൂട്ടിക്കലും പരിസരപ്രദേശങ്ങളിലും ഉണ്ടായ സമാനതകൾ ഇല്ലാത്ത ദുരന്തം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അടിയന്തരമായി അവിടെ പോകാനും നമ്മുടെ സഹജീവികൾക്ക് ആവശ്യമുള്ള സഹായം ഉടനടി എത്തിക്കാനും മമ്മൂട്ടി സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കൂട്ടിക്കലിൽ ക്യാമ്പ് ചെയ്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയാണ്.



കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തിൽ 150 പുതിയ ജല സംഭരണികൾ കോയമ്പത്തൂരിൽ നിന്നും കോട്ടയത്ത് എത്തിച്ചിട്ടുണ്ട്. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിൽ അധികം തുണികിറ്റുകൾ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. കൂടാതെ കാനഡയിലെ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റര്‍നാഷണൽ പ്രവർത്തകർ 50 ജലസംഭരണികൾ സംഭാവന ചെയ്തിട്ടുണ്ട്.

TAGS :

Next Story