Quantcast

സിനിമ തീരും മുന്‍പ് റിവ്യു എഴുതുന്നവരുണ്ട്, ചിലര്‍ എന്ത് ഫേസ്ബുക്ക് പോസ്റ്റിടാം എന്ന ചിന്തയോടെ സിനിമ കാണുന്നു: മഞ്ജു വാര്യര്‍

'സിനിമ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ പോകണം'

MediaOne Logo

Web Desk

  • Updated:

    2022-05-13 13:13:11.0

Published:

13 May 2022 1:09 PM GMT

സിനിമ തീരും മുന്‍പ് റിവ്യു എഴുതുന്നവരുണ്ട്, ചിലര്‍ എന്ത് ഫേസ്ബുക്ക് പോസ്റ്റിടാം എന്ന ചിന്തയോടെ സിനിമ കാണുന്നു: മഞ്ജു വാര്യര്‍
X

കൊച്ചി: നിഷ്കളങ്കമായി സിനിമ ആസ്വദിക്കാനുള്ള മനസ്സ് പ്രേക്ഷകര്‍ക്ക് കുറഞ്ഞു തുടങ്ങിയെന്ന് നടി മഞ്ജു വാര്യര്‍. എന്ത് ഫേസ്ബുക്ക് പോസ്റ്റ് എഴുതാം എന്ന ചിന്തയോടെ സിനിമ കാണുന്ന ഒരുപാട് പേരുണ്ട്. സിനിമ തീരുന്നതിന് മുമ്പ് തന്നെ ചിലര്‍ റിവ്യുവും എഴുതാറുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

സിനിമ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ പോകണം. കുറ്റം കണ്ടുപിടിക്കാന്‍ വേണ്ടി മാത്രമായി സിനിമ കാണരുതെന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

"മേരി ആവാസ് സുനോ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ പോകണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്‍റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായിരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിഷ്‌കളങ്കമായി ഒരു സിനിമയെ ആസ്വദിക്കാനുള്ള മനസ്സ് ഇപ്പോഴുള്ള പ്രേക്ഷകര്‍ക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട് അല്ലെങ്കില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്ത് ഫേസ്ബുക്ക് പോസ്റ്റ് എഴുതാം എന്ന ചിന്തയോട് കൂടി സിനിമ കാണുന്ന ഒരുപാട് പേരുണ്ട്. സിനിമ തീരുന്നതിന് മുമ്പ് തന്നെ റിവ്യുവും ചിലര്‍ എഴുതാറുണ്ട്"- മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച 'മേരി ആവാസ് സുനോ' എന്ന ചിത്രം തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും പ്രജേഷ് സെന്നാണ്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. റേഡിയോ ജോക്കിയായ കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്പീച്ച് തെറാപിസ്റ്റിന്‍റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ തുടങ്ങിയവരും സിനിമയിലുണ്ട്.

ബി. രാകേഷാണ് മേരി ആവാസ് സുനോ നിര്‍മിച്ചത്. സംഗീതം എം. ജയചന്ദ്രന്‍. ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റിങ് ബിജിത് ബാല.

തന്‍റെ ജാക്ക് ആന്‍റ് ജില്‍ എന്ന സിനിമ മൂന്നു വര്‍ഷം മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണെന്ന് മഞ്ജു പറഞ്ഞു. കോവിഡ് കാലത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ നീണ്ടുപോയി. അടുത്തതായി തമിഴ് സിനിമ സംഭവിച്ചേക്കാം. ആലോചനകള്‍ നടക്കുകയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

TAGS :

Next Story