Quantcast

ആരും ഓണക്കോടി വാങ്ങി തരാറില്ല, അച്ഛൻ മരിച്ചതിനു ശേഷം ഓണക്കോടി വാങ്ങി തരുന്നത് രാജുച്ചേട്ടൻ: ഹൃദയം നിറച്ച് മഞ്ജുവിന്‍റെ വാക്കുകള്‍

രാജുവേട്ടനെ ഞാൻ എപ്പോഴാണ് പരിചയപ്പെട്ടത് എന്ന കണക്ക് ഒന്നും എനിക്ക് ഓർമ്മയില്ല

MediaOne Logo

Web Desk

  • Published:

    1 Sep 2023 7:44 AM GMT

Maniyan Pillai Raju
X

മണിയന്‍ പിള്ള രാജു/മഞ്ജു വാര്യര്‍

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിനെക്കുറിച്ച് നടി മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ മരിച്ചതിനു ശേഷം തനിക്ക് ഓണക്കോടി വാങ്ങിത്തരുന്ന ആളാണ് രാജുവെന്നാണ് മഞ്ജു പറയുന്നത്.

"രാജുവേട്ടനെ ഞാൻ എപ്പോഴാണ് പരിചയപ്പെട്ടത് എന്ന കണക്ക് ഒന്നും എനിക്ക് ഓർമ്മയില്ല. അത്രത്തോളം വർഷങ്ങൾ ആയി രാജുവേട്ടനും ആയിട്ടുള്ള സ്നേഹ ബന്ധം തുടങ്ങിയിട്ട്. എല്ലാ കാലത്തും, അതിപ്പോൾ ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ആണെങ്കിലും അല്ലാതെയിരുന്ന സമയത്ത് ആണെങ്കിലും ഇടയ്ക്കിടയ്ക്ക് വിളിക്കുകയും അന്വേഷിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. എനിക്ക് തോന്നിയിട്ടുള്ളത്, രാജുവേട്ടനെ അറിയാവുന്ന എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ് രാജുവേട്ടന് ഭക്ഷണത്തോടുള്ള ഇഷ്ടവും അതിനേക്കാൾ ഉപരി രാജുവേട്ടന്റെ സെൻസ് ഓഫ് ഹ്യൂമറും. യഥാർത്ഥ ജീവിതത്തിൽ രാജുവേട്ടൻ കാണിക്കുന്ന സെൻസ് ഓഫ് ഹ്യൂമറിന്റെ പകുതി പോലും അദ്ദേഹം ചെയ്ത സിനിമകളിലോ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലോ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സംസാരിക്കുമ്പോൾ ഒക്കെ ഒരു വാചകം കഴിഞ്ഞു രണ്ടാമത്തെ വാചകത്തിൽ നമ്മളെ പൊട്ടിചിരിപ്പിച്ചിട്ടേ രാജുവേട്ടൻ അവസാനിപ്പിക്കാറുള്ളു. അത്രയും സെൻസ് ഓഫ് ഹ്യൂമർ ഉള്ള മനുഷ്യനാണ്. പിന്നെ ഞാൻ സ്നേഹത്തോടെ രാജുവേട്ടനെ കുറിച്ച് ഓർക്കുന്ന ഒരു കാര്യം ഉള്ളത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ എനിക്ക് ഓണക്കോടി എത്തിക്കുന്ന ഒരു കുടുംബമാണ് രാജുവേട്ടനും ചേച്ചിയും. എല്ലാവർഷവും ഒരു ചെറിയ കുട്ടിയെപ്പോലെ ഞാൻ അതിനു കാത്തിരിക്കും. എപ്പോഴാണ് ഓണക്കോടി കിട്ടുക എന്ന് പറഞ്ഞു ഞാൻ കാത്തിരിക്കും. പിന്നെ ഞാൻ സ്നേഹത്തോടെ ഓർക്കുന്ന ഒരു കാര്യം ഇപ്പോൾ ഏതെങ്കിലും ഒരു പൊതു സ്ഥലത്തു വച്ച് കണ്ടു മുട്ടുകയാണ് എങ്കിൽ പോലും ഞാൻ ഭക്ഷണം കഴിച്ചോ ഇല്ലയോ എന്നൊക്കെ ഉറപ്പു വരുത്തി മാത്രമേ രാജു ചേട്ടൻ പോകാറുള്ളൂ.

കഴിഞ്ഞ തവണ അമ്മയുടെ മീറ്റിങ്ങിനോ മറ്റോ ആണെന്ന് തോന്നുന്നു, എനിക്ക് മീറ്റിംഗ് കഴിഞ്ഞു ലൊക്കേഷനിൽ എത്തണമായിരുന്നു. ഊണ് കഴിക്കാനുള്ള സമയം എനിക്ക് ഉണ്ടായിരുന്നില്ല. രാജുവേട്ടൻ തിരുവനന്തപുരത്തേക്ക് പോകുമ്പോൾ കഴിക്കാനായി വണ്ടിയിൽ വച്ചിരുന്ന കുറച്ചു ഫ്രൂട്ട് കട്ടുചെയ്തത് വണ്ടിയിൽ ഉണ്ടായിരുന്നു. അത് എന്നെ നിർബന്ധപൂർവം ഏൽപ്പിച്ചു ഷൂട്ടിംഗ് സ്ഥലത്ത് എത്തും മുൻപ് അത് കഴിക്കണം എന്ന് പറഞ്ഞേൽപ്പിച്ചു വിട്ടയാളാണ് രാജുവേട്ടൻ. ആ പാത്രമൊക്കെ ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരുപാട് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ല ഓർമ്മകൾ എനിക്ക് രാജുവേട്ടനുമായിട്ടുണ്ട്. രാജുവേട്ടനും കുടുംബത്തിനും എന്നും നല്ലത് വരണം എന്ന് മാത്രമേ എനിക്ക് പ്രാർത്ഥിക്കാനുള്ളു" - മഞ്ജു പറഞ്ഞു.

അതുപോലെ മഞ്ജുവിനെക്കുറിച്ച് മണിയന്‍പിള്ള രാജുവും പറയുന്നുണ്ട്. "എന്റെ സിനിമയിലെ ഏറ്റവും നല്ല സുഹൃത്ത് മഞ്ജു ആണ്. കാരണം ചിലരെ നമ്മൾ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഭയങ്കരമായി ഇഷ്ടപ്പെടില്ലേ അതുപോലെയാണ് മഞ്ജു. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജുവിന്റെ സിനിമകൾ ഒക്കെ കണ്ട് നിൽക്കുന്ന സമയത്ത് ആറാംതമ്പുരാനിൽ അഭിനയിക്കാൻ മഞ്ജു വരുമ്പോൾ, മഞ്ജു ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ സൈഡിൽ ഒക്കെ പോയി നിന്ന് നോക്കും. മുഖത്ത് മിന്നി മായുന്ന എക്‌സ്‌പ്രെഷന്‍ കാണാന്‍. അതിഗംഭീര ആര്‍ട്ടിസ്റ്റാണ്. ആ ആരാധന ഒരു പ്രണയം പോലെയാണ്. അവരുടെ കഴിവിനെ ബഹുമാനിക്കുന്നതാണ്.

അന്ന് തുടങ്ങിയ സൗഹൃദമാണ്. മഞ്ജു വിളിക്കും, ഞാനും വിളിക്കും മഞ്ജുവിനെ. മഞ്ജു എറണാകുളത്ത് വന്നാൽ വിളിക്കും, ഞങ്ങൾ ഇടയ്ക്ക് വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാനൊക്കെ പുറത്തു പോകും. പുറംരാജ്യങ്ങളിൽ പോയാൽ പോലും വിളിക്കും. ഞാൻ മഞ്ജുവിന്റെ കാര്യത്തിൽ ഒരു കെയറിങ് എപ്പോഴും കൊടുക്കാറുണ്ട്. സാധാരണ എല്ലാ നടിമാരുടേം കൂടെ ടച്ചപ്പ് മേക്കപ്പ് എന്നൊക്കെ പറഞ്ഞു പതിനാറുപേർ ഉണ്ടാകും. മഞ്ജു ഒറ്റയ്ക്കാണ് വരുന്നത്. ഏത് രാജ്യത്ത് ഷൂട്ടിങ്ങിനു പോയാലും കേരളത്തിൽ വന്നാലും മഞ്ജുവിന്റെ കൂടെ ഒരു അസിസ്റ്റന്റും ഇല്ല. വണ്ടിയിൽ നിന്നിറങ്ങി സ്വയം പെട്ടി എടുത്തോണ്ട് പോകും, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിലെ പയ്യന്മാർ വന്നു ഹെല്പ് ചെയ്‌താൽ ചെയ്തു. സ്വന്തം വസ്ത്രങ്ങൾ നനയ്ക്കുന്നതും അടുക്കുന്നതും എല്ലാം ഒറ്റയ്ക്കാണ്. അങ്ങിനെ വേറെയാരും ഇല്ല, ഒറ്റയ്ക്ക് സ്ട്രോങ്ങ് ആയിട്ട് ഇങ്ങിനെ ജീവിക്കുന്നയാൾ.

ഇപ്പോഴും നല്ല സൗഹൃദമാണ്. ഇടയ്ക്കൊക്കെ ഏതെങ്കിലും പടം വരുമ്പോൾ എന്നെ വിളിക്കും രാജുച്ചേട്ടാ ഇങ്ങിനെയൊരു പടം ഉണ്ട് അഭിനയിക്കാൻ പോകുവാണ്, എല്ലാ അനുഗ്രഹവും വേണം എന്ന് പറയും. അവർ കാണിക്കുന്ന സ്നേഹം കാണുമ്പോൾ കണ്ണ് നിറയും. തിരുവനന്തപുരത്തു വന്നാൽ എന്റെ വീട്ടിൽ വരും, ഞാനും വൈഫും അങ്ങോട്ടും പോകാറുണ്ട്. അവരുടെ കൂടെയുള്ള എല്ലാ നിമിഷവും നല്ല ഓർമ്മകളാണ്. സിനിമയിൽ സൗഹൃദങ്ങൾ സെറ്റിടുന്ന ഒരുപാടുപേരുണ്ട്‌, കാണുമ്പോൾ മാത്രം വളരെ സ്നേഹം കാണിക്കുന്നവർ അത് സെറ്റാണ്‌ എന്ന് അപ്പോൾ തന്നെ മനസിലാവും. മഞ്ജു നല്ല ജനുവിനായിട്ട് സ്നേഹിക്കുന്ന ആളാണ്. മഞ്ജുവിന്റെ ടാലന്റ് ഭയങ്കര പ്രശംസനീയമാണ്.

മഞ്ജു എന്‍റെ പാവാട എന്ന സിനിമയിൽ അഭിനയിച്ചു. തമിഴ്‌നാട്ടിലെ ഏതോ ലൊക്കേഷനിൽ നിന്നും രാത്രി വണ്ടിയോടിച്ചാണ് മഞ്ജു പാവാടയുടെ ലൊക്കേഷനിൽ എത്തിയത്. രാവിലെ ആറുമണിക്ക് ഇവിടെ ഷൂട്ടിങ് കഴിഞ്ഞു നേരെ വീണ്ടും തമിഴ്‌നാട്ടിലേക്ക് പോയി. ആ സിനിമയിൽ അഭിനയിച്ചതിന് ഞാൻ പൈസ കൊടുത്തിട്ട് എന്ത് ചെയ്താലും വാങ്ങില്ല എന്റെ കയ്യിന്നു. ആ വര്ഷം ഞാൻ ഓണത്തിന് ഡ്രസ്സ് എടുത്തുകൊണ്ട് കൊടുത്തപ്പോൾ കണ്ണൊക്കെ നിറഞ്ഞു എന്നിട്ട് എനിക്ക് ആരും ഓണക്കോടി വാങ്ങി തരാറില്ല എന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞു പോയി. അന്ന് തുടങ്ങിയതാണ് ഞാൻ, ഇപ്പോൾ ഏഴെട്ടു വർഷമായിട്ട് എല്ലാ ഓണത്തിനും ഞാൻ ഓണക്കോടി വാങ്ങി കൊടുക്കും.

മഞ്ജു എവിടെ ആണെങ്കിലും ഞാൻ കൊറിയർ അയച്ചു കൊടുക്കും ഓണക്കോടി. എന്നിട്ട് ഈ ഡ്രസ്സ് ഇട്ടിട്ട് ഒരു സ്റ്റിൽ ഒക്കെ എടുത്ത് അയച്ചു തരും എനിക്ക്. ഇപ്പോൾ ബെൽജിയം എന്ന സ്ഥലത്ത് ചാക്കോച്ചന്റെം പിഷാരടിയുടെയും കൂടെ എന്തോ പ്രോഗ്രാമിന് പോയതായിരുന്നു. പിഷാരടി ഒക്കെ എനിക്ക് ഒരു വീഡിയോ അയച്ചു തന്നു, രാജുച്ചേട്ടൻ എടുത്തു തന്ന ഡ്രസ്സ് ആണ് എന്ന് പറഞ്ഞ് ആ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് ഫാഷൻ ഷോയിലെ പോലെ നടക്കുന്നത് ഒക്കെ. അത്ര നല്ലൊരു സുഹൃത്താണ് മഞ്ജു" - മണിയൻ പിള്ള രാജു പറയുന്നു.

TAGS :

Next Story