Quantcast

'ന്നാ താൻ കേസ് കൊട്...ലാൽ സലാം'; കുഞ്ചോക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിയാസ്

രസകരമായ കമന്‍റുമായി ലിന്റോ ജോസഫ്, സച്ചിൻ ദേവ് അടക്കമുള്ള എംഎൽഎമാരും ആരാധകരും എത്തി

MediaOne Logo

Web Desk

  • Updated:

    2022-08-30 13:45:56.0

Published:

30 Aug 2022 1:30 PM GMT

ന്നാ താൻ കേസ് കൊട്...ലാൽ സലാം; കുഞ്ചോക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിയാസ്
X

തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ.'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് റിയാസ് കുഞ്ചാക്കോബോബനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രം അടിക്കുറിപ്പില്ലാതെയാണ് മന്ത്രി പങ്കുവെച്ചത്. എന്നാൽ നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായി. നിരവധി രസകരമായ കമന്റുകളും ചിത്രത്തിന് കീഴെയെത്തി. ലിന്റോ ജോസഫ്, സച്ചിൻ ദേവ് അടക്കമുള്ള എംഎൽഎമാരും സംസ്ഥാന നേതാക്കളുമടക്കം ലൈക്കും കമന്റുമായി എത്തി. 'ന്നാ താൻ കേസ് കൊട്. ലാൽ സലാം' എന്നാണ് ലിന്റോ ജോസഫ് കമന്റ് ചെയ്തത്.

'റോഡിൽ കുഴിയുണ്ടെന്ന് രാജീവൻ: 'ന്നാ താൻ കേസ് കൊടെന്ന്' മന്ത്രി' എന്നായിരുന്നു ഒരു കമന്റ്. 'ബോബനെ കണ്ടപ്പോൾ ലെ റിയാസ് : തിരിച്ചു പോകുമ്പോൾ സൂക്ഷിക്കണം കുഴിയുണ്ട്' , 'ഇതുകൊണ്ടൊന്നും റോഡിലെ കുഴി ഇല്ലാതാകുന്നില്ല', 'കുഴി കൊണ്ട് വലഞ്ഞവനും കുഴി കൊണ്ട് രക്ഷപെട്ടോനും', 'ആ കേസ് ഒത്തു തീർപ്പാക്കി', 'റോഡിൽ കുഴിയുണ്ട് സൂക്ഷിക്കണം ബോബെട്ടാ' തുടങ്ങി കമന്റുകളുടെ പൂരം തന്നെയാണ് ഫോട്ടോയ്ക്ക് കീഴിൽ.

'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകത്തിനെ ചൊല്ലി ഏറെ വിവാദമാണ് നടന്നത്. സിനിമ റിലീസാകുന്ന ദിവസമാണ് പത്രങ്ങളിൽ ഇത്തരത്തിലൊരു പരസ്യം വന്നത്. ഇതിനെതിരെ ഇടത് അനുകൂലികൾ രംഗത്തെത്തുകയും ചെയ്തു.

എന്നാൽ അന്ന് തന്നെ നിലപാട് വ്യക്തമാക്കി റിയാസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ മാത്രം കണ്ടാൽ മതിയെന്നായിരുന്നു റിയാസ് ചൂണ്ടിക്കാട്ടിയത്. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്‌നമാണ്. അത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിൽ പല ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളുമെല്ലാം വരും. വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിലും സ്വീകരിക്കുമെന്നും മന്ത്രി റിയാസ് വിവാദ സമയത്ത് പറഞ്ഞിരുന്നു. വിവാദങ്ങൾക്കിടയിലും വമ്പൻ വിജയമായ സിനിമ 50 കോടി ക്ലബിൽ ഇടംപിടിച്ചു.

TAGS :

Next Story