'38 വർഷങ്ങൾക്ക് ശേഷവും...പുതിയൊരു തുടക്കം പോലെ'; മനോഹരമായ ഒത്തുചേരലിന്‍റെ വാര്‍ഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും
1988 ഏപ്രിൽ 28-നായിരുന്നു ഇരുവരുടെയും വിവാഹം

38-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടൻ മോഹൻലാലും സുചിത്രയും. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇത്തവണ പ്രിയതമയ്ക്ക് ആശംസകൾ നേർന്നത്. 1988 ഏപ്രിൽ 28-നായിരുന്നു ഇരുവരുടെയും വിവാഹം.
നിരവധി താരങ്ങളും ആരാധകരുമാണ് ദമ്പതികൾക്ക് ആശംസകൾ നേര്‍ന്നുകൊണ്ട് കമന്‍റ് ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിര്‍മാതാവ് കെ.ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്‍റെ കടുത്ത ആരാധികയായിരുന്ന സുചിത്രക്ക് താരത്തോട് പ്രണയം തോന്നുകയായിരുന്നു. അഭിനയിച്ച സിനിമകൾ കണ്ടും അദ്ദേഹത്തിന് കത്തുകൾ അയച്ചും തുടങ്ങിയ ആ ഇഷ്ടമാണ് പിന്നീട് പ്രണയമായി മാറിയത്.
ഇരുവരുടെയും വിവാഹലോചനകൾ നടന്ന സമയത്ത് ജാതകം ചേരില്ലെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചു. ഇതോടെ വിവാഹം മുടങ്ങിപ്പോകുമെന്ന് എല്ലാവരും കരുതി. എന്നാൽ മറ്റൊരു ജോത്സ്യൻ ജാതകം പരിശോധിക്കുകയും പൊരുത്തമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് വിവാഹത്തിന് വഴിയൊരുങ്ങിയത്.
ലാലിന്‍റെ സിനിമകൾ പോലും അദ്ദേഹത്തിന്‍റെ വിവാഹവും മലയാളി ആഘോഷമാക്കിയിരുന്നു.അന്ന് തിരുവനന്തപുരത്തെ ആ വിവാഹവേദിയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം ഇപ്പോഴും സിനിമാ പ്രേമികളുടെ മനസ്സിലുണ്ട്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. സുചിത്ര തന്‍റെ ഭാഗ്യമാണെന്ന് ലാൽ പലപ്പോഴും പറയാറുണ്ട്.
Adjust Story Font
16

