Quantcast

മോഹന്‍ലാല്‍ രാജസ്ഥാനില്‍, മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം നാളെ; ചിത്രങ്ങള്‍ വൈറല്‍

നാളെയാണ് സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിക്കുക

MediaOne Logo

Web Desk

  • Updated:

    2023-01-17 12:53:23.0

Published:

17 Jan 2023 6:14 PM IST

Mohanlal, Lijo Jose Pellissery, Malaikottai Valiban, മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മലൈക്കോട്ടൈ വാലിബന്‍
X

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിനായി നടന്‍ മോഹന്‍ലാല്‍ രാജസ്ഥാനിലെത്തി. നാളെയാണ് സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിക്കുക. അറുപത് ദിവസത്തെ ചിത്രീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. താരത്തിന്‍റെ ജോദ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ളതും ഫ്ലൈറ്റില്‍ നിന്നുള്ളതുമായ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഗായകന്‍ ഗുരു രന്‍ദാവയാണ് മോഹന്‍ലാലുമൊന്നിച്ചുള്ള ഫ്ലൈറ്റില്‍ നിന്നുള്ള സെല്‍ഫി പങ്കുവെച്ചത്. ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. ജയ്സല്‍മീറില്‍ നിന്നുള്ളതാണ് പുറത്തുവന്ന ചിത്രങ്ങള്‍.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്‍റെ ഭാഗമായത് അടുത്തിടെയാണ്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാൽ യാദവ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തിയേക്കും. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന ചിത്രത്തിന് പ്രശാന്ത് പിള്ള സംഗീതം ചെയ്യും. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

അതിനിടെ മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ കമല്‍ ഹാസനെ കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.

TAGS :

Next Story