Quantcast

'വീട്ടിൽ ഭയങ്കര പ്രശ്‌നം, സോളോ ഇൻറർവ്യൂ നിർത്തി'; ഫേസ്ബുക്ക് ലൈവിൽ ധ്യാൻ ശ്രീനിവാസൻ

ഈയടുത്തായി നടൻ പങ്കെടുത്ത അഭിമുഖങ്ങളെല്ലാം തുറന്നുപറച്ചിലിലൂടെയും തമാശകളിലൂടെയും ഏറെ ശ്രദ്ധേയമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-18 11:48:32.0

Published:

18 Jun 2022 11:20 AM GMT

വീട്ടിൽ ഭയങ്കര പ്രശ്‌നം, സോളോ ഇൻറർവ്യൂ നിർത്തി; ഫേസ്ബുക്ക് ലൈവിൽ ധ്യാൻ ശ്രീനിവാസൻ
X

വീട്ടിൽ ഭയങ്കര പ്രശ്‌നമാണെന്നും തനിച്ച് അഭിമുഖം നൽകുന്നത് നിർത്തിയെന്നും ഈയടുത്തൊന്നും വേറെ സിനിമ ഇറങ്ങാനില്ലെന്നും നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ഈയടുത്തായി നടൻ പങ്കെടുത്ത അഭിമുഖങ്ങളെല്ലാം താരത്തിന്റെ തുറന്നുപറച്ചിലിലൂടെയും തമാശകളിലൂടെയും ഏറെ ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യത്തിൽ ഫേസ്ബുക്ക് ലൈവിലാണ് താരം അഭിമുഖം നിർത്തിയതായി പറഞ്ഞത്. ധ്യാൻ തിരക്കഥ എഴുതിയ 'പ്രകാശൻ പറക്കട്ടെ'യെന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ലൈവ് നടത്തിയത്. സിനിമ തിയറ്ററിലെത്തിയിരിക്കുകയാണ്.

അടുത്തതായി 'ത്രയം' എന്ന സിനിമ പുറത്തിറങ്ങാനുണ്ടെന്നും എന്നാൽ നിരവധി നടീനടമാരുള്ളതിനാൽ ഇൻറർവ്യൂ ഉണ്ടാകുമെന്ന് വിചാരിക്കേണ്ടെന്നും അഭിമുഖങ്ങൾ വീട്ടിൽ ഭയങ്കര പ്രശ്‌നമാണെന്നും താരം തമാശയായി പറഞ്ഞു.

താൻ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നില്ലെന്നും ഇപ്പോൾ 'പ്രകാശൻ പറക്കട്ടെ' ഇറങ്ങുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് വീണ്ടും ലോഗിൻ ചെയ്തതെന്നും ധ്യാൻ പറഞ്ഞു. ജൂൺ 17 ന് ഇറങ്ങിയ 'പ്രകാശൻ പറക്കട്ടെ' സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ വന്നതുകൊണ്ടാണ് ലൈവിൽ വന്നതെന്നും നടൻ പറഞ്ഞു. അടി കപ്പ്യാരേ 2 വരാൻ സാധ്യതയുണ്ടെന്നും അപ്പോൾ തടി കുറക്കണമെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ദിലീഷ് പോത്തനാണ് 'പ്രകാശൻ പറക്കട്ടെ'യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ. സംഭാഷണം എന്നിവ ഒരുക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. ധ്യാൻ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. മാത്യൂ തോമസ്, അജു വർഗീസ്,സൈജു കുറുപ്പ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാൻ ശ്രീനിവാസൻറെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിൻറെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്‌സ് എൻറർടെയിൻമെൻറ്‌സ്, ഫൺടാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്‌മാനാണ് സംഗീതം പകർന്നിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച 'കണ്ണ് കൊണ്ട് നുള്ളി' എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഛായാഗ്രഹണം-ഗുരുപ്രസാദ്. എഡിറ്റിംഗ്-രതിൻ രാധാകൃഷ്ണൻ. സൗണ്ട്-ഷെഫിൻ മായൻ. കലാസംവിധാനം-ഷാജി മുകുന്ദ്. ചമയം-വിപിൻ ഓമശ്ശേരി. വസ്ത്രാലങ്കാരം-സുജിത് സി.എസ്. സ്റ്റിൽസ്-ഷിജിൻ രാജ് പി. പരസ്യകല-മനു ഡാവിഞ്ചി. പ്രൊജക്ട് ഡിസൈനർ-ദിനിൽ ബാബു. നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ. ഡിജിറ്റൽ മാർക്കറ്റിംഗ്-അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ.

Actor and director Dhyan Srinivasan said that he stopped solo interviews

TAGS :

Next Story