'ഇത് ഇപ്പോൾ നിർത്തണം' : ജാതീയ അധിക്ഷേപം നേരിട്ട വന്ദനക്ക് പിന്തുണയുമായി ആയുഷ്മാൻ ഖുറാന
വന്ദന കതാരിയ എന്ന മുന്നേറ്റ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ വിജയം. ഹാട്രിക് ഗോളുമായി തിളങ്ങിയ വന്ദന ടോക്യോയില്‍ ചരിത്രമെഴുതുകയായിരുന്നു.

ജാതീയ അധിക്ഷേപം നേരിട്ട ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കതാരിയക്ക് പിന്തുണയുമായി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പിന്തുണ അറിയിച്ചത്. രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഇത് ഇപ്പോൾ തന്നെ അവസാനിപ്പിക്കണം- ആയുഷ്മാന്‍ കുറിക്കുന്നു. പിന്തുണക്കുന്നു എന്ന ഹാഷ്ടാഗും താരം ചേർത്തിട്ടുണ്ട്.
ഇന്ത്യയിലെ ജാതീയത തുറന്നുകാട്ടുന്ന ആർട്ടിക്കിൾ 15 എന്ന ചിത്രത്തിൽ നായകനായിരുന്നു ആയുഷ്മാൻ ഖുറാന. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ചിത്രം രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. ഇത് ആദ്യമായാണ് ബോളിവുഡിലെ ഒരു മുൻനിര നടൻ വന്ദന കതാരിയക്ക് മേലുള്ള ജാതീയ അധിക്ഷേപത്തിൽ പ്രതികരിക്കുന്നത്.
ഹരിദ്വാറിലെ റോഷ്‌നബാദ് ഗ്രാമത്തിലുള്ള വന്ദന കതാരിയയുടെ വീടിന് നേരെയാണ് അധിക്ഷേപം നടന്നത്. അര്‍ജന്റീനയുമായുള്ള മത്സരം കഴിഞ്ഞയുടനെ ബൈക്കിലെത്തിയ സംഘം പടക്കം പൊട്ടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി വന്ദനയുടെ കുടുംബം തന്നെയാണ് വെളിപ്പെടുത്തിയത്. ദലിത് കളിക്കാരെ ടീമിലുള്‍പ്പെടുത്തിയതിനാലാണ് ഇന്ത്യ തോറ്റതെന്ന് സംഘം പറഞ്ഞതായും മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വന്ദനയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. തോല്‍വിയില്‍ നിരാശയുണ്ടെന്നും എന്നാല്‍ ടീം നന്നായി പൊരുതിയതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു വന്ദനയുടെ സഹോദരന്‍ ശേഖര്‍ ടൈംസ്ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
വന്ദന കതാരിയ എന്ന മുന്നേറ്റ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ വിജയം. ഹാട്രിക് ഗോളുമായി തിളങ്ങിയ വന്ദന ടോക്യോയില്‍ ചരിത്രമെഴുതുകയായിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഹാട്രിക് നേടുന്നത്. ഇന്ത്യയ്ക്കായി നാലാം മിനിറ്റില്‍ തന്നെ അക്കൗണ്ട് തുറന്ന താരം 17-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി. മത്സരം 3-3ന് സമനിലയില്‍ നില്‍ക്കെ 49-ാം മിനിറ്റില്‍ വന്ദനയാണ് പെനാല്‍റ്റി കോര്‍ണറില്‍ നിന്നും വിജയഗോളും കണ്ടെത്തിയത്.
Adjust Story Font
16

