Quantcast

IFFK 2026: രാവിലെ ഏഴ് മണിക്ക് ആദ്യ ഷോ, രാത്രി വൈകിയും പ്രദര്‍ശനങ്ങള്‍, ടാഗോര്‍ തീയറ്ററില്‍ 24 മണിക്കൂറും പ്രദര്‍ശനം

മേളയുടെ സ്വാഗതസംഘം രൂപീകരണയോഗം നടന്നു

MediaOne Logo

Web Desk

  • Updated:

    2026-11-01 01:08:48

Published:

31 Oct 2026 8:42 PM IST

iffk organisational committee meeting
X

തിരുവനന്തപുരം: എല്ലാവര്‍ക്കും സൗകര്യമായി സിനിമ കാണാന്‍ കഴിയുന്ന മേളയാകും തിരുവനന്തപുരത്ത് നടക്കുന്ന 31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ഇത്തവണത്തെ മേളയില്‍ രാവിലെ ഏഴ് മണിക്ക് ആദ്യ ഷോ ഒരുക്കും. രാത്രി വൈകിയും പ്രദര്‍ശനങ്ങള്‍ ഒരുക്കി തിരക്ക് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കും. ടാഗോര്‍ തിയറ്ററില്‍ 24 മണിക്കൂറും പ്രദര്‍ശനം ഉണ്ടാകുമെന്നും മേളയുടെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് ഇത്തവണ മേള.

ഉള്ളടക്കം കൊണ്ടും സംഘാടനം കൊണ്ടും ജനകീയത കൊണ്ടും വ്യത്യസ്തമാണ് എന്നും ഐഎഫ്എഫ്‌കെയെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണക്കാരായ സിനിമാ ആസ്വാദകരും എത്തുന്നു എന്നതാണ് മേളയുടെ പ്രത്യേകത. മേളയുടെ ഈ ജനകീയത നിലനിര്‍ത്തും. ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ തുടരും.

മേളയിലെത്തുന്ന വിദേശികളെ ടൂറിസം വകുപ്പ് മുന്‍കൈ എടുത്ത് കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൊണ്ടുപോകാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മാനവീയം വീഥിയിലെ സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം കനകക്കുന്നില്‍ ആറ് ദിവസങ്ങളില്‍ അനുഷ്ഠാനകലകളുടെ അവതരണം ഉണ്ടാകും. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്നാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള എല്ലാ അക്കാദമികളും ഇത്തവണ മേളയുമായി സഹകരിച്ച് പരിപാടികള്‍ ഒരുക്കുന്നുണ്ട്.

തിരുവനന്തപുരം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ എംഎല്‍എമാരായ എന്‍. ശക്തന്‍, എം. വിന്‍സെന്റ്, വി. മുരളീധരന്‍, സുധീര്‍ഷാ പാലോട്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഇമ്പശേഖര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക നായര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം. രഞ്ജിത്ത്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. പ്രകാശ് മൂര്‍ത്തി എന്നിവരും ജനപ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരും അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചലച്ചിത്ര സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

TAGS :

Next Story