Quantcast

ദൃശ്യം-3 ഹിന്ദിയില്‍ ആദ്യം തുടങ്ങാന്‍ ശ്രമങ്ങളുണ്ടായി; നിയമപരമായി മുന്നറിയിപ്പ് നല്‍കിയതോടെ അവര്‍ പിന്മാറി : ജീത്തു ജോസഫ്

ദൃശ്യത്തിന്റെ മൂന്നാംഭാഗത്തിന് സാധ്യത നോക്കുന്നുണ്ടോയെന്ന് ലാലേട്ടന്‍ ചോദിച്ചു

MediaOne Logo

Web Desk

  • Published:

    21 July 2025 2:04 PM IST

ദൃശ്യം-3 ഹിന്ദിയില്‍ ആദ്യം തുടങ്ങാന്‍ ശ്രമങ്ങളുണ്ടായി; നിയമപരമായി മുന്നറിയിപ്പ് നല്‍കിയതോടെ അവര്‍ പിന്മാറി : ജീത്തു ജോസഫ്
X

കൊച്ചി: മലയാളികളെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ എക്കാലത്തെയും മികച്ച ചിത്രം കൂടിയാണ് ദൃശ്യം. പിന്നീട് ലോക സിനിമാപ്രേമികള്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു.ഹിന്ദിയില്‍ ചിത്രത്തില്‍ മോഹന്‍ ലാലിന്റെ കഥാപാത്രത്തിലെത്തിയത് അജയ് ദേവ്ഗണായിരുന്നു.

തിരക്കഥയുടെയും അഭിനയ മികവിന്റെയും മികവുകൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ പകുതിയോടെ തുടങ്ങുമെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയത്. മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമയുടെ ചിത്രീകരണം മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ തുടങ്ങണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെന്നും എന്നാല്‍ അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഹിന്ദിയില്‍ തുടങ്ങാന്‍ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നല്‍കിയതോടെ അവര്‍ക്ക് പിന്തിരിയേണ്ടിവന്നുവെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

'സെപ്റ്റംബര്‍ പകുതിയോടെ ദൃശ്യം 3 തുടങ്ങണമെന്നാണ് കരുതുന്നത്. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ചിത്രീകരണം ആരംഭിക്കുന്നതാണ് എന്റെ രീതി. എഴുത്തുജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇന്നു രാവിലേയും ചില ഭാഗങ്ങള്‍ എഴുതി. ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയില്‍ നിന്ന് സിനിമക്കാര്‍ വരുന്നതായുള്ള വാര്‍ത്തകള്‍ ശരിയാണ്. അവരെല്ലാം തിരക്കഥ പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ ചിത്രീകരണം തുടങ്ങണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പക്ഷേ, അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. ആദ്യം ഹിന്ദിയില്‍ തുടങ്ങാന്‍ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നല്‍കിയതോടെ അവര്‍ക്ക് പിന്തിരിയേണ്ടിവന്നു.

ദൃശ്യത്തിന്റെ മൂന്നാംഭാഗം ഇങ്ങനെയാകാമെന്നു സൂചിപ്പിച്ച് ഒരുപാടുപേര്‍ കഥകളെഴുതി, എനിക്ക് മെയിലയച്ചിട്ടുണ്ട്. അതൊന്നും വായിച്ചുനോക്കാതെ ഡിലീറ്റ് ചെയുകയായിരുന്നു. കഥയുമായി ബന്ധപ്പെട്ട എന്റെ ആലോചനകളെ ഒരുവിധത്തിലും അതൊന്നും സ്വാധീനിക്കരുതെന്ന തീരുമാനമായിരുന്നു അതിനുപിന്നില്‍. രണ്ടാംഭാഗം പൂര്‍ത്തിയാക്കിയ സമയത്തുതന്നെ മനസ്സില്‍ തുടര്‍ച്ചയെക്കുറിച്ചുള്ള ചില ചിന്തകളുണ്ടായിരുന്നു.

ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം 2 എന്റെ വീട്ടിലെ ഹോം തിയേറ്ററിലിരുന്നാണ് ലാലേട്ടന്‍ കാണുന്നത്. രണ്ടാംഭാഗം അവസാനിപ്പിച്ച രീതി കണ്ടിട്ടാകണം, ഇതിനൊരു മൂന്നാംഭാഗത്തിന് സാധ്യത നോക്കുന്നുണ്ടോയെന്ന് ലാലേട്ടന്‍ ചോദിച്ചു. മൂന്നാംഭാഗത്തെക്കുറിച്ചൊന്നും അന്ന് പറയാന്‍ അറിയില്ലെങ്കിലും വീണ്ടുമൊരു തുടര്‍ച്ച വരുന്നുണ്ടെങ്കില്‍ കഥ ഇങ്ങനെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുപറഞ്ഞ്, ചില ചിന്തകള്‍ അദ്ദേഹത്തോട് പങ്കുവെച്ചു.

ജോര്‍ജുകുട്ടി ഒരു വരവുകൂടി വരുന്നുണ്ടെങ്കില്‍ അതിന്റെ ക്ലൈമാക്സ് ഇത്തരത്തിലാകുമെന്നാണ് അന്നുഞാന്‍ പറഞ്ഞത്. ലാലേട്ടന് അതിഷ്ടമായി, എഴുതിനോക്കൂ, ശരിയായാല്‍ മുന്നോട്ടുപോകാം എന്നുപറഞ്ഞ് അദ്ദേഹം മടങ്ങി. മനസ്സില്‍ കയറിക്കൂടിയ ആ ചിന്ത മുന്‍നിര്‍ത്തി പിന്നീട് പലപ്പോഴായി ആലോചനകള്‍ നടന്നു. അതെല്ലാം വളര്‍ന്ന് മൂന്നാംഭാഗത്തിലേക്കെത്തുകയായിരുന്നു. ദൃശ്യം 3ന്റെ ക്ലൈമാക്സായിരുന്നു ആദ്യം മനസ്സില്‍ തെളിഞ്ഞത്,' ജീത്തു ജോസഫ് പറഞ്ഞു.

TAGS :

Next Story