Quantcast

നേരിട്ട് ഹാജരായി കങ്കണ: കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നടി

ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനഷ്ടക്കേസിൽ നേരിട്ട് കോടതിയിൽ ഹാജരായി നടി കങ്കണ റണാവത്ത്. ഹാജരായ നടി ജാവേദ് അക്തറിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    20 Sep 2021 3:08 PM GMT

നേരിട്ട് ഹാജരായി കങ്കണ: കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നടി
X

ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനഷ്ടക്കേസിൽ നേരിട്ട് കോടതിയിൽ ഹാജരായി നടി കങ്കണ റണാവത്ത്. ഹാജരായ നടി ജാവേദ് അക്തറിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. ഇത്തവണ നേരിട്ട് ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി കഴിഞ്ഞ തവണ മുന്നറിയിപ്പ് നൽകിയിരുന്നു. സി.ആർ.പി.എഫിന്‍റെ സുരക്ഷാ അകമ്പടിയോടെയായിരുന്നു നടി എത്തിയത്.

ജാവേദ് അക്തര്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കങ്കണ കോടതിയില്‍ പരാതി നല്‍കിയത്. കൂടാതെ അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും നടി കോടതിയെ അറിയിച്ചു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.

2020ലാണ് ജാവേദ് അക്തർ കങ്കണയ്‌ക്കെതിരെ പരാതി നൽകിയത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ കങ്കണ റണൗട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ ഈ വര്‍ഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ കങ്കണ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാവേദ് അക്തറിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ ഹരജി. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന കങ്കണക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബർ 20നുള്ളിൽ ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം. തുടര്‍ന്നാണ് കങ്കണ തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. കേസ് നവംബർ 15ലേക്ക് മാറ്റി.

TAGS :

Next Story