Quantcast

ഉറപ്പിച്ചു; ആഷിഖി 3യിലേക്ക് കാർത്തിക് ആര്യൻ, സംവിധാനം അനുരാഗ് ബസു

ബോളിവുഡിലെ പല പ്രമുഖരും കണ്ണുവെച്ച റോളാണ് കാർത്തികിലേക്ക് എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-05 15:32:51.0

Published:

5 Sept 2022 8:58 PM IST

ഉറപ്പിച്ചു; ആഷിഖി 3യിലേക്ക് കാർത്തിക് ആര്യൻ, സംവിധാനം അനുരാഗ് ബസു
X

മുംബൈ: ബോളിവുഡിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ ആഷിഖി പരമ്പരയിലെ മൂന്നാം ഭാഗത്തിൽ കാർത്തിക് ആര്യൻ നായകൻ. കാർത്തിക് തന്നെയാണ് ആഷിഖി 3 എന്ന പേരിട്ട ചിത്രത്തിൽ ഭാഗമാകുന്നതെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. ബോളിവുഡിലെ പല പ്രമുഖരും കണ്ണുവെച്ച റോളാണ് കാർത്തികിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ സ്വീകാര്യതയും ജനപ്രീതിയും അത്രത്തോളമുണ്ട്. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുക. അതേസമയം ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിട്ടില്ല. 1990ലാണ് ആദ്യ ആഷിഖി പ്രേക്ഷകരിലേക്ക് എത്തുന്നത്. മഹേഷ് ഭട്ടായിരുന്നു സംവിധാനം. ഈ പ്രണയചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തോടൊപ്പം തന്നെ പാട്ടുകളും ഹിറ്റായി. 2013ലാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ആഷിഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആ വർഷത്തെ പണംവാരിപ്പടങ്ങളിൽ ഒന്നാമത് എത്തി.

ചിത്രത്തിലെ പാട്ടുകളും ഹിറ്റോട് ഹിറ്റ്. മോഹിത് സൂരിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്തത്. ബോളിവുഡിന് രണ്ട് താരങ്ങളെയും സമ്മാനിച്ച ചിത്രമായി ആഷിഖി 2. അതുവരെ ഒരു തുടക്കക്കാരൻ എന്ന നിലയിലായിരുന്നു ആദിത്യ റോയ് കപൂറിനെയും ശ്രദ്ധ കപൂറിനെയും അന്നുവരെ കണ്ടിരുന്നത്. ആഷിഖി 2വിന് ശേഷം ഇരുവരുടെയും റേഞ്ച് മാറി. മൂന്നാം ഭാഗത്തിൽ ആലിയ ഭട്ടിനെയും സിദ്ദാർത്ഥ് മൽഹോത്രയേയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രിതം ആണ് മൂന്നാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സംഗീതത്തിന് അത്രത്തോളം പ്രാധാന്യമുണ്ട് ചിത്രത്തില്‍.

അതേസമയം ബോളിവുഡിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് കാർത്തിക് ആര്യൻ. ബൂൽ ബുലയ്യയുടെ രണ്ടാം പാർട്ട് ആണ് കാർത്തികിന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ചിത്രം ബോക്‌സ്ഓഫീസിൽ ചലനം സൃഷ്ടിച്ചു. സിനിമാ നിരൂപകർ മികച്ച അഭിപ്രായം നൽകിയില്ലെങ്കിലം ഈ വർഷം കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളിലൊന്നായി ബൂല്‍ ബുലയ്യ 2. ആമിർഖാനും അക്ഷയ്കുമാറും തിയേറ്ററിൽ തകർന്നടിഞ്ഞപ്പോഴാണ് കാർത്തിക് ആര്യൻ ഹിറ്റ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ അടുത്ത ഭാഗത്തിലും കാർത്തിക് നായക വേഷത്തിലെത്തുന്നത്.



TAGS :

Next Story