Quantcast

'ഭിന്നശേഷി കുട്ടികൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം'; 'കടുവ'യുടെ പിന്നണിക്കാർക്കെതിരെ നോട്ടീസ്

സിനിമയുടെ സംവിധായകൻ ഷാജി കൈലാസ്, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2022-07-09 12:19:42.0

Published:

9 July 2022 10:56 AM GMT

ഭിന്നശേഷി കുട്ടികൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം; കടുവയുടെ പിന്നണിക്കാർക്കെതിരെ നോട്ടീസ്
X

ഭിന്നശേഷിയുള്ള കുട്ടികളെയും മാതാപിതാക്കളെയും അവഹേളിക്കുന്ന സംഭാഷണം ഉൾപ്പെടുത്തിയതിനെ തുടർന്ന് പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയുടെ പിന്നണിക്കാർക്കെതിരെ നോട്ടീസ്. സിനിമയുടെ സംവിധായകൻ ഷാജി കൈലാസ്, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു.

ഭിന്നശേഷി കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന അർത്ഥത്തിലുള്ള ഡയലോഗ് നായക നടനായ പൃഥ്വിരാജ് പറയുന്നതായി ചൂണ്ടിക്കാട്ടി പരിവാർ കേരള എന്ന ഭിന്നശേഷി സംഘടനയുടെ ജനറൽ സെക്രട്ടറി ആർ. വിശ്വനാഥൻ ഭിന്നശേഷി കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭാഷണം തികച്ചും അർഥശൂന്യവും അശാസ്ത്രീയവുമാണെന്നും ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അത്യന്തം അവഹേളിക്കുന്നതുമാണെന്നും സംഭാഷണം 2016 ലെ ഭിന്നശേഷി അവകാശ നിയമo 92 -വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയിൽ പറഞ്ഞു.

വലിയ ഇടവേളക്ക് ശേഷം ഷാജി കൈലാസ് മലയാളത്തിൽ സംവിധാനം ചെയ്ത 'കടുവ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാലായിലെ പ്ലാന്ററായി കടുവാക്കുന്നേൽ കുര്യാച്ചനെന്ന മാസ് ഹീറോ ആയാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് സംവിധായകനായ ഷാജി കൈലാസ് നന്ദി അറിയിച്ചിരുന്നു. കടുവയെ സ്വീകരിച്ചത് മുന്നോട്ടുള്ള യാത്രക്ക് ഊർജമാവുമെന്ന് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.

'നന്ദി....ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി.. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു..!', എന്നാണ് ഷാജി കൈലാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് 'കടുവ'യുടെ നിർമ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്‌സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് രചന ചിത്രത്തിന്റെ നിർവഹിച്ചിരിക്കുന്നത്. ജനാർദ്ദനൻ, അർജുൻ അശോകൻ, രാഹുൽ മാധവ്, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നത്. വിവേക് ഒബ്‌റോയ് ചിത്രത്തിൽ വില്ലനായി അഭിനയിക്കുന്നു. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു.



Notice against the makers of Prithviraj starrer 'Katuva' after inclusion of dialogue derogatory to differently-abled children and parents.

TAGS :

Next Story