Quantcast

യഥാർഥ പിപി അജേഷിനെ തേടി സിനിമയിലെ പിപി അജേഷ്

ജിആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Feb 2025 6:36 PM IST

ponman, basil joseph
X

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ 'പൊൻമാൻ' എന്ന ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടി സൂപ്പർ വിജയമായി മാറിയിരിക്കുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ഈ ചിത്രം ജിആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജിആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഒരു യഥാർഥ സംഭവകഥയെ കൂടെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2004-2007 കാലഘട്ടത്തിൽ കൊല്ലത്തെ ഒരു തീരദേശ പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെട്ട പിപി അജേഷ് എന്ന ജ്വല്ലറിക്കാരനായ ചെറുപ്പക്കാരൻ്റെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ യഥാർഥ ജീവിതത്തിലെ പി പി അജേഷിനെ അന്വേഷിക്കുകയാണ് പൊൻമാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സ്‌ക്രീനിൽ പി പി അജേഷിനെ അവതരിപ്പിച്ച ബേസിൽ ജോസഫാണ് യഥാർഥ അജേഷിനെ അന്വേഷിക്കുന്നത്. തങ്ങൾ അയാളെ തേടുകയാണ് എന്നും നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും ബേസിൽ ജോസഫ് പബ്ലിക് ആയി വെളിപ്പെടുത്തുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.




അന്ന് പറ്റിക്കപ്പെടുമ്പോൾ യഥാർഥ അജേഷിന്‌ നഷ്ടപെട്ട സ്വർണ്ണത്തിന്റെ അന്നത്തെ വില, ബേസിൽ ജോസഫ് അദ്ദേഹത്തിന് നൽകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

"യഥാർഥ അജേഷേ, നീയെവിടെ? ബേസിൽ വിളിക്കുന്നു!

2004 നും 2007 നുമിടയിൽ കൊല്ലത്തെ തീരദേശത്ത് ഒരു വിവാഹത്തിനിടയിൽ പറ്റിക്കപ്പെട്ട ആ ജ്വല്ലറിക്കാരൻ പയ്യൻ, നമ്മുടെ യഥാർഥ അജേഷ് എവിടെ?

അവന്റെ കഥയാണ് 'പൊൻമാന്റെ' പ്രചോദനം.

സഹോദരാ, നിന്നെ സ്ക്രീനിലെ പി പി അജേഷ്, ബേസിൽ ജോസഫ് അന്വേഷിക്കുന്നു. കടന്നു വരൂ..!

എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പിപി അജേഷിനെ അന്വേഷിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്.

TAGS :

Next Story